Quantcast

പൊരിവെയിലിൽ ആശുപത്രിയിലേക്കും തിരികെ വീട്ടിലേക്കും ഏഴ് കി.മീ നടന്നു; ആദിവാസിയായ ​ഗർ‍ഭിണിക്ക് സൂര്യാതപമേറ്റ് ദാരുണാന്ത്യം

ഒമ്പത് മാസം​ ​ഗർഭിണിയായ ആദിവാസിയായ യുവതിയാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    15 May 2023 3:01 PM GMT

Pregnant Woman Walks 7 Km To Reach Hospital, Dies Of Heat Stroke
X

പാൽഘർ: വാഹനം കിട്ടാത്തതിനാൽ ആശുപത്രിയിലേക്കും തിരികെ വീട്ടിലേക്കും പൊരിവെയിലത്ത് നടന്നുപോയ 21കാരിയായ ​ഗർഭിണിക്ക് ദാരുണാന്ത്യം. നടക്കുന്നതിനിടെ സൂര്യാതപമേറ്റാണ് ആദിവാസിയായ യുവതി മരിച്ചത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒസാർ വീര ഗ്രാമത്തിലാണ് സംഭവം. സൊണാലി വാഗട്ട് എന്ന യുവതിയാണ് മരണപ്പെട്ടത്.

​ഗ്രാമത്തിൽ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോയി വീട്ടിലേക്ക് മടങ്ങാനാണ് കത്തുന്ന വെയിലിൽ യുവതിക്ക് ഏഴ് കിലോമീറ്റർ നടക്കേണ്ടിവന്നത്. വെള്ളിയാഴ്ച സൊണാലി വാഗട്ട് പൊരിവെയിലിൽ 3.5 കിലോമീറ്റർ നടന്ന് ആദ്യം സമീപത്തെ ഹൈവേയിൽ എത്തി. സുഖമില്ലാത്തതിനാൽ ഓട്ടോറിക്ഷയിൽ തവാ പിഎച്ച്‌സിയിലെത്തി.

ഒമ്പതാം മാസമായ യുവതിയെ പി.എച്ച്.സിയിൽ ചികിത്സ നൽകി വീട്ടിലേക്കയച്ചു. കൊടും വേനൽച്ചൂടിൽ യുവതി വീണ്ടും 3.5 കിലോമീറ്റർ കൂടി ഹൈവേയിൽ നിന്ന് വീട്ടിലേക്ക് നടന്നതായി പാൽഘർ ജില്ലാ സിവിൽ സർജൻ ഡോ.സഞ്ജയ് ബോദാഡെ പറഞ്ഞു.

വൈകുന്നേരത്തോടെ, യുവതിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ധുണ്ടൽവാഡി പിഎച്ച്‌സിയിലേക്ക് എത്തിക്കുകയും അവിടെ നിന്ന് കാസ സബ് ഡിവിഷണൽ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ശരീര താപനില ഉയർന്നതിനാൽ ഇവിടുത്തെ ചികിത്സയ്ക്കു ശേഷം ദഹാനുവിലെ ദുന്ദൽവാഡിയിലുള്ള സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ആംബുലൻസിൽ കയറ്റിയ യുവതി യാത്രാമധ്യേ മരിക്കുകയും ​ഗർഭസ്ഥശിശുവിനേയും നഷ്‌ടപ്പെട്ടതായും ഡോക്ടർ പറഞ്ഞു. ചൂടുള്ള കാലാവസ്ഥയിൽ ഏഴ് കിലോമീറ്റർ നടന്നതിനെ തുടർന്ന് യുവതിയുടെ നില വഷളാവുകയും സൂര്യാഘാതം ഏൽക്കുകയും അത് മരണത്തിന് കാരണമാവുകയും ചെയ്തതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

പിഎച്ച്‌സികളും എസ്ഡിഎച്ചും സന്ദർശിച്ച് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയതായും ഡോ. ബോദാഡെ പറഞ്ഞു. ‌തിങ്കളാഴ്ച രാവിലെ കാസ എസ്‌ഡി‌എച്ച് ആയിരുന്ന പാൽഘർ ജില്ലാ പരിഷത്ത് പ്രസിഡന്റ് പ്രകാശ് നികം, യുവതിക്ക് വിളർച്ചയുണ്ടെന്നും ഒരു ആശാ പ്രവർത്തക അവളെ എസ്‌ഡി‌എച്ചിലേക്ക് കൊണ്ടുവന്നതായും വാർത്താ ഏജൻസിയോട് പറഞ്ഞു. അവിടെയുള്ള ഡോക്ടർമാർ അവളെ പരിശോധിച്ച് മരുന്നുകൾ നൽകി. എന്നാൽ പക്ഷേ വെറുതെയായി- അദ്ദേഹം പറഞ്ഞു.

കാസ എസ്‌ഡിഎച്ചിൽ തീവ്രപരിചരണ വിഭാഗവും അടിയന്തര സാഹചര്യങ്ങളിൽ അത്തരം രോഗികളെ ചികിത്സിക്കാൻ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ ആദിവാസി യുവതിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story