Quantcast

'പെൺകുട്ടികളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടം'; ഗുസ്തി താര‌ങ്ങളുടെ പ്രതിഷേധത്തിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയെ സ്വയം പ്രഖ്യാപിത ബാഹുബലിയെന്ന് വിശേഷിപ്പിച്ചാണ് രാഹുലിന്റെ വിമർശനം. ​

MediaOne Logo

Web Desk

  • Updated:

    2023-12-31 08:04:04.0

Published:

31 Dec 2023 6:42 AM GMT

പെൺകുട്ടികളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടം; ഗുസ്തി താര‌ങ്ങളുടെ പ്രതിഷേധത്തിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി
X

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും എതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പെൺകുട്ടികളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടമെന്ന് രാഹുൽ ​ഗാന്ധി ചോദിച്ചു.

പുരസ്കാരങ്ങളേക്കാൾ രാജ്യത്തെ പെൺകുട്ടികൾക്ക് വലുത് ആത്മാഭിമാനമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ‌പ്രധാനമന്ത്രിയെ സ്വയം പ്രഖ്യാപിത ബാഹുബലിയെന്ന് വിശേഷിപ്പിച്ചാണ് രാഹുലിന്റെ വിമർശനം. ​

പ്രധാനമന്ത്രി രാജ്യത്തിന്റെ കാവൽക്കാരനാണ്, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ടെന്നും രാഹുൽ കുറിച്ചു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഹുൽ​ ​ഗാന്ധിയുടെ പ്രതികരണം.

ശനിയാഴ്ച ഗുസ്തി താരം വിനേഷ് ഫോഗട്ട് അർജുന അവാർഡും ഖേൽ രത്ന പുരസ്കാരവും തിരിച്ചേൽപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ പുരസ്‌കാരങ്ങൾ വച്ച് താരം മടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ കൂടി പങ്കുവച്ചാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

നേരത്തെ മെഡൽ തിരിച്ചേൽപ്പിച്ച ​ഗുസ്തി താരം ബജ്രംഗ് പുനിയയെ രാഹുൽ ഗാന്ധി നേരിൽക്കണ്ട് സംസാരിച്ചിരുന്നു. ​ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച വനിതാ താരം സാക്ഷി മാലിക്കുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് വിനേഷ് ഫോ​ഗട്ട് മെഡലുകൾ തിരികെയേൽപ്പിച്ചത്. ബ്രിജ് ഭൂഷണെതിരെ തങ്ങൾ ആവശ്യപ്പെട്ട തരത്തിലുള്ള നടപടിയുണ്ടാവുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.

നേരത്തെ, ​ഗുസ്തി ഫെഡറേഷനിൽ പീഡനക്കേസ് പ്രതിയായ ബിജെപി എം.പി ബ്രിജ് ഭൂഷൺന്റെ വിശ്വസ്തന്റെ നിയമനത്തിൽ പ്രതിഷേധിച്ചാണ് പുരുഷ താരം ബജ്രം​ഗ് പുനിയ പത്മശ്രീ പുരസ്കാരം തിരിച്ചുനൽകിയത്. ഒളിമ്പിക് മെഡൽ ജേത്രിയായ സാക്ഷി മാലിക്ക് ​തന്റെ ​ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്.

തനിക്കു ലഭിച്ച മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരവും അർജുന അവാർഡും തിരികെ നൽകുമെന്ന് മറ്റൊരു​ ​ഗുസ്തി താരമായ വിനേഷ് ഫോ​ഗട്ടും പ്രഖ്യാപിച്ചിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് പത്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ്ങും അറിയിച്ചിരുന്നു.



TAGS :

Next Story