Quantcast

'ജൂണിന് ശേഷം സാമ്പത്തിക മാന്ദ്യം, ആഘാതം കുറയ്ക്കാന്‍ മോദിജി ശ്രമിക്കുന്നു'; കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

പ്രധാനമന്ത്രിയും ധനമന്ത്രിയും രാജ്യത്തു നിന്ന് എന്താണ് ഒളിക്കാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്

MediaOne Logo

Web Desk

  • Published:

    17 Jan 2023 11:54 AM GMT

ജൂണിന് ശേഷം സാമ്പത്തിക മാന്ദ്യം, ആഘാതം കുറയ്ക്കാന്‍ മോദിജി ശ്രമിക്കുന്നു; കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍
X

ന്യൂഡൽഹി: സമ്പദ് വ്യവസ്ഥയെ കുറിച്ച് കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭ വകുപ്പുമന്ത്രി നാരായണ്‍ റാണെ നടത്തിയ പ്രസ്താവന വിവാദത്തിൽ. ജൂൺ മാസത്തിന് ശേഷം മറ്റൊരു സാമ്പത്തികമാന്ദ്യത്തെ ഇന്ത്യ നേരിടുമെന്നും സർക്കാർ അതിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തി വരികയാണ് എന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. തിങ്കളാഴ്ച പൂനെയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റാണെ.

'ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യമുണ്ട്. നിരവധി രാഷ്ട്രങ്ങൾ അതനുഭവിക്കുന്നു. കേന്ദ്രസർക്കാർ യോഗത്തിലെ ചർച്ചയിൽനിന്നാണ് വിവരം ലഭിച്ചത്. ജൂണിന് ശേഷം ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അതിന്റെ ആഘാതം രാജ്യത്തെ ജനങ്ങളെ ബാധിക്കാതിരിക്കാൻ മോദിജിയും കേന്ദ്രസർക്കാറും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്' - ജി20 ഇൻഫ്രാസ്ട്രക്ചർ വർക്കിങ് ഗ്രൂപ്പിന്റെ ദ്വിദിന ഉച്ചകോടി ഉദ്ഘാടനം ചെയ്ത ശേഷം റാണെ പറഞ്ഞു.

പരാമർശത്തിന് പിന്നാലെ സർക്കാറിനെ കടന്നാക്രമിച്ച് കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയും ധനമന്ത്രിയും രാജ്യത്തു നിന്ന് എന്താണ് ഒളിക്കാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.

അതിനിടെ, 2023ൽ ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ദാവോസിൽ നടക്കുന്ന ലോകസാമ്പത്തിക ഫോറത്തിൽ അവതരിപ്പിച്ച ചീഫ് ഇകണോമിസ്റ്റ് ഔട്ട്‌ലുക്ക് സർവേ പറയുന്നു. രാജ്യത്തുടനീളമുള്ള പണപ്പെരുപ്പ നിരക്ക് ഉയർന്നു നിൽക്കുന്നതും ഭക്ഷ്യ-ഊർജ്ജ മേഖലയിലെ വിലപ്പെരുപ്പവും മാന്ദ്യത്തിന് കാരണമാകും എന്നാണ് വിലയിരുത്തൽ.

Summary: The remarks by Union Minister for Micro, Small and Medium Enterprises Narayan Rane has kicked off a political controversy with the Congress questioning the central government over the economy.

TAGS :

Next Story