Quantcast

അവശ്യസാധനങ്ങൾക്ക് തീവില; അടുത്ത കാലത്ത് കുറയുമോ?

വിലപ്പെരുപ്പം വർധിച്ചു നിൽക്കുന്ന വേളയിലാണ് ഇരുട്ടടി പോലെ ഗാർഹിക പാചകവാതക സിലിണ്ടർ വില വർധിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    8 May 2022 12:36 PM GMT

അവശ്യസാധനങ്ങൾക്ക് തീവില; അടുത്ത കാലത്ത് കുറയുമോ?
X

ന്യൂഡൽഹി: റോക്കറ്റു പോലെ കുതിച്ചുയർന്ന ഇന്ധന-പാചകവാതക വിലയ്ക്കു പിന്നാലെ, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിൽ പൊറുതി മുട്ടി രാജ്യം. മാർച്ചിലെ കണക്കു പ്രകാരം പച്ചക്കറി വിലയിൽ 19.88 ശതമാനവും പയറുവർഗങ്ങളുടെ വിലയിൽ 8.12 ശതമാനവും വർധനയാണ് ഉണ്ടായത്. പെട്രോളിയം ഉത്പന്നങ്ങൾക്കും പ്രകൃതി വാതകത്തിനും 69.2 ശതമാനവും രാസ ഉത്പന്നങ്ങൾക്ക് 12.66 ശതമാനവും വിലക്കയറ്റമുണ്ടായി. ഇരുമ്പു പോലുള്ള അടിസ്ഥാന ലോഹങ്ങളുടെ വില 25.97 ശതമാനമാണ് വർധിച്ചത്. എണ്ണക്കരുക്കൾക്ക് 22.49 ശതമാനവും ഗോതമ്പിന് 14.4 ശതമാനവും പേപ്പർ ഉത്പന്നങ്ങൾക്ക് 12.24 ശതമാനവും വർധന രേഖപ്പെടുത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകൾ.

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രാജ്യത്തെ ചില്ലറ വിൽപ്പന മേഖലയിലെ പണപ്പെരുപ്പം റിസർവ് ബാങ്ക് നിഷ്‌കർഷിച്ചതിനും മീതെ, ആറു ശതമാനത്തിലേറെയായി നിൽക്കുകയാണ്. ഉപഭോക്തൃ വില സൂചിക 17 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.95 ശതമാനത്തിലാണ്. പയറുവർഗങ്ങൾ, പച്ചക്കറികൾ, ഇറച്ചി, മീൻ, എണ്ണ തുടങ്ങിയവയിലെ ഉപഭോക്തൃ വിലസൂചിക 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.7 ശതമാനമാണ്. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ മൊത്ത വിലസൂചിക മാർച്ചിൽ 14.6 ശതമാനമാണ്. ഫെബ്രുവരിയിൽ ഇത് 13.1 ശതമാനമായിരുന്നു.

സീതാറാം യെച്ചൂരി പങ്കുവച്ച ഗ്രാഫിക്സ്

വിലപ്പെരുപ്പം വർധിച്ചു നിൽക്കുന്ന വേളയിലാണ് ഇരുട്ടടി പോലെ ഗാർഹിക പാചകവാതക സിലിണ്ടർ വില വർധിപ്പിച്ചത്. 14.2 കിലോഗ്രാം വരുന്ന സിലിണ്ടറിന് ആയിരം രൂപയാണ് വില. 2020 മെയിൽ 581 രൂപയുണ്ടായിരുന്ന വിലയാണ് ഇപ്പോൾ ആയിരം കടന്നത്. രണ്ടു വർഷത്തിനിടെ മാത്രം 72 ശതമാനം വർധനാണ് പാചകവാതകത്തിലുണ്ടായിരുന്നത്. സമാനമായ സാഹചര്യമാണ് പെട്രോളിയം ഉത്പന്നങ്ങളുടേതും. രണ്ടു വർഷം മുമ്പ് എഴുപത് രൂപയുണ്ടായിരുന്ന പെട്രോളിന് ഡൽഹിയിൽ ഇപ്പോൾ 105 രൂപയാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നാലെയുണ്ടായ അസംസ്‌കൃത എണ്ണയുടെ വിലവർധനയാണ് വിപണിയിൽ പ്രതിഫലിക്കുന്നത് എന്നാണ് സർക്കാർ പറയുന്നത്.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ 40 ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു. 2020 മെയ് മുതൽ മാറ്റമില്ലാതെ തുടരുകയായിരുന്ന നാലു ശതമാനം നിരക്കാണ് കേന്ദ്രബാങ്ക് വർധിപ്പിച്ചത്. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പണത്തിന്റെ പലിശ നിരക്കാണ് റിപ്പോ. വിപണിയിലെ പണലഭ്യത കുറയ്ക്കാനും ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാനുമാണ് ആർബിഐ ശ്രമിക്കുന്നത്. എന്നാൽ അടിസ്ഥാന പലിശനിരക്കുകൾ വ്യത്യാസപ്പെടുത്തിയതു കൊണ്ടു മാത്രം നാണ്യപ്പെരുപ്പം നിയന്ത്രിക്കാനാകില്ല എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

TAGS :

Next Story