ദീപാവലി ഓഫർ കൊടുക്കണ്ട; ബിഎസ്എൻഎല്ലിനെതിരെ പരാതിയുമായി സ്വകാര്യ കമ്പനികൾ
ബിഎസ്എൻഎല്ലിന്റെ ഒരു രൂപ പ്ലാനിനെതിരെയാണ് പരാതി

മുബൈ: ബിഎസ്എൻഎല്ലിന്റെ ഒരു രൂപ പ്ലാനിനെതിരെ പരാതിയുമായി സ്വകാര്യ ടെലികോം കമ്പനികൾ. ദീപാവലിയോടനുബന്ധിച്ച് ഒരുരൂപയ്ക്ക് ഒക്ടോബർ 15 മുതൽ നവംബർ 15 വരെ 4ജി റിചാർജ് പ്ലാൻ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് സ്വകാര്യ കമ്പനികൾ പരാതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ബിഎസ്എൻഎൽ ദീപാവലിയോടനുബന്ധിച്ച് വീണ്ടും പ്രഖ്യാപിച്ചത്. സ്വകാര്യ ടെലകോം സേവനദാതാക്കളായ റിലയൻസ് ജിയോ, എയർടെൽ, വിഐ എന്നിവരാണ് പ്രഡേറ്ററി പ്രൈസിങ് പ്രൈസിങ് എന്ന പരാതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. 2016 ൽ ലോഞ്ചിങ്ങിനോടനുബന്ധിച്ച് മാസങ്ങളോളം സൗജന്യ 4ജി സേവനം നൽകിയ ജിയോ ആണ ബിഎസ്എൻഎല്ലിനെതിരെ പരാതിയുമായി ട്രായിയെ സമീപിച്ചിരിക്കുന്നത് എന്ന വൈരുധ്യവുമുണ്ട്. അന്ന് എയർടെല്ലും വിഐയും ജിയോക്കെതിരെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
എന്താണ് ബിഎസ്എൻഎല്ലിന്റെ ഒരു രൂപ പ്ലാൻ
ദീപാവലിയോടനുബന്ധിച്ച് ഒക്‌ടോബർ 15 മുതൽ നവംബർ 15 വരെ വെറും ഒരു രൂപക്ക് 4ജി റീചാർജ് പ്ലാനാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. പുതിയ സിം എടുക്കുന്നവർക്കാണ് ഇത് നൽകുന്നത്. 30 ദിവസത്തേക്ക് പ്രതിദിനം രണ്ട് ജി.ബി ഡേറ്റ, 100 എസ്എംഎസ്, പരിധിയില്ലാതെ കാൾ എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുക. കഴിഞ്ഞ ആഗസ്റ്റിൽ ഒരുരൂപക്ക് സമാനമായ സേവനങ്ങൾ ലഭിക്കുന്ന 'ഫ്രീഡം പ്ലാൻ' അവതരിപ്പിക്കുകയും വിജയകരമെന്ന് കണ്ട് സെപ്റ്റംബർ 15 വരെ ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. ഗസ്റ്റിൽ 1.4 ദശലക്ഷം പുതിയ കണക്ഷനുകളാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്.
Adjust Story Font
16

