Quantcast

'അനാവശ്യ പ്രകടനങ്ങള്‍ വേണ്ട': ലുലു മാള്‍ വിവാദത്തില്‍ കര്‍ശന നടപടിക്ക് യോഗി ആദിത്യനാഥിന്‍റെ നിര്‍ദേശം

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന അനാവശ്യ പ്രതിഷേധങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് യു.പി മുഖ്യമന്ത്രിയുടെ നിര്‍ദേശം

MediaOne Logo

Web Desk

  • Published:

    19 July 2022 11:34 AM GMT

അനാവശ്യ പ്രകടനങ്ങള്‍ വേണ്ട: ലുലു മാള്‍ വിവാദത്തില്‍ കര്‍ശന നടപടിക്ക് യോഗി ആദിത്യനാഥിന്‍റെ നിര്‍ദേശം
X

ലഖ്‌നൗ: ലഖ്‌നൗവിലെ ലുലു മാളിലെ പ്രാര്‍ഥനാ വിവാദത്തില്‍ കര്‍ശന നടപടിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിര്‍ദേശം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന അനാവശ്യ പ്രതിഷേധങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് യു.പി മുഖ്യമന്ത്രിയുടെ നിര്‍ദേശം.

"വ്യാപാരം നടക്കുന്ന ലുലു മാളിനെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റി. ചിലർ അനാവശ്യ പ്രസ്താവനകൾ നടത്തുന്നുണ്ട്. ചിലര്‍ മാൾ സന്ദർശിക്കുന്ന ആളുകളുടെ സഞ്ചാരം തടസ്സപ്പെടുത്തി പ്രതിഷേധം സംഘടിപ്പിക്കുന്നു. ലഖ്‌നൗ ഭരണകൂടം വിഷയം ഗൗരവമായി കാണണം. മാളിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണം. പ്രാർഥനയോ മറ്റ് പരിപാടികളോ സംഘടിപ്പിച്ച് റോഡിൽ ഗതാഗതം തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കരുത്. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഉദ്യോഗസ്ഥർ കർശനമായി നടപ്പാക്കണം"- യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. വ്യവസായി യൂസുഫ് അലിയുടെ ലുലു മാള്‍ ജൂലൈ 10ന് ഉദ്ഘാടനം ചെയ്തത് യോഗി ആദിത്യനാഥാണ്.

ജൂലൈ 12ന് മാളിൽ എട്ട് മുസ്‍ലിം പുരുഷന്മാര്‍ നമസ്‌കരിച്ചു എന്ന ആരോപണത്തോടെയാണ് വിവാദം തുടങ്ങിയത്. എട്ട് പേരില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നമസ്കാരത്തിന്‍റെ വീഡിയോ വൈറലായതോടെ ചില ഹിന്ദു സംഘടനകൾ പരാതി നല്‍കി. മതപരമായ കാര്യങ്ങള്‍ക്ക് പൊതു ഇടം ഉപയോഗിച്ചതിലൂടെ സാമുദായിക സൗഹാർദം തകര്‍ത്തു എന്നായിരുന്നു പരാതി. ചില തീവ്ര ഹിന്ദു സംഘടനകൾ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് ജൂലൈ 15ന് മാളില്‍ പ്രാർഥിക്കാന്‍ ശ്രമിച്ച മൂന്ന് ഹിന്ദു പുരുഷന്മാരെ അറസ്റ്റ് ചെയ്തു. അടുത്ത ദിവസം പ്രാർഥന നടത്താൻ ശ്രമിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും പത്തിലധികം പേര്‍ക്കെതിരെ കേസെടുത്തു. മാളിൽ മതപരമായ പ്രാർഥനകൾ അനുവദിക്കില്ല എന്ന ബോർഡ് മാള്‍ അധികൃതര്‍ സ്ഥാപിച്ചു.

ലുലു മാൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഇത്തരം ആരാധനകൾ ഇവിടെ അനുവദനീയമല്ലെന്നും ജനറൽ മാനേജർ സമീർ വെർമ പറഞ്ഞു. തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ വിദ്വേഷപ്രചാരണം നടക്കുന്നതിനിടെ കൂടുതൽ വിശദീകരണവുമായി ലുലു മാൾ അധികൃതർ രംഗത്ത് വന്നു. മാളിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിൽ മുസ്‌ലിംകൾക്ക് മുൻഗണന നൽകുന്നതായുള്ള പ്രചാരണം മാൾ അധികൃതർ തള്ളി. നിലവിൽ ഇവിടെയുള്ള 80 ശതമാനം ജീവനക്കാരും ഹിന്ദുക്കളാണെന്ന് ലുലു ലഖ്നൗ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

സ്ഥാപനം തീർത്തും പ്രൊഫഷനലായാണ് പ്രവർത്തിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ''ബിസിനസിൽ ഒരു തരത്തിലുമുള്ള വിവേചനവുമില്ല. കഴിവും മെറിറ്റും അടിസ്ഥാനമാക്കിയാണ് ജീവനക്കാരെ എടുക്കുന്നത്. അല്ലാതെ ജാതിയുടെയോ മതത്തിന്റെയോ വർഗത്തിന്റെയോ അടിസ്ഥാനത്തിലല്ല''- വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി.



TAGS :

Next Story