Quantcast

ആർ.ബി ശ്രീകുമാറിന്റെയും ടീസ്റ്റ സെത്തൽവാദിന്റെയും അറസ്റ്റ് പൗരാവകാശത്തിനും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണം: പിഡിപി

ഒരു സംസ്ഥാനത്ത് ആയിരകണക്കിന് പേർ അന്യായമായി കൊല്ലപ്പെടുമ്പോൾ അത് കുറ്റകരവും അനാസ്ഥയുമാണെന്ന് ഉറക്കെ വിളിച്ച് പറയുന്നത്‌ അറസ്റ്റിനും ഭരണകൂട ഭീകരതയുടെ അന്യായ തടങ്കലിനും കാരണമാവുകയാണെങ്കിൽ അതിന് ഈ രാജ്യത്തെ എണ്ണമറ്റ മതേതര-ജനാധിപത്യവിശ്വാസികളും ഒപ്പമുണ്ടാകുമെന്ന കാര്യം ഭരണകൂടത്തെ ഒർമ്മപ്പെടുത്തുന്നുവെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്

MediaOne Logo

Web Desk

  • Published:

    26 Jun 2022 1:05 PM GMT

ആർ.ബി ശ്രീകുമാറിന്റെയും ടീസ്റ്റ സെത്തൽവാദിന്റെയും അറസ്റ്റ് പൗരാവകാശത്തിനും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണം: പിഡിപി
X

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതി ലഭിക്കുന്നതിന് കഴിഞ്ഞ 19 വർഷക്കാലം നീണ്ട നിയമ പോരാട്ടത്തിനിറങ്ങുകയും കലാപത്തിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ടീസ്റ്റ സെത്തൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും സുപ്രിംകോടതി വിധിയുടെ മറവിൽ അറസ്റ്റ് ചെയ്ത നടപടി പൗരാവകാശത്തിനും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്. കലാപസമയത്ത് ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തപ്പെട്ട ആക്രമണങ്ങളുടെ അന്തപ്പുര രഹസ്യങ്ങൾ സംസ്ഥാനത്ത് ഇന്റലിജൻസ് വിഭാഗം കൈകാര്യം ചെയ്ത പ്രധാന ഉദ്യോഗസ്ഥൻ മനസ്സിലാക്കുകയും ശേഷം അവ സത്യവാങ്മൂലമായി സമർപ്പിക്കുകയും ചെയ്തിട്ടും അവയെ അംഗികരിക്കാത്ത നടപടി കടുത്ത നീതിരാഹത്യമാണ്.

ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ഗുജറാത്ത് കാലപകാലത്ത് സംസ്ഥാനത്തെ സർവ അധികാരവും കൈയ്യാളിയ ഒരു മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. തുടർന്ന് നിരന്തരം രൂക്ഷമായ ന്യൂനപക്ഷവിദ്വേഷവും വർഗ്ഗീയആഹ്വാനങ്ങളും പ്രസ്താവനകളും പ്രസംഗങ്ങളും കൊണ്ട് തന്റെ ഹീനമുഖം സമൂഹമധ്യത്തിൽ വെളിപ്പെടുത്തുകയും അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ പോലും സന്ദർശനം വിലക്കുകയും ചെയ്തിരിന്നു. അങ്ങനെയുള്ള ഒരാളുടെ ആ കലാപത്തിലെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെടുന്നത് പോലും ന്യായമായ കാരണമല്ലെന്ന് കണ്ടെത്തുന്ന വിധിപ്രസ്താവം ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ ആത്മാവിനേറ്റ കനത്ത മുറിവാണ്. അതിന് വേണ്ടി നിയമപരമായ അവകാശങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് കോടതിയെ സമീപിച്ചവരെ അന്യായമായി തടവിലിടാൻ പ്രോത്സാഹിപ്പിക്കുന്ന കോടതി വിധിയിലെ പരാമർശങ്ങൾ അത്യന്തം അപകടകരവുമാണ്. ഭരണകൂട ഭീകരതയുടെ ആ ഇരകൾക്കൊപ്പം സംഘപരിവാറിനും മോദിയുടെ ഹിന്ദുത്വ ഫാഷിസ്റ്റ് സർക്കാരിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത ജനാധിപത്യസമരവുമായി രാജ്യത്തെ മതേതര-ജനാധിപത്യ വിശ്വാസികൾ മുന്നോട്ട് നീങ്ങുക തന്നെ ചെയ്യും.രാജ്യത്തെ ഒരു സംസ്ഥാനത്ത് ആയിരകണക്കിന് പേർ അന്യായമായി കൊല്ലപ്പെടുമ്പോൾ അത് കുറ്റകരവും അനാസ്ഥയുമാണെന്ന് ഉറക്കെ വിളിച്ച് പറയുകയും അതിന് കൂട്ടുനിന്ന ഭരണാധികാരിയെ ജനാധിപത്യപരമായി വിമർശിക്കുകയും അതിനെതിരിൽ ന്യായമായ മാർഗങ്ങളിലൂടെ നിയമനടപടി സ്വീകരിക്കുകയും ചെയ്താൽ അത് കുറ്റകരമാവുകയും അറസ്റ്റിനും ഭരണകൂട ഭീകരതയുടെ അന്യായ തടങ്കലിനും കാരണാവുകയും ചെയ്യുകയാണെങ്കിൽ അതിന് ഈ രാജ്യത്തെ എണ്ണമറ്റ മതേതര-ജനാധിപത്യവിശ്വാസികളും ഒപ്പമുണ്ടാകുമെന്ന കാര്യം ഭരണകൂടത്തെ ഒർമ്മപ്പെടുത്തുന്നുവെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story