ഖാംനഈ വധത്തെ അപലപിച്ച് പ്രിയങ്ക ഗാന്ധി; 'ലോകത്തിന് സമാധാനമാണ് ആവശ്യം, യുദ്ധമല്ല'
ഇറാൻ്റെയോ ആയത്തുല്ല അലി ഖാംനഈയുടെയോ പേര് പരാമര്‍ശിക്കാതെയാണ് പ്രസ്താവന

- Updated:
2026-03-01 09:18:37.0

ന്യൂഡല്‍ഹി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തെ അപലപിച്ച് പ്രിയങ്ക ഗാന്ധി എംപി. എന്തുതന്നെ കാരണം പറഞ്ഞാലും ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രിയങ്ക ഗാന്ധി സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍, ഇറാന്റെയോ ആയത്തുല്ല അലി ഖാംനഈയുടെയോ പേര് പരാമര്‍ശിക്കാതെയാണ് പ്രസ്താവന.
'ജനാധിപത്യ ലോകത്തിന്റെ നേതാക്കളെന്നു വിളിക്കപ്പെടുന്നവര്‍ ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതും നിരപരാധികളായ അനേകം ജനങ്ങളെ കൊന്നൊടുക്കുന്നതും എന്തുതന്നെ കാരണം പറഞ്ഞാലും അങ്ങേയറ്റം അപലപനീയമാണ്. നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുന്നു എന്നത് ദാരുണമാണ്. ലോകത്തിന് സമാധാനമാണ് ആവശ്യം. അനാവശ്യ യുദ്ധങ്ങളല്ല. 'കണ്ണിന് കണ്ണ് എന്ന നയം ലോകത്തെ മുഴുവന്‍ അന്ധരാക്കും' എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. നെതന്യാഹുവിന്റെയും ട്രംപിന്റെയും മുന്നില്‍ തലകുനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘര്‍ഷം ബാധിച്ച രാജ്യങ്ങളില്‍ നിന്നും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു' -പ്രിയങ്ക പോസ്റ്റില്‍ പറഞ്ഞു.
ഇസ്രായേലും യുഎസും ചേര്‍ന്ന് ഇന്നലെ തെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതോടെ യുദ്ധം രൂക്ഷമായിരിക്കുകയാണ്. പരമോന്നത നേതാവിന്റെ മരണത്തില്‍ ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴു ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അലി ഖാംനഈയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഐആര്‍ജിസി പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16
