Quantcast

'മണിപ്പൂരില്‍ ഇന്ത്യ കൊല ചെയ്യപ്പെട്ടു, ഭാരത മാതാവിനെ കൊന്ന രാജ്യദ്രോഹികളാണ് നിങ്ങള്‍‌': ബി.ജെ.പിക്കെതിരെ രാഹുല്‍ ഗാന്ധി

'മോദി വിചാരിക്കുന്നത് മണിപ്പൂർ ഇന്ത്യയിൽ അല്ലെന്നാണ്'

MediaOne Logo

Web Desk

  • Updated:

    2023-08-09 08:25:20.0

Published:

9 Aug 2023 7:35 AM GMT

rahul gandhi criticises pm narendra modi no confidence motion
X

രാഹുല്‍ ഗാന്ധി ലോക്സഭയില്‍

ഡല്‍ഹി: മണിപ്പൂരില്‍ ഇന്ത്യ കൊല ചെയ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ ജനങ്ങളെ കൊന്ന് ഭാരത് മാതാവിനെ കൊലപ്പെടുത്തി. രാജ്യത്തെ കൊലപ്പെടുത്തിയത് കൊണ്ടാണ് പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാൻ സാധിക്കാത്തത്. നിങ്ങൾ രാജ്യദ്രോഹികൾ ആണെന്ന് ബി.ജെ.പിയോട് രാഹുൽ ഗാന്ധി പറഞ്ഞു. ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

'നിങ്ങൾ ഭാരത മാതാവിനെ കൊന്നവരാണ്. എന്റെ അമ്മയെ കൊന്നവരാണ് നിങ്ങൾ' എന്ന് ബി.ജെ.പി എം.പിമാരോട് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ശബ്ദം കേൾക്കുന്നില്ല. മോദി അദാനിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. മോദി അമിത് ഷായുടെയും അദാനിയുടെയും വാക്കുകൾ മാത്രമാണ് കേൾക്കുന്നത്. രാജ്യത്തുടനീളം ഭാരത മാതാവിനെ കൊലപ്പെടുത്തുകയാണ് ഇവരെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിച്ചില്ലെന്നും മണിപ്പൂര്‍ എന്താ ഇന്ത്യയിലല്ലേ എന്നും രാഹുല്‍ ചോദിച്ചു. മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി അവിടെയുള്ള സ്ത്രീകളുമായി താൻ സംസാരിച്ചു. കുട്ടികളുമായി സംസാരിച്ചു. അതിക്രമങ്ങൾ നേരിട്ട സ്ത്രീകളോടും യുവതികളോടും സംസാരിച്ചു. കൺമുന്നിൽ ആളുകൾ വെടിയേറ്റ് മരിക്കുന്നത് കണ്ട കുട്ടികളോട് താൻ സംസാരിച്ചു. മോദി വിചാരിക്കുന്നത് മണിപ്പൂർ ഇന്ത്യയിൽ അല്ലെന്നാണ്. മോദി മണിപ്പൂരിൽ ഉള്ളവരോട് സംസാരിക്കാൻ തയ്യാറാകുന്നില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു.

തന്‍റെ യാത്ര അവസാനിച്ചിട്ടില്ലെന്നും യാത്ര തുടരുമെന്നും ഭാരത് ജോഡോ യാത്ര പരാമര്‍ശിച്ച് രാഹുൽ ഗാന്ധി പറഞ്ഞു. താൻ ഭാരതത്തിന്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ നടന്നു. കടൽത്തീരം മുതൽ കാശ്മീരിന്‍റെ മലനിരകൾ വരെ നടന്നു. ഭാരത് ജോഡോ യാത്ര നടത്തിയത് ഇന്ത്യയെ മനസ്സിലാക്കാനാണ്. ഇന്ത്യയെ മനസ്സിലാക്കാൻ യാത്ര തുടരും. ഭാരത്ജോഡോ യാത്രയിൽ നിന്ന് നിരവധി പാഠങ്ങൾ താൻ പഠിച്ചു. മോദിയുടെ ജയിലിൽ പോകാനും താൻ തയ്യാറാണെന്ന് രാഹുല്‍ പറഞ്ഞു.

ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിന് ലോക്സഭാ സ്പീക്കർക്ക് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു. അതിനിടെ ഭരണപക്ഷം ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ഉയര്‍ത്തി. സമാധാനമായിരിക്കൂ ഇന്ന് അദാനിയെക്കുറിച്ച് അല്ല, മറ്റൊരു വിഷയത്തെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്ന് ബഹളം വെച്ച ഭരണപക്ഷത്തോട് രാഹുല്‍ പറഞ്ഞു. ഹൃദയംകൊണ്ട് സംസാരിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ഹൃദയത്തിന്‍റെ ഭാഷ ഹൃദയങ്ങള്‍ കേള്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.




TAGS :

Next Story