Quantcast

'ജനങ്ങൾ നൽകിയ വീട്': രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു

വീട് പൂട്ടി രാഹുൽ ഗാന്ധി ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറി

MediaOne Logo

Web Desk

  • Updated:

    2023-04-22 12:27:51.0

Published:

22 April 2023 11:52 AM GMT

Rahul Gandhi vacates official Delhi bungalow
X

രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിയുന്നു

ഡല്‍ഹി: രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു. വീട് പൂട്ടി രാഹുൽ ഗാന്ധി തന്നെ ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറി. ഡല്‍ഹി തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിഞ്ഞത്. രാഹുല്‍ ഗാന്ധി ഇനി അമ്മ സോണിയ ഗാന്ധിക്കൊപ്പം 10 ജന്‍പഥില്‍ താമസിക്കും.

2004 മുതൽ താമസിക്കുന്ന വീടാണ് രാഹുല്‍ ഒഴിഞ്ഞത്. 2004ല്‍ അമേഠി എംപിയായതോടെ ലഭിച്ച വസതിയാണിത്. സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യത്തിലാണ്, 19 വര്‍ഷമായി താമസിച്ച വീട്ടില്‍ നിന്ന് രാഹുല്‍ ഇറങ്ങിയത്. ഈ വസതി തനിക്ക് നല്‍കിയ ജനങ്ങള്‍ക്ക് നന്ദിയെന്ന് രാഹുല്‍ പറഞ്ഞു. സത്യം പറഞ്ഞതിന് നല്‍കേണ്ടിവന്ന വിലയാണിതെന്നും അദ്ദേഹം പറഞ്ഞു.

"ഹിന്ദുസ്ഥാനിലെ ജനങ്ങൾ 19 വർഷമായി എനിക്ക് ഈ വീട് നൽകിയിട്ട്. അവർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. സത്യം പറഞ്ഞതിനുള്ള വിലയാണിത്. സത്യം പറഞ്ഞതിന് എന്ത് വിലയും കൊടുക്കാൻ ഞാൻ തയ്യാറാണ്"- രാഹുല്‍ ഗാന്ധി പറഞ്ഞു.

വസതി ഒഴിയുന്നതിനു മുന്നോടിയായി രാഹുല്‍ ഇന്ന് രാവിലെ പാർലമെന്റിൽ എത്തി ലോക്സഭാ സെക്രട്ടറിയേറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിനോട് വസതി ഒഴിയാൻ ലോക്സഭാ സെക്രട്ടറിയറ്റ് ആവശ്യപ്പെടുകയായിരുന്നു. മോദി പരാമര്‍ശത്തില്‍ മാർച്ച് 23നാണ് സൂറത്ത് സി.ജെ.എം കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്. ലോക്സഭയിൽ നിന്നും അയോഗ്യനാക്കിയ ഉത്തരവ് മാർച്ച് 24ന് വന്നു.

അതിനിടെ അപകീർത്തി കേസിൽ നേരിട്ട് ഹാജരാകണമെന്ന പറ്റ്ന കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി ബിഹാർ ഹൈക്കോടതിയെ സമീപിച്ചു. സുശീല്‍ കുമാര്‍ മോദി പറ്റ്ന കോടതിയിൽ നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധി പറ്റ്ന ഹൈക്കോടതിയെ സമീപിച്ചത്. സമന്‍സ് റദ്ദാക്കണമെന്നാണ് ആവശ്യം. മോദി പരാമർശത്തിൽ സൂറത്ത് സി.ജെ.എം കോടതിയുടെ വിധിക്കെതിരെ രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും.



Next Story