Quantcast

കർണാടക സന്ദർശനം വെട്ടിച്ചുരുക്കി രാഹുൽ; ഇന്ന് രാത്രി ഡൽഹിയിലെത്തും

നാഷണൽ ഹെറാൾഡ് ഓഫീസ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഇന്ന് സീൽവെച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-03 14:36:12.0

Published:

3 Aug 2022 2:26 PM GMT

കർണാടക സന്ദർശനം വെട്ടിച്ചുരുക്കി രാഹുൽ; ഇന്ന് രാത്രി ഡൽഹിയിലെത്തും
X

ന്യൂഡൽഹി: കർണാടക സന്ദർശനം വെട്ടിച്ചുരുക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് രാത്രി 10.30ക്ക് രാഹുൽ ഡൽഹിയിൽ എത്തും. നാഷണൽ ഹെറാൾഡ് ഓഫീസ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഇന്ന് സീൽവെച്ചിരുന്നു. എഐസിസി ആസ്ഥാനത്തിന് മുമ്പിൽ ഏർപ്പെടുത്തിയിരുന്ന പൊലീസ് കാവൽ ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വീടിന് മുന്നിലെ സേനാ വിന്യാസവും പിൻവലിച്ചു. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഓഫീസ് സീൽവെച്ചത്. ഹെറാൾഡ് ഹൗസിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെറാൾഡ് ഓഫീസ് മാത്രമാണ് സീൽചെയ്തിരിക്കുന്നത്. തൊട്ടടുത്തുള്ള ഇതര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മുൻകൂർ അനുമതിയില്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്നില്ലെന്ന് ഇ.ഡി അറിയിച്ചിരിക്കുകയാണ്.


അതേസമയം, അഞ്ചാം തീയതി പ്രഖ്യാപിച്ച കോൺഗ്രസ് മാർച്ചിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെയാണ് സമരം പ്രഖ്യാപിച്ചിരുന്നത്. ചലോ രാഷ്ട്രപതി ഭവൻ സമരത്തിനും അനുമതി നൽകിയില്ല. നാഷണൽ ഹെരാൾഡ് ഓഫീസ് മുദ്ര വച്ചതിലൂടെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് മനു അഭിഷേക് സിംഗ്വി കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കളെ തീവ്രവാദികളെ പോലെയാണോ കൈകാര്യം ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഭയം എന്ന വാക്ക് കോൺഗ്രസിന്റെ ഡിക്ഷനറിയിൽ ഇല്ലെന്നും അന്വേഷണവുമായി സോണിയയും രാഹുലും സഹകരിച്ചിരുന്നുവെന്നും സിംഗ്വി ചൂണ്ടിക്കാട്ടി. ബിജെപിക്ക് വിനാശകാലേ വിപരീത ബുദ്ധിയാണെന്ന് ജയറാം രമേശ് പറഞ്ഞു.

നാഷണൽ ഹെറാൾഡിന്റെ വിവിധ ഓഫീസുകളിൽ ഇ.ഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. ഡൽഹിയിൽ 12 ഇടങ്ങളിൽ പരിശോധന നടന്നതായാണ് റിപ്പോർട്ട്. ഹെറാൾഡ് ഹൗസിന്റെ നാലാം നിലയിലുള്ള ഓഫീസിൽ രാവിലെ പത്ത് മുതലാണ് പരിശോധന ആരംഭിച്ചത്. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ മൂന്ന് ദിവസം കൊണ്ട് 12 മണിക്കൂറിലേറെയാണ് ഇ.ഡി ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. ഇരുവരും നൽകിയ ഉത്തരങ്ങൾ സമാനമാണോ എന്നാണ് ഇ.ഡി പരിശോധിച്ചിരുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് 50 മണിക്കൂറിൽ അധികം രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് പത്രമായ നാഷണൽ ഹെറാൾഡിനെ യങ് ഇന്ത് കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഹവാല കള്ളപ്പണ ഇടപാടുകൾ നടന്നു എന്നാണ് പ്രധാന ആരോപണം.


