Quantcast

രാമേശ്വരം കഫേ സ്‌ഫോടനത്തിൽ ബി.ജെ.പി നേതാവിന്റെ അറസ്റ്റ്: കാവിഭീകരതയുടെ തെളിവെന്ന് കർണാടക മന്ത്രി

കേസിൽ നേരത്തെ ഷിവമോഗ സ്വദേശികളായ രണ്ട് മുസ്‌ലിം യുവാക്കളെയും ഒരു മൊബൈൽ ഷോപ്പ് ഉടമയെയും അറസ്റ്റ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    5 April 2024 1:09 PM GMT

Rameswaramcafeblast, BJP, saffronterror, DineshGunduRao, Karnatakaminister
X

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനത്തിൽ ബി.ജെ.പി നേതാവിനെ എൻ.ഐ.ഐ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പ്രതികരണവുമായി കർണാടക മന്ത്രി. കർണാടകയിൽ ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന കാവിഭീകരതയുടെ തെളിവാണ് ബി.ജെ.പി നേതാവിന്റെ അറസ്റ്റെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വിമർശിച്ചു. സംഭവത്തിൽ കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന് എന്താണു പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ മാസം ആദ്യത്തിൽ രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനത്തിൽ തീർത്ഥഹള്ളിയിലെ ബി.ജെ.പി നേതാവ് സായ് പ്രസാദിനെയാണ് ഇന്ന് ഉച്ചയോടെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനത്തിലെ പങ്കിനു പുറമെ ഭീകരവാദികളുമായി ഇയാൾക്കു ബന്ധമുണ്ടെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണു വിവരം. കേസിൽ നേരത്തെ ഷിവമോഗ സ്വദേശികളായ രണ്ട് മുസ്‌ലിം യുവാക്കളെയും ഒരു മൊബൈൽ ഷോപ്പ് ഉടമയെയും അറസ്റ്റ് ചെയ്തിരുന്നു.

സ്‌ഫോടനത്തിനു കാരണം കർണാടക സർക്കാരാണെന്നു പറയുന്ന ബി.ജെ.പി ഇനി എന്തു പറഞ്ഞാകും ന്യായീകരിക്കുക എന്ന് മന്ത്രി ചോദിച്ചു. ''ബി.ജെ.പി നേതാവിനെയാണ് എൻ.ഐ.എ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതിനർഥം രാമേശ്വരം കഫേ സ്‌ഫോടനത്തിൽ ബി.ജെ.പിക്ക് പങ്കുണ്ടെന്നല്ലേ? മതസംരക്ഷണം എന്ന പേരിൽ സസ്ഥാനത്ത് ബി.ജെ.പി നടത്തുന്ന കാവിഭീകരത ഗുരുതരമായ പ്രശ്‌നങ്ങളാണു സൃഷ്ടിക്കുന്നതെന്നതിന് ഇതിലും കൂടുതൽ തെളിവ് വേണോ? രാജ്യത്ത് ആർ.എസ്.എസ് പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര ബി.ജെ.പിക്ക് ഇതിൽ എന്താണു പറയാനുള്ളത്? ദേശീയ സുരക്ഷ പരിഗണിക്കാതെ രാമേശ്വരം സ്‌ഫോടനത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാക്കൾ മറുപടി പറയണം.''-ദിനേശ് ഗുണ്ടുറാവു ആവശ്യപ്പെട്ടു.

രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപ് ഷിവമോഗയിലെ തീർത്ഥഹള്ളിയിൽ എൻ.ഐ.എ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. നിരവധി വീടുകളിലും കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നു. ഇതിലാണ് മുസ്‌ലിം യുവാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തത്. എന്നാൽ, പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സായ് പ്രസാദിനെ കസ്റ്റഡിയിലെടുത്തതെന്നാണ് കന്നട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Summary: Arrest of BJP leader in Rameswaram cafe blast is proof of saffron terror, says Karnataka minister Dinesh Gundu Rao

TAGS :

Next Story