Quantcast

സ്മൃതി ഇറാനിക്ക് രാഹുൽ ഫ്‌ളൈയിങ് കിസ് കൊടുത്തെന്ന്; സ്പീക്കർക്ക് പരാതി നൽകി ബിജെപി

സഭയിൽ സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ആരോപിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-08-09 08:48:27.0

Published:

9 Aug 2023 8:28 AM GMT

rahul and smriti irani
X

ന്യൂഡൽഹി: പ്രസംഗം കഴിഞ്ഞ് പാർലമെന്റ് വിട്ടുപോകവെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മന്ത്രി സ്മൃതി ഇറാനിക്ക് ഫ്‌ളൈയിങ് കിസ് കൊടുത്തെന്ന് ആരോപണം. രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി വനിതാ അംഗങ്ങള്‍ ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തു നല്‍കി. മന്ത്രി ശോഭ കരന്ദ്‌ലജെയുടെ നേതൃത്വത്തിലുള്ള ബിജെപി വനിതാ സംഘമാണ് സ്പീക്കറെ കണ്ടത്.

സഭയിൽ സംസാരിക്കവെ സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ആരോപിച്ചത്. 'മിസ്റ്റർ സ്പീക്കർ, ഞാനൊരു എതിർപ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാൾ ഒരു മോശം അടയാളം കാണിച്ചു. പാർലമെന്റിനെ വനിതാ അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്‌ളൈയിങ് കിസ് നൽകാനാകൂ. ഇത്തരം മോശം പ്രവൃത്തി പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്‌കാരമാണ്' - എന്നായിരുന്നു അവരുടെ ആരോപണം.

മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലും സ്മൃതി ഇറാനിയും സഭയില്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ ആയിരുന്നു രാഹുലിന്റെ വിമർശനങ്ങൾ. 'ഭാരതമാതാവിനെ കൊല ചെയ്ത നിങ്ങൾ ദേശദ്രോഹിയാണെന്ന്' രാഹുൽ പ്രസംഗത്തിനിടെ കുറ്റപ്പെടുത്തി.



'നിങ്ങൾ ഭാരതമാതാവിന്റെ കാവൽക്കാരല്ല. കൊന്നു കളഞ്ഞവരാണ്. നിങ്ങൾ വഞ്ചകനും ദേശദ്രോഹിയുമാണ്. ദേശഭക്തനല്ല. മേഘ്‌നാഥിനെയും കുംഭകർണനയെും മാത്രം കേട്ട രാവണനെ പോലെയാണ് മോദി. അമിത് ഷായെയും ഗൗതം അദാനിയെയും മാത്രമാണ് പ്രധാനമന്ത്രി കേൾക്കുന്നത്. പ്രധാനമന്ത്രി മണിപ്പൂരിന്റെ രാജ്യത്തിന്റെ ഭാഗമായല്ല കാണുന്നത്. ഞാൻ മണിപ്പൂർ സന്ദർശിച്ചു. പ്രധാനമന്ത്രി പോയില്ല.' - രാഹുൽ കുറ്റപ്പെടുത്തി.

തന്റെ യാത്രകൾ അവസാനിച്ചിട്ടില്ലെന്നും ഭാരത് ജോഡോ യാത്രയെ പരാമർശിച്ച് രാഹുൽ പറഞ്ഞു. 'ഭാരതത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നടന്നു. കടൽത്തീരം മുതൽ കശ്മീരിന്റെ മലനിരകൾ വരെ നടന്നു. ഭാരത് ജോഡോ യാത്ര നടത്തിയത് ഇന്ത്യയെ മനസ്സിലാക്കാനാണ്. അതൊരുപാട് പാഠങ്ങൾ നൽകി. വീണ്ടും യാത്ര തുടരും.' - അദ്ദേഹം കൂട്ടിച്ചേർത്തു.



ക്വിറ്റ് ഇന്ത്യ, കറപ്ഷൻ ക്വിറ്റ് ഇന്ത്യ എന്നു പറഞ്ഞാണ് സ്മൃതി ഇറാനി രാഹുലിന് മറുപടി പറഞ്ഞത്. 'നിങ്ങൾ ഇന്ത്യയല്ല. ഇന്ത്യ അഴിമതിയല്ല. ഇന്ത്യ അർഹതയിൽ വിശ്വസിക്കുന്നു. കുടുംബവാഴ്ചയിലല്ല. ക്വിറ്റ് ഇന്ത്യ എന്ന് ബ്രിട്ടീഷുകാരോട് ആളുകൾ പറഞ്ഞത് നിങ്ങളുടെ ഓർമയിൽ ഉണ്ടായിരിക്കണം. കറപ്ഷൻ ക്വിറ്റ് ഇന്ത്യ. ഡൈനാസ്റ്റി ക്വിറ്റ് ഇന്ത്യ' - അവർ പറഞ്ഞു.

മണിപ്പൂർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാർലമെന്ററി കാര്യമന്ത്രി പ്രൽഹാദ് ജോഷിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിഷയത്തിൽ പാർലമെന്റിൽ ചർച്ചയാകാമെന്ന് പറഞ്ഞതാണ്. എന്നാൽ പ്രതിപക്ഷം അതിൽ നിന്ന് ഒളിച്ചോടുകയാണ്- സ്മൃതി കുറ്റപ്പെടുത്തി.

TAGS :

Next Story