Quantcast

''റാണി കമലാപതി വിവാഹം കഴിച്ചത് മുസ്‍ലിമിനെ; ബിജെപി ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ''- വിമർശനവുമായി കോൺഗ്രസ് നേതാവ്

ഈ മാസം 15നാണ് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ രാജ്യത്തിന് സമർപ്പിച്ചത്. ചടങ്ങിൽ റാണി കമലാപതി റെയിൽവേ സ്റ്റേഷനാക്കി പുനർനാമകരണം നടത്തുകയും ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-28 11:11:39.0

Published:

28 Nov 2021 11:10 AM GMT

റാണി കമലാപതി വിവാഹം കഴിച്ചത് മുസ്‍ലിമിനെ; ബിജെപി ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ- വിമർശനവുമായി കോൺഗ്രസ് നേതാവ്
X

18-ാം നൂറ്റാണ്ടിലെ ഗോണ്ട് രാജ്ഞിയായിരുന്ന റാണി കമലാപതി വിവാഹം ചെയ്തത് ഒരു മുസ്‍ലിമിനെയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ്. മധ്യപ്രദേശിലെ ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന് റാണിയുടെ പേരുനല്‍കിയതിനെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു കോണ്‍ഗ്രസ് രാജ്യസഭാ അംഗം രാജ്മണി പട്ടേലിന്‍റെ ബിജെപി വിമർശനം. സ്റ്റേഷന്റെ പുതിയ പേരുമാറ്റത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഭോപ്പാലിലെ ഒരു റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയത്. (ഭോപ്പാലിന്റെ) ആദിവാസി രാജ്ഞിയായ റാണി കമലാപതിയുടെ പേരാണ് സ്റ്റേഷന് പുതുതായി ഇട്ടിരിക്കുന്നത്. റാണി കമലാപതി ആരായിരുന്നുവെന്ന് സാധാരണ ജനത്തിന് അറിയില്ല. അവരൊരു ഗോത്രവർഗക്കാരിയായിരുന്നു. അവർ ആരെയാണ് വിവാഹം കഴിച്ചിട്ടുള്ളത്? ഒരു മുസ്‍ലിമിനെയായിരുന്നു അവർ വിവാഹം കഴിച്ചത്. ഇനി അവർ ശുദ്ധ ഹിന്ദുവോ ശുദ്ധ മുസൽമാനോ ആണെന്ന് (പ്രധാനമന്ത്രിയോട്) ചോദിക്കൂ-രാജ്മണി പട്ടേൽ പറഞ്ഞു.

''കമലാപതി ഒരു മുസ്‍ലിം കമാൻഡറുമായി സൗഹൃദത്തിലായിരുന്നു. മറ്റുള്ളവരെ ആക്രമിക്കാനായി അയാളുടെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാൽ, ഇരുവരും പ്രണയത്തിലായ ശേഷം അവർ ജലസമാധിയാകുകയായിരുന്നു'' അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദു-മുസ്‍ലിം പേരുകളിൽ ബിജെപി സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും രാജ്മണി പട്ടേൽ കുറ്റപ്പെടുത്തി. വോട്ടിനു വേണ്ടി ചരിത്രം തിരുക്കുകയുമാണവർ. രാജാ മഹാരാജാക്കന്മാരുടെ സ്വഭാവങ്ങളെല്ലാം എല്ലാവർക്കും അറിയാം. ഈ രാജ്യത്തിന് രാജാ മഹാരാജാക്കന്മാർ ചെയ്തതെന്താണെന്നതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റാണി കമലാപതി മുസ്‍ലിമായിരുന്നോ എന്ന ചോദ്യത്തോട് അത് ബിജെപി വ്യക്തമാക്കട്ടെയെന്ന് പട്ടേൽ പ്രതികരിച്ചു. ബിജെപി നേതാക്കളുടെ മക്കളും മുസ്‍ലിംകളെ വിവാഹം കഴിച്ചിട്ടുണ്ടെന്നും രാജ്മണി പട്ടേൽ എംപി കൂട്ടിച്ചേർത്തു.

റാണി കമലാപതി ഒരു മുസ്‍ലിമിനെയാണ് വിവാഹം കഴിച്ചതെന്ന കാര്യം ചൂണ്ടിക്കാട്ടി ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന്റെ പേരുമാറ്റത്തിനു മുൻപ് മധ്യപ്രദേശിലെ ബിജെപി സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. റാണി കമലാപതി വിവാഹം കഴിച്ചത് ഗിന്നോർഗഢ് രാജാവായിരുന്ന സുരാജ് സിങ് ഷായുടെ മകൻ നിസാം ഷായെയാണെന്നാണ് കത്തിൽ സൂചിപ്പിച്ചത്. ഈ മാസം 15നാണ് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ രാജ്യത്തിന് സമർപ്പിച്ചത്. ചടങ്ങിൽ സ്റ്റേഷന്റെ പേര് റാണി കമലാപതി റെയിൽവേ സ്റ്റേഷനാക്കി പുനർനാമകരണം നടത്തുകയും ചെയ്തിരുന്നു.

Summary: Congress Rajya Sabha member Rajmani Patel has claimed Rani Kamalapati was married to a Muslim person and that a railway station in the BJP-ruled Madhya Pradesh was renamed after the Gond queen to mislead the people

TAGS :

Next Story