Quantcast

മദ്യപിച്ചു ലെക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു...! വിശദീകരണവുമായി എയർലൈൻസ് കമ്പനി

മദ്യപിച്ച് നടക്കാൻ പോലുമാകാത്ത ഭഗവന്ത് മന്‍ കാരണം നാലുമണിക്കൂര്‍ വിമാനം വൈകിയെന്നും ആരോപണമുയര്‍ന്നിരുന്നു

MediaOne Logo

Web Desk

  • Published:

    20 Sept 2022 10:01 AM IST

മദ്യപിച്ചു ലെക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു...! വിശദീകരണവുമായി എയർലൈൻസ് കമ്പനി
X

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മദ്യപിച്ച് ലക്കുകെട്ടതിന് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന് പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി എയർലൈൻസ് കമ്പനി. കഴിഞ്ഞ ദിവസം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് ഭവന്ത് മൻ മദ്യപിച്ച് നടക്കാൻ പോലുമാകാത്തതിനാൽ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി വാർത്തകൾ വന്നത്.

ഇതിനെ തുടർന്ന് നാലുമണിക്കൂറോളം വിമാനം വൈകിയെന്നും ആരോപണമുയർന്നിരുന്നു. ഈ സംഭവത്തിലാണ് ലുഫ്താൻസ എയർലൈൻസ് വിശദീകരണവുമായി രംഗത്തെത്തിയത്. ഡൽഹി വിമാനം ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ വൈകിയാണ് പുറപ്പെട്ടതെന്നും ഇതിന് മറ്റൊരു കാരണമില്ലെന്നുമാണ് ലുഫ്താൻസ എയർലൈൻസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഡൽഹിയിലേക്കുള്ള ഞങ്ങളുടെ ഫ്‌ലൈറ്റ് ഇൻബൗണ്ട് ഫ്‌ലൈറ്റ് വൈകിയതിനാൽ ആദ്യം പ്ലാൻ ചെയ്തതിനേക്കാൾ വൈകിയാണ് പുറപ്പെട്ടത്.അല്ലാതെ മറ്റൊന്നുമില്ലെന്നും ഫ്‌ലൈറ്റ് വൈകുന്നതിനെക്കുറിച്ച് ചോദിച്ച ഒരു ഉപയോക്താവിന് മറുപടിയായി ലുഫ്താൻസ ട്വീറ്റ് ചെയ്തു.

ഫ്രാങ്ക്ഫുർട്ടിൽ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന ലുഫ്താൻസ എയർലൈൻസിന്റെ വിമാനം 4.30 നാണ് പുറപ്പെട്ടത്. ഇതിൽ സഞ്ചരിക്കേണ്ടിയിരുന്ന ഭഗവന്ത് മാൻ തിങ്കളാഴ്ച രാവിലെ പുറപ്പെട്ട വേറൊരു വിമാനത്തിലാണ് തിരികെ ഇന്ത്യയിലെത്തിച്ചേർന്നത്.

അതേസമയം, മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ചിരുന്നോ എന്ന് മറ്റൊരു ഉപയോക്താവിന്റെ ചോദ്യത്തിന് വ്യക്തിഗത യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ കഴിയില്ലെന്നും ലുഫ്താൻസ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ഭഗവന്ത് മാൻ അമിതമായി മദ്യപിച്ച് വിമാനത്തിൽ കയറി യാത്രക്കാരുമായി ബഹളം വെച്ചുവെന്നും ഇതിനെ തുടർന്ന് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നും ശിരോമണി അകാലിദൾ (എസ്എഡി) തലവൻ സുഖ്ബീർ സിംഗ് ബാദലാണ് ആരോപണം ഉന്നയിച്ചത്. ഈ ആരോപണത്തിന് പിന്നാലെയാണ് എയർലൈൻസ് കമ്പനി വിശദീകരണവുമായി എത്തിയത്.

എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരുന്നു. മറ്റൊന്നും കിട്ടാത്തതുകൊണ്ടാണ്മു ഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ എതിരാളികൾ ഇത്തരം പ്രചാരണങ്ങൾ നിരന്തരം നടത്തുന്നുവെന്ന് ആംആദ്മി ആരോപിച്ചു. മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പാർട്ടി വ്യക്തമാക്കി. ജർമ്മനിയിൽ നിന്ന് എട്ട് ദിവസത്തെ യാത്ര കഴിഞ്ഞ് തിങ്കളാഴ്ചയാണ് മൻ തിരിച്ചെത്തിയത്.വിദേശ നിക്ഷേപം ആകർഷിക്കാനായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ വിദേശ യാത്ര.

TAGS :

Next Story