Quantcast

രാഹുൽ ഗാന്ധി രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ മൂവ്‌മെന്റിന്റെ ചിഹ്നം, ഇ.ഡിയെ ദുരുപയോഗിക്കുന്നു: വി.ഡി സതീശൻ

സിപിഎമ്മിന് ബിജെപിയുമായി രാഷ്ട്രീയ ധാരണയുണ്ടെന്നും കേരളത്തിലെ ചില കേസുകളിൽ ഇഡി മതിയെന്ന് പറഞ്ഞത് പൊലീസിന്റെയും വിജിലൻസിന്റെയും പരിമിതി കണ്ടിട്ടാണെന്നും പ്രതിപക്ഷ നേതാവ്

MediaOne Logo

Web Desk

  • Updated:

    2022-06-15 14:08:52.0

Published:

15 Jun 2022 11:10 AM GMT

രാഹുൽ ഗാന്ധി രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ മൂവ്‌മെന്റിന്റെ ചിഹ്നം, ഇ.ഡിയെ ദുരുപയോഗിക്കുന്നു: വി.ഡി സതീശൻ
X

രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ മൂവ്‌മെന്റിന്റെ ചിഹ്നമാണ് രാഹുൽ ഗാന്ധിയെന്നും തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ കോൺഗ്രസിനെ അപകീർത്തി പെടുത്താൻ കേന്ദ്രസർക്കാർ ദേശീയ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് ബിജെപിയുമായി രാഷ്ട്രീയ ധാരണയുണ്ടെന്നും കേരളത്തിലെ ചില കേസുകളിൽ ഇഡി മതിയെന്ന് പറഞ്ഞത് പൊലീസിന്റെയും വിജിലൻസിന്റെയും പരിമിതി കണ്ടിട്ടാണെന്നും ഇഡിയെ പറ്റി വ്യക്തമായി അറിയാമെന്നും സതീശൻ വ്യക്തമാക്കി.

ഇഡിയെ വിശ്വാസമില്ലാത്തത് കൊണ്ടാണ് സ്വർണ കടത്ത് കേസിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണ് വേണമെന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ കുഴൽപണ കേസും സ്വർണ കേസും തമ്മിൽ ധാരണയുണ്ടെന്നും സതീശൻ ആരോപിച്ചു. കേരളത്തിൽ ആരാണ് ആക്രമണം നടത്തുന്നതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഒരു വിഷയം ഉണ്ടാകാത്ത പരവൂരിൽ വരെ പ്രശ്‌നമുണ്ടാക്കിയെന്നും രക്തസാക്ഷിയെ ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും കുറ്റപ്പെടുത്തി.

സമൂഹ മാധ്യമത്തിൽ കലാപാഹ്വാനം നടക്കുകയാണെന്നും എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസാണ് നിയന്ത്രിക്കുന്നതെന്നും അത് അമിതാധികാരന്മാരുടെ ഓഫീസായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. സർക്കാർ ജനങ്ങളുടെ മുന്നിൽ നാണം കെട്ട് നിൽക്കുകയാണെന്നും പറഞ്ഞു. തന്നെ ആക്രമിക്കാൻ കന്റോൺമെന്റ് ഹൗസിൽ കയറിയ ഡിവൈഎഫ്‌ഐക്കാരന്റെ കൈയ്യിൽ ആയുധമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിമാനത്തിലെ പ്രതിഷേധത്തെ കുറിച്ച് സംസാരിക്കവേ ആകാശത്തായാലും ഭൂമിയിലായാലും പ്രതിഷേധിക്കാമെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ ഏവിയേഷൻ നിയമപ്രകാരം കേസെടുത്താൽ പോരെയെന്ന് ചോദിച്ചു. പ്രതിഷേധം എങ്ങനെ വധശ്രമമാകുമെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ എകെജി സെന്റർ അപ്രസക്തമാണെന്നും നിയന്ത്രണമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയുടെ രഹസ്യ മൊഴി വിവരം ശരിയാണെങ്കിൽ ഗുരുതരമായ ആരോപണിതെന്നും മുഖ്യമന്ത്രിയാണ് സത്യാവസ്ഥ പറയേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാഷണൽ ഹെറാൾഡിന്റെ എല്ലാ അവകാശവും കോൺഗ്രസിനുള്ളതാണെന്നും കുറേ അന്വേഷണം നടന്നിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ പറഞ്ഞു. മുമ്പ് ഇഡി തന്നെ അന്വേഷിച്ച് അവസാനിപ്പിച്ച കേസിലാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതെന്നും ഉന്നത നേതൃത്വത്തെ കളങ്കിതമാക്കി കോൺഗ്രസിനെ തകർക്കാനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയ പാപ്പരത്തമാണ് ഇപ്പോൾ നടക്കുന്ന ചോദ്യം ചെയ്യലെന്നും സുധാകരൻ പറഞ്ഞു. ഈ ശ്രമത്തെ വിവിധയിടങ്ങളിൽ പ്രവർത്തകർ എതിർത്തുതോൽപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാഷണൽ ഹെറാൾഡ് കേസിന് പിന്നിൽ പ്രവർത്തിച്ചവർ നാളെ സമാധാനം പറയേണ്ടി വരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസ് ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ തുടങ്ങിയവരാണ് സംയുക്ത വാർത്താസമ്മേളനം നടത്തിയത്.

യുഡിഎഫ് യോഗം നാളെ ഉച്ചക്ക് മൂന്നു മണിയിലേക്ക് മാറ്റിയതായും രാവിലെ ഇഡിക്കെതിരായ രാജ്ഭവൻ മാർച്ച് നടക്കുമെന്നും എംഎം ഹസൻ അറിയിച്ചു. മറ്റന്നാൾ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

TAGS :

Next Story