Quantcast

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പ്രഫുല്‍ പട്ടേലിനെ പുറത്താക്കും: രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രണ്ട് മിനിറ്റിനുള്ളില്‍ പട്ടേലിനെ പുറത്താക്കുമെന്ന് ഞായറാഴ്ച ദാമനില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    29 April 2024 8:32 AM GMT

Rahul Gandhi In Daman
X

ദാമന്‍: കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗർ ഹവേലി, ദാമൻ, ദിയു, ലക്ഷദ്വീപ് എന്നിവയുടെ അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ കെ. പട്ടേലിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രണ്ട് മിനിറ്റിനുള്ളില്‍ പട്ടേലിനെ പുറത്താക്കുമെന്ന് ഞായറാഴ്ച ദാമനില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരനും നരേന്ദ്ര മോദിക്ക് സമാനമായ സ്വേച്ഛാധിപത്യവുമുള്ള പട്ടേലിനെ കോൺഗ്രസ് സർക്കാർ രൂപീകരിച്ച് രണ്ട് മിനിറ്റിനുള്ളിൽ തൽസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്. കോൺഗ്രസ് സ്ഥാനാർഥി കേതൻ പട്ടേലിനെ പിന്തുണച്ചുകൊണ്ടുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പ്രഫുൽ പട്ടേൽ അന്വേഷണം നേരിടുന്നുണ്ടെന്ന് കോൺഗ്രസ് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടേലിന്‍റെ കെടുകാര്യസ്ഥത കേന്ദ്രഭരണപ്രദേശത്ത് തൊഴില്‍ നഷ്ടത്തിനും ഭയത്തിന്‍റെ വാഴ്ചക്കും വഴിയൊരുക്കിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

“നരേന്ദ്ര മോദി പ്രഫുൽ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായിട്ടല്ല… നിങ്ങളുടെ പ്രദേശത്തെ രാജാവായാണ് നിയമിച്ചിരിക്കുന്നത്.ആളുകളെ ഉപദ്രവിക്കുക, വീടുകൾ പൊളിക്കുക എന്നിങ്ങനെയുള്ള എന്തും ചെയ്യാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഇത് ഇവിടെ നടക്കുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നു, പക്ഷേ ഇത് രാജ്യത്തുടനീളം നടക്കുന്നു.നിങ്ങളുടെ ചരിത്രവും സംസ്‌കാരവും സംരക്ഷിക്കണം..അല്ലാതെ പ്രഫുല്‍ പട്ടേലിനെയല്ല. ഡൽഹിയിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം പ്രഫുൽ പട്ടേലിനെ ഇവിടെ നിന്ന് പുറത്താക്കുകയും അദ്ദേഹത്തിൻ്റെ അഴിമതിക്കെതിരെ കുരുക്ക് മുറുക്കുകയും ചെയ്യും.''

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷായെയും രാഹുല്‍ വിമര്‍ശിച്ചു. ''അമിത് ഷായുടെ മകൻ അതുല്യ വ്യക്തിത്വമാണ്. ഒരിക്കലും ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും സച്ചിന്‍ തെന്‍ഡുല്‍ക്കറിനോട് യോജിക്കുന്ന പദവിയാണ് ഇപ്പോഴും വഹിക്കുന്നത്'' കോണ്‍ഗ്രസ് എം.പി പരിഹസിച്ചു.

ബി.ജെ.പി രാജ്യത്തിൻ്റെ വൈവിധ്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "ഇന്ത്യയ്ക്ക് വ്യത്യസ്ത ഭാഷകളും സംസ്കാരവും ചരിത്രവുമുണ്ട്, അത് നമ്മുടെ രാജ്യത്തിൻ്റെ സവിശേഷതയാണ്. ഇന്ന്, ഇന്ത്യയിൽ യുദ്ധം നടക്കുന്നത് രണ്ട് ആശയങ്ങൾ തമ്മിലാണ്. ഒരാൾ ചരിത്രവും സംസ്‌കാരവും ഭാഷയും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു, മറ്റുള്ളവർ (ബിജെപിയും ആർഎസ്എസും) അതിനെ എതിർക്കുന്നു. 'ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു നേതാവ്' അതാണ് അവരുടെ ലക്ഷ്യം. തൻ്റെ പാർട്ടി 'ഭരണഘടനയെ സംരക്ഷിക്കാൻ' ആഗ്രഹിക്കുന്നുവെന്ന് രാഹുല്‍ അവകാശപ്പെട്ടു. “ഭരണഘടനയാണ് രാജ്യത്തിൻ്റെ അടിസ്ഥാനം.ഞങ്ങൾക്ക് ഭരണഘടന സംരക്ഷിക്കണം. ബിജെപിയും ആർഎസ്എസും ഭരണഘടനയും ജനാധിപത്യവും അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു'' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story