കർണാടകയിൽ ലിംഗായത്ത് വോട്ട് ലക്ഷ്യമിടുന്നതിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചിത്രംദുർഗയിലെ ശ്രീ മുരുഗരാജേന്ദ്ര മഠം സന്ദർശിച്ചിരുന്നു. ബിജെപിക്കൊപ്പം നിൽക്കാറുള്ള ലിംഗായത്ത് സമുദായ മഠത്തിലെത്തിയ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് മഠത്തിലെ സ്വാമി ആശിർവദിച്ചിരുന്നു. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയും അച്ഛൻ രാജീവ് ഗാന്ധിയും പ്രധാനമന്ത്രിയായിരുന്നുവെന്നും ഇപ്പോൾ ലിംഗായത്ത് വിഭാഗത്തെ പരിഗണിക്കുന്ന രാഹുലും പ്രധാനമന്ത്രിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ ഇത്തരം കാര്യങ്ങൾ പറയരുതെന്നും മഠം അതിനുള്ള വേദിയല്ലെന്നും ഇക്കാര്യം ജനങ്ങൾ തീരുമാനിക്കുമെന്നും സ്ഥാപനത്തിന്റെ പ്രസിഡൻറ് ശ്രീ ശിവമൂർത്തി മുരുഗ ഷരനാരു പ്രതികരിച്ചു.

മുരുഗരാജേന്ദ്ര വിദ്യാപീഠം സന്ദർശിച്ച് ഡോ. ശ്രീ ശിവമൂർത്തി മുരുഘാ ശരണരുവിൽ നിന്ന് 'ഇഷ്ടലിംഗ ദീക്ഷ' സ്വീകരിക്കാൻ കഴിഞ്ഞത് പരമമായ ബഹുമതിയാണെന്നും ഗുരു ബസവണ്ണയുടെ ഉപദേശങ്ങൾ ശാശ്വതമാണെന്നും മഠത്തിലെ ശരണാരിൽ നിന്ന് കൂടുതൽ പഠിക്കാൻ താൻ സന്നദ്ധനാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

കർണാടകയിലെ ജനസംഖ്യയിൽ 17 ശതമാനം വരുന്ന ലിംഗായത്തുകൾ പാരമ്പര്യമായി ബിജെപിയോടൊപ്പം നിൽക്കുന്നവരാണ്. തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ രാഹുലിന് ലിംഗായത്ത് മഠത്തിൽ ലഭിച്ച സ്വീകരണത്തിലൂടെ നേട്ടമുണ്ടാക്കാനാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്. അടുത്ത വർഷം മേയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ പാർട്ടിയിലും ഐക്യം സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു.


ഏറ്റവും ഒടുവിൽ 2013 മുതൽ 2018 വരെ സംസ്ഥാനം ഭരിച്ച കോൺഗ്രസ് 2018 ൽ ജനതാദൾ സെക്കലറുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചെങ്കിലും ഒരു വർഷത്തിനുള്ളിൽ തകരുകയായിരുന്നു. നിരവധി എംഎൽഎമാർ സഖ്യം വിട്ടതോടെയാണ് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണത്. പിന്നീട് ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള ബി.എസ് യെഡ്യൂരപ്പയെ ബിജെപി മുഖ്യമന്ത്രിയാക്കിയെങ്കിലും അടുത്ത വർഷം അതേ സമുദായത്തിലെ ബാസവരാജ് ബൊമ്മൈയെ സർക്കാറിനെ നയിക്കാൻ നിയോഗിച്ചു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരുങ്ങിയിരിക്കുകയാണ്. ഇത് പാർട്ടിയിൽ ഭിന്നത സൃഷ്ടിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രി നടന്ന രാഷ്ട്രീകാര്യ സമിതിയിൽ നേതാക്കളോട് പരസ്യപ്രസ്താവനകൾ ഒഴിവാക്കാനും ഐക്യത്തോടെ മുന്നോട്ട് പോകാനുമാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടിയിൽ നേതൃപ്രശ്നമില്ലെന്നാണ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഹൈക്കമാൻഡും എംഎൽഎമാരും നേതാവിനെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ ഒമ്പിത് രൂപീകരിക്കപ്പെട്ട സമിതിയുടെ ആദ്യ യോഗമായിരുന്നിത്.

Rahul cuts Karnataka visit short; Will reach Delhi tonight

TAGS :

Next Story