Quantcast

പ്രവാസി വോട്ട്: പ്രവാസി അസോസിയേഷന്റെ ഹരജിയിൽ സുപ്രിംകോടതി നോട്ടീസയച്ചു

കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ് അയച്ചത്

MediaOne Logo
പ്രവാസി വോട്ട്: പ്രവാസി അസോസിയേഷന്റെ ഹരജിയിൽ സുപ്രിംകോടതി നോട്ടീസയച്ചു
X

ഡൽഹി: വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് വിദേശത്ത് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന കേരള പ്രവാസി അസോസിയേഷന്റെ ഹരജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതിയുടെ നോട്ടീസ്. കേരളാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്തും പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തും സമർപ്പിച്ച റിട്ട് ഹരജിയിലാണ് കോടതി നോട്ടീസയച്ചത്.

ജനാധിപത്യ രാജ്യങ്ങൾ അവരുടെ പൗരന്മാർക്കു ഉറപ്പു വരുത്തുന്ന അവകാശങ്ങൾ എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു റിട്ട് ഹരജി സമർപ്പിച്ചത്. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 20 എ വകുപ്പ് പ്രകാരം, വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടവകാശം വിനിയോഗിക്കാൻ പ്രത്യേക വ്യവസ്ഥകൾ നൽകുന്നുണ്ട്. എന്നാൽ, ചട്ടങ്ങളിൽ അനുബന്ധ വ്യവസ്ഥകളില്ലാത്തതിനാൽ നിയമ നിർമാണത്തിന്റെ ലക്ഷ്യം പരാജയപ്പെട്ടുവെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

2010ലെ ജനപ്രാതിനിധ്യ (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പ്രവാസികൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ അവരുടെ മണ്ഡലങ്ങളിൽ നേരിട്ട് ഹാജരാകണം. ഇത് ഭരണഘടനാ അനുഛേദം 14, 19, 21 എന്നിവ പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.

ഹരജി ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.പ്രവാസി വോട്ടുമായി ബന്ധപ്പെട്ട മറ്റ് ഹരജികള്‍ക്കൊപ്പം ഈ ഹരജിയും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

TAGS :

Next Story