Quantcast

കര്‍ഷകര്‍ക്ക് നീതി തേടി പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയുടെ റാലി

ലഖിംപൂർഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നീതി ആവശ്യപ്പെട്ടാണ് റാലി.

MediaOne Logo

Web Desk

  • Published:

    10 Oct 2021 1:16 AM GMT

കര്‍ഷകര്‍ക്ക് നീതി തേടി പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയുടെ റാലി
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിൽ പ്രിയങ്ക ഗാന്ധിയുടെ റാലി ഇന്ന്. ലഖിംപൂർഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നീതി ആവശ്യപ്പെട്ടാണ് റാലി. കിസാൻ ന്യായ് റാലിയിൽ ഉത്തർപ്രദേശിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവർ പങ്കെടുക്കും.

ബനാറസിലെ റൊഹാനിയ മൈതാനത്ത് ഉച്ചയ്ക്ക് 1.30നാണ് റാലി ആരംഭിക്കുക. കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിനൊപ്പം വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും റാലിയിലൂടെ കോൺഗ്രസ്‌ ആവശ്യപ്പെടും.

നേരത്തെ ലഖിംപൂര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു. രണ്ടു ദിവസത്തെ കരുതല്‍ തടങ്കലിനു ശേഷമാണ് മോചിപ്പിച്ചതും ലഖിംപൂര്‍ സന്ദര്‍ശത്തിന് അനുമതി നല്‍കിയതും. കര്‍ഷകക്കൊലയില്‍ സുപ്രീംകോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനമുണ്ടായതിനു പിന്നാലെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ചോദ്യംചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ആശിഷ് മിശ്ര റിമാന്‍ഡില്‍

ഇന്നലെ രാവിലെ 10.36ന് തുടങ്ങിയ ചോദ്യചെയ്യലിന്റെ ആന്റി ക്ലൈമാക്സ് സംഭവിച്ചത് രാത്രി 10:45ന്. 12 മണിക്കൂർ ലഖിംപൂര്‍ പൊലീസ് ലൈൻ സാക്ഷ്യം വഹിച്ച നാടകീയ രംഗങ്ങൾക്ക് കൂടിയാണ് സമാപനമായത്. ലഖിംപൂർ കർഷക കൊലപാതക കേസിൽ ആശിഷ് മിശ്ര ചോദ്യംചെയ്യലിൽ സഹകരിക്കുന്നില്ലെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥിരീകരണം. കർഷകരുടെ മുകളിലേക്ക് ഓടിച്ചുകയറ്റിയ വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്ന വാദം ആശിഷ് ചോദ്യംചെയ്യലിലും ആവർത്തിച്ചു. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

ചോദ്യംചെയ്യലിന്‍റെ ആദ്യ അര മണിക്കൂറിൽ മാത്രമാണ് ആശിഷ് മിശ്ര സഹകരിച്ചത്. ഇതിനുശേഷം പൊലീസിന്റെ ചോദ്യങ്ങളിൽ മൗനം പാലിച്ചു. വാഹനങ്ങൾ ഒരുക്കി പൊലീസ് തയ്യാറായെങ്കിലും പുലർച്ചെ 12.20ഓടെ മാത്രമാണ് ആശിഷിനെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം പുറത്തേക്ക് വന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആശിഷിനെ തിങ്കളാഴ്ച്ച വരെ റിമാന്‍റ് ചെയ്തു.

TAGS :

Next Story