Quantcast

രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിത്വം: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ ഇന്ന് വിശദ ചർച്ച

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിൽ പ്രതിപക്ഷ കക്ഷികൾക്കും താൽപര്യമുണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ

MediaOne Logo

Web Desk

  • Updated:

    2023-02-25 04:46:01.0

Published:

25 Feb 2023 2:55 AM GMT

Rahul Gandhi PM candidacy
X

റായ്പൂർ: രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ ഇന്ന് വിശദമായ ചർച്ച നടക്കും. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിൽ പ്രതിപക്ഷ കക്ഷികൾക്കും താൽപര്യമുണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. മതേതര ജനാധിപത്യ പാർട്ടികളുമായുള്ള സഖ്യം സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും.

പ്ലീനറി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. രാഷ്ട്രീയകാര്യം, സാമ്പത്തികം, കാർഷികം അടക്കമുള്ള ആറ് വിഷയങ്ങളാണ് ഇന്ന് ചർച്ച ചെയ്യുക. ഇതിനൊപ്പം തന്നെ രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥിനാർഥിത്വവും ചർച്ചയാകും. രാഹുൽ ഗാന്ധിയുടെ മുഖം തന്നെയാണ് കോൺഗ്രസ് ഇപ്പോഴും പലയിടത്തും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഉപയോഗിക്കുന്നത്.

അധ്യക്ഷ സ്ഥാനത്ത് ഖാർഗെ എത്തിയെങ്കിലും തെരഞ്ഞെടുപ്പ് മുഖം എന്ന നിലയിൽ രാഹുൽ ഗാന്ധിയെ ഉയർത്തിയാണ് നിലവിൽ കോൺഗ്രസിന്റെ ഓരോ നീക്കവും. എന്നാൽ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതിന്റെ വെല്ലുവിളികൾ ബോധ്യമുള്ളതിനാൽ പ്രതിപക്ഷ ഐക്യത്തിന് കൂടി പ്രാധാന്യം നൽകിയാവും കോൺഗ്രസിന്റെ മുന്നേറ്റം.

മതേതര ജനാധിപത്യ പാർട്ടികളുമായുള്ള സഖ്യം സംബന്ധിച്ചും ഇന്ന് സമ്മേളനത്തിൽ ചർച്ചയുണ്ടാകുമെന്നാണ് വിവരം. പാർലമെന്റിലെ പ്രതിപക്ഷ ഐക്യം സഭയ്ക്ക് പുറത്ത് ഉണ്ടാകുന്നില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ബിജെപിയോട് പോരാട്ടം നടത്തുന്നവരോട് മാത്രം സഖ്യം മതിയെന്ന നിലപാടിലേക്കായിരിക്കും കോൺഗ്രസ് എത്തുക. ഇത്തരത്തിൽ ബിജെപിയ്‌ക്കെതിരെ നിൽക്കുന്ന പ്രാദേശിക പാർട്ടികളെ അടുപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ചും ഇന്നത്തെ സമ്മേളനത്തിൽ ചർച്ചയുണ്ടായേക്കും.


TAGS :

Next Story