Quantcast

ഋഷഭ് പന്തിന് ഇന്ന് വീണ്ടും എം.ആർ.ഐ സ്‌കാനിങ്; ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്

പൊള്ളലേറ്റ മുതുകിൽ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    31 Dec 2022 1:45 AM GMT

ഋഷഭ് പന്തിന് ഇന്ന് വീണ്ടും എം.ആർ.ഐ സ്‌കാനിങ്; ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്
X

ഡെറാഡൂൺ: വാഹനാപകടത്തിൽ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരം. ഇന്ന് വീണ്ടും എം.ആർ.ഐ സ്‌കാനിങ് നടത്തും. പൊള്ളലേറ്റ മുതുകിൽ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ട്.

അപകടത്തിൽ കാൽപാദത്തിലും ഉപ്പൂറ്റിയിലും പരിക്കേറ്റിട്ടുണ്ട്. എന്നാൽ, തലയ്ക്കും നട്ടെല്ലിനും മറ്റ് ആന്തരികാവയവങ്ങൾക്കും കാര്യമായ പരിക്കില്ലെന്നാണ് ഇന്നലെ നടത്തിയ എം.ആർ.ഐ സ്‌കാനിങ്ങിൽ വ്യക്തമായത്. നീർക്കെട്ട് ഉണ്ടായതിനാലാണ് കാൽപാദത്തിന്റെ പരിശോധന ഇന്നലെ പൂർത്തിയാക്കാൻ കഴിയാതെപോയത്. അപകടത്തിൽ കണ്ണിനു മുകളിൽ സംഭവിച്ച മുറിവിലും മുതുകിൽ പൊള്ളലേറ്റ മുറിവിലും ഇന്നലെ പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.

അപകടത്തിൽ നെറ്റിയിലെ പരിക്കുകൾക്കു പുറമെ വലതു കാൽമുട്ടിന്റെ ലിഗ്മെന്റ് ഇളകിയതായി ഇന്നലെ ബി.സി.സി.ഐ അറിയിച്ചിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലും പരിക്കുമുണ്ട്. നെറ്റിയിൽ രണ്ടിടത്താണ് മുറിവുള്ളത്. വലതു കാൽമുട്ടിലെ ലിഗ്മെന്റ് ഇളകി. വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവയ്ക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. പുറംഭാഗത്ത് തോലുരിഞ്ഞുള്ള പരിക്കുമുണ്ടെന്നാണ് ബി.സി.സി.ഐ വാർത്താകുറിപ്പിൽ അറിയിച്ചിരുന്നത്.

നിലവിൽ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്ത് ചികിത്സയിലുള്ളത്. താരം അപകടനില തരണം ചെയ്തിട്ടുണ്ടെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്. കുടുംബവുമായും ഡോക്ടർമാരുമായും സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്തിരുന്നു.

രാജ്യത്തെ ഞെട്ടിച്ച കാറപകടം

ഡൽഹി-ഹരിദ്വാർ ഹൈവേയിൽ ഇന്നലെ പുലർച്ചെ 5.30ഓടെയാണ് അപകടം നടന്നത്. ഡിവൈഡറിൽ ഇടിച്ച കാർ കത്തിയമരുകയായിരുന്നു. സംഭവസമയത്ത് എയർബാഗ് പ്രവർത്തിച്ചിരുന്നോ എന്നു വ്യക്തമല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. കാറിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അപകടത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ വെച്ചാണ് അപകടമുണ്ടായത്. ഡൽഹിയിൽനിന്ന് റൂർക്കിയിലെ വീട്ടിലേക്ക് വരികയായിരുന്നു പന്ത്. കാർ കത്തുന്നതിന്റെ ശബ്ദം കേട്ടാണ് സമീപത്തെ ഗ്രാമീണർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് വിവരമറിഞ്ഞ് പൊലീസും എത്തുകയായിരുന്നു.

ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് പ്രാഥമിക പരിചരണം നൽകിയ ശേഷം ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സയ്ക്കായി ഋഷഭ് പന്തിനെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി. താരം അപകടനില തരണം ചെയ്തെന്ന് മാക്സ് ആശുപത്രി അധികൃതർ വ്യക്തമാക്കി. പന്ത് നിരീക്ഷണത്തിലാണെന്നും വിശദമായ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Summary: The health condition of cricketer Rishabh Pant, who was injured in a car accident, is stable as MRI scan will be done again today

TAGS :

Next Story