Quantcast

അനുമതിയില്ലാതെ രാമനവമി റാലി: ബി.ജെ.പി എം.എൽ.എ രാജാ സിങ്ങിനെതിരെ കേസ്

റാലിക്കിടെ വിദ്വേഷ പാട്ട് ആലപിച്ചത് വിവാദമായിരുന്നു

MediaOne Logo

Web Desk

  • Published:

    19 April 2024 7:08 AM GMT

Raja Singh sings Islamophobic songs at Ram Navami Shobha Yatra
X

ഹൈദരാബാദ്: അനുമതിയില്ലാതെ രാമനവമി റാലി സംഘടിപ്പിച്ചതിന് ഘോഷാമഹലിലെ ബി.ജെ.പി എം.എൽ.എ രാജാ സിങ്ങിനെതിരെ കേസ്. അഫ്സൽഗഞ്ച് പൊലീസാണ് കേസെടുത്തത്.

അഫ്‌സൽഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ പി. രാമകിഷന്റെ പരാതിയിലാണ് കേസ്. രാത്രി 10.15ഓടെ രാജാ സിങ് റാലി നടത്തിയെന്നും അതിൽ പ​ങ്കെടുത്തവരോട് വോട്ട് അഭ്യർഥിച്ചെന്നും പരാതിയിലുണ്ട്. റാലി ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

അനുമതി നിഷേധിച്ചിട്ടും പൊലീസിനെ വെല്ലുവിളിച്ചാണ് രാജാ സിങ് രാമനവമി ഘോഷയാത്ര സംഘടിപ്പിച്ചത്. റാലിക്കിടെ ഇസ്‌ലാമോഫോബിക്- വിദ്വേഷ പാട്ട് പാടിയത് വിവാദമായിരുന്നു.

ഡി.ജെ മ്യൂസിക് സിസ്റ്റം സ്ഥാപിച്ച വാഹനത്തിന് മുകളിൽ കയറി നിന്നായിരുന്നു യാത്ര നയിച്ചത്. ആയുധങ്ങളേന്തിയ പത്തിലേറെ സുരക്ഷാ ജീവനക്കാർക്കൊപ്പമായിരുന്നു രാജാ സിങ് വിവിധ പോയിന്റുകളിൽ ആളുകളെ അഭിസംബോധന ചെയ്തത്. ‘ഞങ്ങൾ തീക്കനലുകളാണ്. ഞങ്ങൾ കൊടുങ്കാറ്റാണ്. കേട്ടോ പാകിസ്താനി മൊല്ലകളേ, നിങ്ങളെ ഭാരത്തിൽ നിന്നും ഉന്മൂലനം ചെയ്യാനാണ് ഞങ്ങൾ വന്നിരിക്കുന്നത്’ എന്ന് തുടങ്ങുന്ന പാട്ടാണ് തടിച്ചുകൂടിയ അണികളെ സാക്ഷി നിർത്തി ഇയാൾ മൈക്കിലൂടെ ഉച്ചത്തിൽ പാടിയത്.

എല്ലാ ക്ഷേത്രങ്ങളിലും ഹനുമാൻ ചാലിസ പാരായണം സംഘടിപ്പിക്കാനും രാജാ സിങ് ആളുകളോട് ആവശ്യപ്പെട്ടു. ‘നാമെല്ലാവരും പ്രാദേശിക ക്ഷേത്രങ്ങളിൽ ഒത്തുകൂടുമ്പോൾ നമ്മൾ ഐക്യപ്പെടും. നാമെല്ലാവരും അത് ചെയ്യണം’ -രാജാ സിങ് പറഞ്ഞു. സീതാരാംബാഗ് ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര ആസിഫ്നഗർ, മംഗൾഹട്ട്, ധൂൽപേട്ട്, ജുമേറാത്ത് ബസാർ, ബീഗം ബസാർ, സിദ്ധിയംബർ ബസാർ, ഗൗളിഗുഡ, കോട്ടി, സുൽത്താൻ ബസാർ വഴി ഹനുമാൻ വ്യാമശാലയിൽ സമാപിച്ചു.

സംഘർഷ സാധ്യത കണക്കിലെടുത്ത് റാലി കടന്നുപോവുന്ന പ്രദേശങ്ങളിൽ വൻ പൊലീസ് സേനയെ വിന്യസിച്ചിരുന്നു.

പ്രവാചക നിന്ദയടക്കം നിരവധി മതവിദ്വേഷ പ്രസം​ഗങ്ങൾ നടത്തി കുപ്രസിദ്ധനായ ബി.ജെ.പി നേതാവാണ് രാജാ സിങ്. വിദ്വേഷ പ്രസംഗം നടത്തിയതിന് രാജാ സിങ്, മഹാരാഷ്ട്ര എം.എൽ.എ നിതേഷ് റാണെ എന്നീ ബി.ജെ.പി നിയമസഭാം​ഗങ്ങൾക്കെതിരെ ജനുവരിയിൽ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരുന്നു. സോലാപൂരിൽ 'ഹിന്ദു ജൻ ആക്രോശ്' യാത്രയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലായിരുന്നു നടപടി.

മുസ്‌ലിം വ്യാപാരികളെ ഹിന്ദുക്കൾ ബഹിഷ്‌കരിക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടിരുന്നു. പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നേരത്തെ ബി.ജെ.പി ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സസ്‌പെൻഷൻ പിൻവലിച്ച് ഘോഷാമഹൽ മണ്ഡലത്തിൽ മത്സരിപ്പിക്കുകയായിരുന്നു.

TAGS :

Next Story