Quantcast

ഋഷഭ് പന്ത് മദ്യലഹരിയില്‍ ആയിരുന്നോ? അമിതവേഗതയിലായിരുന്നോ?- ആരോപണങ്ങളോട് പ്രതികരിച്ച് ഉത്തരാഖണ്ഡ് പൊലീസ്

അന്വേഷണത്തിന്റെ ഭാഗമായി ഉത്തർപ്രദേശ് അതിർത്തി മുതൽ നർസനിലെ അപകടസ്ഥലം വരെ പത്തോളം സ്പീഡ് കാമറകൾ പരിശോധിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-01 09:48:34.0

Published:

1 Jan 2023 9:39 AM GMT

ഋഷഭ് പന്ത് മദ്യലഹരിയില്‍ ആയിരുന്നോ? അമിതവേഗതയിലായിരുന്നോ?- ആരോപണങ്ങളോട് പ്രതികരിച്ച് ഉത്തരാഖണ്ഡ് പൊലീസ്
X

ഡെറാഡൂൺ: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാറപകടത്തിൽ ഉയരുന്ന സംശയങ്ങളിൽ വിശദീകരണവുമായി ഉത്തരാഖണ്ഡ് പൊലീസ്. താരം മദ്യലഹരിയിലായിരുന്നു കാറോടിച്ചിരുന്നതെന്നും അമിതവേഗത്തിലായിരുന്നുവെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ, സി.സി.ടി.വി കാമറകളും മറ്റു തെളിവുകളും പരിശോധിച്ച ശേഷം ഇത്തരം ആരോപണങ്ങൾ തള്ളിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പൊലീസ്.

പന്ത് മദ്യലഹരിയിലായിരുന്നെങ്കിൽ എങ്ങനെ ഡൽഹിയിൽനിന്ന് 200 കി.മീറ്റർ ദൂരം ഒറ്റയ്ക്ക് കാറോടിച്ചെത്തിയെന്നാണ് പൊലീസ് ചോദിക്കുന്നത്. ദേശീയപാതയിൽ പത്തോളം സ്പീഡ് കാമറകൾ പരിശോധിച്ചിട്ടുണ്ടെന്നും ഇതിൽനിന്ന് അമിതവേഗമല്ലെന്ന് ബോധ്യപ്പെട്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നേരത്തെ പൊലീസ് വിശദീകരിച്ചിരുന്നത്.

ഉത്തർപ്രദേശ് അതിർത്തി മുതൽ നർസനിലെ അപകടസ്ഥലം വരെ എട്ടുപത്ത് സ്പീഡ് കാമറകൾ ഞങ്ങൾ പരിശോധിച്ചു. എന്നാൽ, മണിക്കൂറിൽ 80 കി.മീറ്റർ എന്ന ദേശീയപാതയിലെ വേഗപരിധി താരം ലംഘിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. കാർ അതിവേഗത്തിലായിരുന്നുവെന്നും ഡിവൈഡറിൽ ഇടിച്ചശേഷം വായുവിൽ ഉയർന്നുപൊങ്ങുകയും ചെയ്ത പോലെയാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ തോന്നുന്നത്. ഞങ്ങളുടെ സാങ്കേതിക വിഭാഗം സംഭവസ്ഥലം പരിശോധിച്ചു. എന്നാൽ, അമിതവേഗം വ്യക്തമാക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല-ഹരിദ്വാർ സീനിയർ പൊലീസ് സുപ്രണ്ട് അജയ് സിങ് പറഞ്ഞു.

അവൻ മദ്യപിച്ചിരുന്നെങ്കിൽ ഡൽഹിയിൽനിന്ന് ഒരു അപകടത്തിലും പെടാതെ 200 കി.മീറ്റർ എന്ന വലിയൊരു ദൂരം താരം എങ്ങനെ ഡ്രൈവ് ചെയ്തു? റൂർക്കി ആശുപത്രിയിൽ താരത്തിന് പ്രഥമ പരിചരണം നൽകിയ ഡോക്ടർ പറഞ്ഞതും താരം ബോധാവസ്ഥയിലാണെന്നാണ്. അതുകൊണ്ടാണ്, അവനു കാറിൽനിന്ന് പുറത്തുകടക്കാനായത്. മദ്യപിച്ചവർക്ക് ഇങ്ങനെ കാറിൽനിന്ന് പുറത്തുകടക്കാൻ സാധ്യമല്ലെന്നും എസ്.എസ്.പി അജയ് സിങ് കൂട്ടിച്ചേർത്തു.

അതിനിടെ, പന്തിനെ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയിട്ടുണ്ട്. ചികിത്സ തുടരുന്ന ഡെറാഡൂൺ മാക്‌സ് ആശുപത്രിയിൽ വച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തുമുണ്ടായ മുറിവുകളും പോറലുകളും പരിഹരിക്കാനാണ് പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയത്.

അപകടത്തിൽ താരത്തിന്റെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. ഇതോടൊപ്പം വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നീ ഇടങ്ങളിലും പരിക്കുണ്ട്. ലിഗ്മെന്റ് പരിക്കും ഡോക്ടർമാർ വിലയിരുത്തുന്നുണ്ട്.

പന്തിന്റെ ആരോഗ്യനിലയിൽ തൃപ്തി അറിയിച്ച് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടുണ്ട്. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ നർസനിൽ വെള്ളിയാഴ്ച പുലർച്ചെ 5.30നായിരുന്നു അപകടം. പന്ത് സഞ്ചരിച്ച കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ തീ ആളിപ്പടർന്ന് കാർ കത്തിനശിക്കുകയും ചെയ്തു. അപകടത്തിനു പിന്നാലെ ഇവിടെയെത്തിയ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്നാണ് താരത്തെ കാറിൽനിന്ന് പുറത്തിറങ്ങാൻ സഹായിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.

Summary: Uttarakhand police responds to the claims that Rishabh Pant was over speeding also was drunk while driving

TAGS :

Next Story