Quantcast

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ മുഖം എലികൾ കടിച്ചുകീറി; വീട്ടുകാർ ആശുപത്രി അടിച്ചുതകർത്തു

മരിച്ചയാള്‍ ദാനം ചെയ്യാനായി ഉദ്ദേശിച്ചിരുന്ന കണ്ണുകളും എലികള്‍ കടിച്ചു നശിച്ചെന്നും കുടുംബം പറയുന്നു

MediaOne Logo

Web Desk

  • Published:

    7 Dec 2025 12:13 PM IST

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ മുഖം എലികൾ കടിച്ചുകീറി;  വീട്ടുകാർ ആശുപത്രി അടിച്ചുതകർത്തു
X

AI generated images

ഡെറാഡൂൺ: ഹരിദ്വാറിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം ചെയ്യാനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ കണ്ണ് ഉള്‍പ്പെടെ മുഖം എലികള്‍ കടിച്ചുകീറിയതായി ആരോപണം. ശനിയാഴ്ച പുലര്‍ച്ചെയാണ് ബന്ധുക്കള്‍ മൃതദേഹം വികൃതമാക്കിയത് കണ്ടെത്തിയത്. തുടര്‍ന്ന് രോഷാകുലരായ കുടുംബാംഗങ്ങള്‍ ആശുപത്രി കെട്ടിടം അടിച്ചു തകര്‍ത്തു.

പഞ്ചാബി ധർമ്മശാലയുടെ മാനേജർ ലഖൻ എന്ന ലക്കി ശർമ്മ (36) ആണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാല്‍ ആശുപത്രിയിലെത്തും മുന്‍പ് തന്നെ ഇയാള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. . പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു.

"രാവിലെ ഞങ്ങൾ തിരിച്ചെത്തിയപ്പോൾ, മൃതദേഹത്തിന്‍റെ കണ്ണിലും, ചെവിയിലും, മൂക്കിലും, മുഖത്തും എലികളുടെ കടിയേറ്റ പാടുകൾ വ്യക്തമായി കണ്ടു'. മരിച്ചയാളുടെ ബന്ധു മനോജ് ശർമ്മ പറഞ്ഞു. മരിച്ചയാൾ തന്റെ കണ്ണുകൾ ദാനം ചെയ്യാൻ ഉദ്ദേശിച്ചിരുന്നുവെന്നും എലികള്‍ ഒരു കണ്ണ് കടിച്ചു നശിപ്പിച്ചെന്നും കുടുംബം പറയുന്നു.

ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായതെന്നാരോപിച്ച് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാകുകയും ജനക്കൂട്ടം തടിച്ചുകൂടുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. പൊലീസ് എത്തുന്നതിന് മുമ്പ് ആശുപത്രി വളപ്പിലെ കെട്ടിടങ്ങള്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു.

കുടുംബാംഗങ്ങളും അനുയായികളും ആശുപത്രിക്കുള്ളിലെ ഗ്ലാസ് ഗ്ലാസുകൾ, മേശകൾ, കസേരകൾ, അവശ്യ ഉപകരണങ്ങൾ എന്നിവ നശിപ്പിച്ചെന്നാണ് പരാതി.ഡീപ് ഫ്രീസർ ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്നും മൃതദേഹം സൂക്ഷിച്ചിരുന്ന പ്രത്യേക യൂണിറ്റിന്‍റെ പിന്‍ഭാഗം തുറന്നിരുന്നു. അങ്ങനെയാണ് എലികൾ ശരീരത്തിന്റെ ചില ഭാഗങ്ങൾ അകത്തുകടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. രൺബീർ സിംഗ് സമ്മതിച്ചു. ആശുപത്രിയിലെ നിരവധി ബോഡി സ്റ്റോറേജ് ഫ്രീസറുകൾ തകരാറിലാണെന്നത് സത്യമാണ്. ചിലതിന്‍റെ മൂടികൾ ശരിയായി അടയ്ക്കാനാകുന്നില്ല.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story