Quantcast

രഹസ്യബന്ധമുണ്ടെന്ന് സംശയം; മൂന്ന് മാസത്തോളം ഭാര്യയെ ചങ്ങലയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്

രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം നടന്നത്

MediaOne Logo

Web Desk

  • Published:

    1 July 2021 11:23 AM IST

രഹസ്യബന്ധമുണ്ടെന്ന് സംശയം; മൂന്ന് മാസത്തോളം ഭാര്യയെ ചങ്ങലയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്
X

രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ മൂന്ന് മാസത്തോളം ചങ്ങലയില്‍ പൂട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം നടന്നത്.

40കാരിയായ ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്താല്‍ 30 കിലോയോളം ഭാരം വരുന്ന ചങ്ങല ഉപയോഗിച്ചാണ് ഇയാള്‍ ഭാര്യയെ പൂട്ടിയിട്ടത്. ചങ്ങല രണ്ട് താഴിട്ട് പൂട്ടിയിരുന്നു. യുവതിയെ പൂട്ടിയിട്ടിരിക്കുന്നുവെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അര്‍നോഡ് പൊലീസെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു. രാജസ്ഥാനിലെ ഹീങ്‍ലാറ്റിലുള്ള വയലില്‍ അമ്മയെ സഹായിക്കാനായി താന്‍ പലപ്പോഴും പോകാറുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ''സംശയരോഗിയായ ഭര്‍ത്താവ് കൃഷിയിടത്തില്‍ വന്ന് അമ്മയുടെ മുന്നില്‍ വച്ച് എന്നെ ഉപദ്രവിക്കും. പ്രായമായ എന്‍റെ അമ്മയെ പരിപാലിക്കാൻ മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ, പക്ഷേ എന്‍റെ ഭർത്താവ് മദ്യപിച്ച് എന്നെ തല്ലിച്ചതയ്ക്കും. ഞാന്‍ അദ്ദേഹത്തെ ചതിക്കുകയാണെന്നാണ് അദ്ദേഹത്തിന്‍റെ സംശയം'' യുവതി പറഞ്ഞു.

ഹോളിക്ക് രണ്ട് മൂന്ന് ദിവസം മുമ്പ് ഭർത്താവും ഒരു മകനും കുടുംബത്തിലെ മറ്റ് അംഗങ്ങളും ചേര്‍ന്ന് ചങ്ങല കൊണ്ട് കെട്ടിയിടുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. മൂന്ന് മാസത്തോളമായി ഭർത്താവ് തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നും ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. തന്നെ ഈ അവസ്ഥയിലാക്കിയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

TAGS :

Next Story