ജാതിവിവേചനം; പുതുച്ചേരി ബി.ജെ.പി മന്ത്രിസഭയിലെ ഏക വനിതാ അംഗം രാജിവച്ചു
ഗൂഢാലോചനയുടെയും പണാധിപത്യത്തിന്‍റെയും രാഷ്ട്രീയമാണ് മന്ത്രിസഭയില്‍ നടക്കുന്നതെന്നും പ്രിയങ്ക ചൊവ്വാഴ്ച പറഞ്ഞു

ചന്ദിര പ്രിയങ്ക
പുതുച്ചേരി; പുതുച്ചേരി ബി.ജെ.പി മന്ത്രിസഭയിലെ ഏക വനിതാ അംഗം രാജിവച്ചു.ജാതിവിവേചനവും ലിംഗവിവേചനവും നേരിട്ടെന്ന് ആരോപിച്ചാണ് മന്ത്രി എസ്. ചന്ദിര പ്രിയങ്ക എഐഎൻആർസി-ബിജെപി മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്. ഗൂഢാലോചനയുടെയും പണാധിപത്യത്തിന്‍റെയും രാഷ്ട്രീയമാണ് മന്ത്രിസഭയില്‍ നടക്കുന്നതെന്നും പ്രിയങ്ക ചൊവ്വാഴ്ച പറഞ്ഞു. എന്നാൽ പ്രിയങ്കയുടെ രാജി തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി എൻ. രംഗസാമി തയ്യാറായില്ല.
സംഭവത്തെക്കുറിച്ച് ആരായാന്‍ ഇന്ന് രംഗസാമിയുടെ ചേംബറില്‍ ഒരു സംഘം മാധ്യമപ്രവർത്തകർ അദ്ദേഹത്തെ സമീപിച്ചപ്പോൾ, "ഞാൻ നിങ്ങളെ ക്ഷണിച്ചിട്ടില്ല" എന്ന് പറഞ്ഞുകൊണ്ട് അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വിസമ്മതിച്ചു. 40 വര്‍ഷത്തിനു ശേഷമാണ് 2021ല്‍ ഒരു വനിത പുതുച്ചേരിയില്‍ മന്ത്രിയാകുന്നത്. എഐഎൻആർസി ടിക്കറ്റില്‍ നെടുങ്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പ്രിയങ്ക നിയമസഭയിലെത്തിയത്. ഗതാഗത വകുപ്പിന്‍റെ ചുമതലയായിരുന്നു പ്രിയങ്കക്കുണ്ടായിരുന്നത്. സെക്രട്ടറി മുഖേന പ്രിയങ്ക മുഖ്യമന്ത്രിയുടെ ഓഫീസിൽ രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ടെന്ന് സിഎംഒ വൃത്തങ്ങൾ അറിയിച്ചു. രാജിക്കത്തിന്‍റെ പകർപ്പ് മാധ്യമങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്.
തന്‍റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾക്കിടയിലുള്ള ജനപ്രീതി മൂലമാണ് താൻ നിയമസഭയിലെത്തിയതെങ്കിലും, ഗൂഢാലോചനയുടെ രാഷ്ട്രീയത്തെ മറികടക്കുന്നത് അത്ര എളുപ്പമല്ലെന്നും പണാധിപത്യത്തിന്റെ വലിയ പ്രേതത്തിനെതിരെ പോരാടാൻ തനിക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞതായും രാജിക്കത്തില്‍ പറയുന്നു. താന്‍ തുടര്‍ച്ചയായി ടാര്‍ഗറ്റ് ചെയ്യപ്പെട്ടുവെന്നും അവര്‍ ആരോപിക്കുന്നു. മന്ത്രിയെന്ന നിലയിൽ താൻ നോക്കുന്ന വകുപ്പുകളിൽ എന്തൊക്കെ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും പരിഷ്‌കാരങ്ങളും വരുത്തിയെന്ന് വ്യക്തമാക്കുന്നതിന് വിശദമായ റിപ്പോർട്ടുമായി ഉടൻ പുറത്തുവരുമെന്ന് ചന്ദിര പ്രിയങ്ക പറഞ്ഞു.
Adjust Story Font
16

