Quantcast

'ഗോവയിൽ റോഡ് പണിക്കിടെ കിട്ടിയ നിധിശേഖരം, ബ്രിട്ടീഷ് കാലത്തെ സ്വർണനാണയങ്ങൾ'; കടയുടമക്ക് നഷ്ടമായത് 30 ലക്ഷം രൂപ

മുഴുവൻ പണവും കൊടുത്തശേഷമാണ് കബളിപ്പിക്കപ്പെട്ട വിവരം കടയുടമ അറിഞ്ഞത്

MediaOne Logo

Web Desk

  • Published:

    25 Sep 2023 10:16 AM GMT

fake gold coins, cheated a pharmacy shop owner in Pune,Pune shop owner ,fake British-era vintage coins,വ്യാജ സ്വര്‍ണനാണയം, കടയുടമയുടെ 30 ലക്ഷം തട്ടി, സ്വര്‍ണനാണയം നല്‍കി തട്ടിപ്പ്, നിധി,
X

Representative image

പൂനൈ: വ്യാജ സ്വർണനാണയങ്ങൾ നൽകി കടയുടമയിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തു. പൂനെയിലെ ഫാർമസി ഷോപ്പുടമയാണ് തട്ടിപ്പിനിരയായത്. ഗോവയിൽ റോഡ് നിർമാണപണിക്കിടെ നിധി ശേഖരം കിട്ടിയെന്നും അതിൽ നിന്ന് ലഭിച്ച ബ്രിട്ടീഷ് കാലത്തെ സ്വർണനാണയങ്ങളുമാണെന്ന് പറഞ്ഞാണ് കടയുടമയെ രണ്ടുപുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘം സമീപിച്ചത്. കടയുടമയെ വിശ്വസിപ്പിക്കാനായി വിക്ടോറിയൻ മിന്റ് മുദ്രയുള്ള ഒരു സ്വര്‍ണ നാണയം ആദ്യം നൽകുകയും ചെയ്തു. പിന്നീട് സ്വർണ നിറം പൂശിയ പതിച്ച 16 കിലോഗ്രാം പിച്ചള നാണയങ്ങൾ അദ്ദേഹത്തിന് നൽകുകയും ചെയ്‌തെന്നാണ് പരാതി.

മുഴുവൻ പണവും കൊടുത്തശേഷമാണ് കബളിപ്പിക്കപ്പെട്ട വിവരം കടയുടമ അറിഞ്ഞത്. ഖഡ്കി പ്രദേശത്തെ 55 കാരനായ മെഡിക്കൽ സ്റ്റോർ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി മാസം പകുതിയോടെയാണ് സംഭവം നടക്കുന്നത്. പ്രതികളിൽ ഒരാൾ കടയിൽ സ്ഥിരം വരാൻ തുടങ്ങിയെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയും വിശ്വാസം നേടുകയും ചെയ്യുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

ഗോവയിലെ റോഡ് പണിക്കിടെ തനിക്കും സുഹൃത്തുക്കൾക്കും നിധി കിട്ടിയെന്നും അയാൾ കടയുടമയോട് പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്തെ 28 കിലോഗ്രാം സ്വർണനാണയങ്ങളാണ് ഈ നിധിയിലുള്ളതെന്ന് പ്രതികൾ അവകാശപ്പെട്ടു. ഇത് 50 ലക്ഷം രൂപയ്ക്ക് വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രതികൾ അറിയിച്ചു. തന്റെ പക്കൽ 30 ലക്ഷം രൂപ മാത്രമേയുള്ളൂവെന്ന് പറഞ്ഞപ്പോള്‍ ആ തുകയ്ക്ക് 16 കിലോഗ്രാം സ്വർണനാണയം തരാമെന്ന് പ്രതികൾ സമ്മതിക്കുകയും ചെയ്തു. നാണയം ഒറിജിനലാണോ എന്ന് പരിശോധിക്കണമെന്ന് കടയുടമ ആവശ്യപ്പെട്ടു. ഇതു പ്രകാരം, ഒരു സ്വർണനായണം പ്രതികളിലൊരാൾ കടയുമക്ക് നൽകി. ഇത് പരിശോധിച്ചപ്പോൾ യഥാർഥ സ്വർണമാണെന്ന് തെളിഞ്ഞു. ഇതോടെ 30 ലക്ഷം രൂപ നൽകി 16 കിലോ സ്വർണനാണയങ്ങളടങ്ങിയ ബാഗ് കടയുടമ സ്വന്തമാക്കുകയായിരുന്നു. എന്നാൽ നാണയങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞപ്പോഴേക്കും പ്രതികൾ നാടുവിട്ടിരുന്നു. ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

മാസങ്ങളോളം തട്ടിപ്പുകാരെ അന്വേഷിച്ച് നടന്നെങ്കിലും അത് വിഫലമായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിക്കാരൻ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി സബ് ഇൻസ്‌പെക്ടർ അനിൽ റിക്കിബെയെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇത്തരം തട്ടിപ്പുകാർക്ക് ഇരയാകരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിക്കുന്നതായും ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നവരെ കണ്ടാൽ പൊലീസിൽ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story