കുറ്റാരോപിതരുടെ ഫിസിക്കൽ, ബയോമെട്രിക് വിവരങ്ങൾ നേടാൻ പൊലീസിന് അധികാരം; ക്രിമിനൽ പ്രൊസീജ്യർ (ഐഡന്റിഫിക്കേഷൻ) ബില്ലിന് രാഷ്ട്രപതിയുടെ അനുമതി
വിവരം നൽകാതിരിക്കുന്നത് 1920 ലെയും 2022ലെയും നിയമപ്രകാരം പൊതു സേവകനെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നതായാണ് പരിഗണിക്കപ്പെടുക

കുറ്റാരോപിതരുടെ ഫിസിക്കൽ, ബയോമെട്രിക് വിവരങ്ങൾ കൈവശം വെക്കാനും ഉപയോഗിക്കാനും പൊലീസിന് അധികാരം നൽകുന്ന ക്രിമിനൽ പ്രൊസീജ്യർ (ഐഡന്റിഫിക്കേഷൻ) ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നൽകി. പൗരസ്വാതന്ത്ര്യത്തിന്റെ തത്വത്തിനും മനുഷ്യാവകാശത്തിനും ഇന്ത്യൻ ഭരണഘടനയുടെ സിദ്ധാന്തങ്ങൾക്കും എതിരാണെന്ന് വിമർശിക്കപ്പെട്ട നിയമത്തിനാണ് അംഗീകാരം നൽകപ്പെട്ടിരിക്കുന്നത്. 1920 ലെ ഐഡൻറിഫിക്കേഷൻ ഓഫ് പ്രിസണേഴ്‌സ് ആക്ടിന് പകരമായാണ് പുതിയ നിയമം വരുന്നത്. 2022 ഏപ്രിൽ നാലിനാണ് ലോകസഭാ ക്രിമിനൽ പ്രൊസീജ്യർ (ഐഡന്റിഫിക്കേഷൻ) ബിൽ പാസാക്കിയിരുന്നത്. ആറിന് രാജ്യസഭയും പാസാക്കി. ഏപ്രിൽ 18 നാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.
ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങൾക്ക് പുറമേ കുറ്റാരോപിതരുടെ അളവുകളും ഫോട്ടോഗ്രാഫുകളും എടുക്കാനും മജിസ്‌ട്രേറ്റിന് ഉത്തരവിടാൻ നിയമം വഴിയൊരുക്കുന്നു. കുറ്റാരോപിതനെ വെറുതെ വിട്ടാൽ എല്ലാ രേഖകളും നശിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു. സെൻട്രൽ ടാറ്റ ബേസിലാണ് വിവരങ്ങൾ ശേഖരിക്കപ്പെടുക. ഏത് തരം വിവരങ്ങൾ ശേഖരിക്കാമെന്നും ആർക്കൊക്കെ ശേഖരിക്കാമെന്നും അതിന് ഏത് അതോറിറ്റി അംഗീകാരം നൽകുമെന്നുമൊക്കെ നിയമം വ്യക്തമാക്കുന്നു.
വിവരം നൽകാതിരിക്കുന്നത് 1920 ലെയും 2022ലെയും നിയമപ്രകാരം പൊതു സേവകനെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നതായാണ് പരിഗണിക്കപ്പെടുക.
രാഷ്ട്രീയ തടവുകാരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ലെന്നും നിയമത്തിൽ ബ്രെയിൻ മാപ്പിങും പോളിഗ്രാഫ് ടെസ്റ്റും ഉൾപ്പെടുത്തില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ പറഞ്ഞിരുന്നു. എന്നാൽ ക്രിമിനൽ കേസിൽ പിടിയിലാകുന്ന രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങൾ ശേഖരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ക്രൂരമാണെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നും നിരവധി പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു. എന്നാൽ പൊലീസിന്റെയും ഫോറൻസിക് ടീമിന്റെയും ശേഷി വർധിപ്പിക്കാനും ശിക്ഷാനിരക്ക് കൂട്ടാനുമാണ് നിയമമെന്നാണ് അമിത് ഷാ അവകാശപ്പെട്ടിരുന്നത്.
Presidential Approval of the Criminal Procedure (Identification) Bill
Adjust Story Font
16

