Quantcast

ഏഴു മണിക്കൂറിൽ 101 സ്ത്രീകൾക്ക് ഓപറേഷൻ; അന്വേഷണത്തിന് ഉത്തരവിട്ട് ചത്തിസ്ഗഢ് സർക്കാർ

വിദൂര ഗ്രാമങ്ങളിൽ നിന്ന് വന്നതാണെന്ന് പറഞ്ഞ് നിരവധി സ്ത്രീകൾ ഓപറേഷൻ ചെയ്യാൻ നിർബന്ധിക്കുകയായിരുന്നെന്ന് സർജൻ

MediaOne Logo

Web Desk

  • Published:

    4 Sept 2021 6:01 PM IST

ഏഴു മണിക്കൂറിൽ 101 സ്ത്രീകൾക്ക് ഓപറേഷൻ; അന്വേഷണത്തിന് ഉത്തരവിട്ട് ചത്തിസ്ഗഢ് സർക്കാർ
X

റായ്പൂർ: സുർഗുജ ജില്ലയിൽ നടന്ന വന്ധീകരണ ക്യാമ്പിൽ 101 സ്ത്രീകൾക്ക് ഏഴുമണിക്കൂറിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ചത്തിസ്ഗഢ് സർക്കാർ. ആഗസ്ത് 27 ന് ഉച്ചക്ക് 12 മുതൽ രാത്രി ഏഴു മണി വരെയായി മാനിപത്ത് ബ്ലോക്കിലെ നർമദാപൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രാദേശിക പത്രങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർജിക്കൽ സ്‌പെഷ്യലിസ്റ്റ് ഡോ. ജിബ്‌നുസ് എക്കക്കും ബ്ലോക് മെഡിക്കൽ ഓഫിസർ ഡോ. ആർപി സിംഗിനും സുർഗുജ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസർ പിഎസ് സിസോദിയ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യ കുടുംബാസൂത്രണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. അലോക് ശുക്ല പറഞ്ഞു. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ക്യാമ്പിലെ 101 ഓപറേഷനുകളും ഏക ഗവൺമെൻറ് സർജനാണ് ചെയ്തത്. ഇതിന് വിധേയരായ സ്ത്രീകൾക്ക് കുഴപ്പങ്ങളൊന്നുമില്ല. എന്നാൽ സർക്കാർ നിർദേശപ്രകാരം ഒരു ദിവസം ഒരു സർജൻ പരമാവധി 30 ഓപറേഷനുകൾ മാത്രമേ ചെയ്യാൻ പാടുള്ളൂ. ഇത് ലംഘിക്കപ്പെട്ടത് പരിശോധിക്കുമെന്ന് ഡോ. ശുക്ല പറഞ്ഞു.

വിദൂര ഗ്രാമങ്ങളിൽ നിന്ന് വന്നതാണെന്ന് പറഞ്ഞ് നിരവധി സ്ത്രീകൾ ഓപറേഷൻ ചെയ്യാൻ നിർബന്ധിക്കുകയായിരുന്നെന്ന് സർജൻ അവകാശപ്പെട്ടു.

2014 നവംബറിൽ ബിലാസ്പൂരിൽ സർക്കാർ നടത്തിയ വന്ധീകരണ ക്യാമ്പിൽ പങ്കെടുത്ത 83 സ്ത്രീകൾക്ക് അസ്വസ്തതകൾ ഉണ്ടാവുകയും 13 പേർ മരിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.

Next Story