ലാലു കുടുംബത്തിൽ പൊട്ടിത്തെറി?; ലാലു പ്രസാദിനെയും തേജസ്വിയെയും സാമൂഹ്യ മാധ്യമത്തിൽ അൺഫോളോ ചെയ്ത് രോഹിണി ആചാര്യ
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ രോഹിണി ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ സഹോദരന്‍ തേജസ്വി യാദവ് അത് നിരസിച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിൻ്റെ കുടുംബത്തിൽ പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. മകൾ രോഹിണി ആചാര്യ ലാലുവിനെയും തേജസ്വിയെയും സാമൂഹ്യ മാധ്യമത്തിൽ അൺഫോളോ ചെയ്തു.
മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ സഞ്ജയ് യാദവിന് പാർട്ടില്‍ പ്രധാന്യം കൂടുന്നുവെന്നും യാദവുമായുള്ള അടുപ്പത്തിലും രോഹിണിക്ക് അതൃപ്തിയുണ്ടെന്നും ഇതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതുമെന്നാണ് ആർജെഡി വൃത്തങ്ങൾ പറയുന്നത്.
2022 ൽ ലാലു പ്രസാദിന് വൃക്ക ദാനംചെയ്തത് മകളായ രോഹിണിയായിരുന്നു. സെപ്റ്റംബർ 18 ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ പോസ്റ്റ് രോഹിണി പങ്കിട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ബിഹാർ അധികാര് യാത്ര'യ്ക്കുള്ള ബസിൽ സഞ്ജയ് മുൻ സീറ്റിൽ ഇരുന്നതിനെതിരെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ വിമര്‍ശിച്ചിരുന്നു.ബസിലെ മുന്‍ സീറ്റ് സാധാരണയായി പാർട്ടിയുടെ ഉന്നത നേതൃത്വത്തിനോ അല്ലെങ്കില്‍ ലാലുപ്രസാദിനോ തേജസ്വി യാദവിനെ മാത്രം അവകാശപ്പെട്ടതാണെന്ന പോസ്റ്റാണ് രോഹിണി പങ്കുവെച്ചത്. പിന്നാലെ ഇത് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെക്കുകയും ചെയ്തു.
അടുത്ത ദിവസം, സിംഗപ്പൂരിലെ ഓപ്പറേഷൻ തിയേറ്ററിലേക്ക് തന്റെ പിതാവിന് വൃക്ക ദാനം ചെയ്യാൻ കൊണ്ടുപോകുന്നതിന്റെ പഴയ ഒരു ഫോട്ടോയും രോഹിണി പങ്കുവെച്ചു. "ജീവിതം കൈവെള്ളയിൽ വഹിക്കുന്നവർക്ക് ഏറ്റവും വലിയ ത്യാഗങ്ങൾ ചെയ്യാനുള്ള മനസ്സുണ്ട്. അനിർഭയത്വം, ധൈര്യം, ആത്മാഭിമാനം എന്നിവ അവരുടെ രക്തത്തിലുണ്ടാകും''. എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. ഇതിന് പുറമെ എക്സിലും മറ്റൊരു പോസ്റ്റ് രോഹിണി പങ്കുവെച്ചു. 'ഒരു മകളും സഹോദരിയും എന്ന നിലയിൽ ഞാൻ എന്റെ കടമയും നീതിയും നിറവേറ്റി, ഭാവിയിലും ഞാൻ അത് തുടരും. ഒരു സ്ഥാനത്തിനd വേണ്ടിയുള്ള ആഗ്രഹമോ രാഷ്ട്രീയ അഭിലാഷങ്ങളോ എനിക്കില്ല. എനിക്കെന്‍റെ ആത്മാഭിമാനമാണ് പരമപ്രധാനം" എന്നായിരുന്നു ആ പോസ്റ്റ്.
സെപ്തംബര്‍ 20-ന് രോഹിണി ആചാര്യ പാർട്ടിയിലെ എല്ലാ ഉന്നത നേതാക്കളെയും സോഷ്യല്‍മീഡിയയില്‍ അൺഫോളോ ചെയ്തു. ലാലുപ്രസാദ്,സഹോദരന്മാരായ തേജസ്വി യാദവ്,തേജ് പ്രതാപ്,മൂത്ത സഹോദരി മിസ ഭാരതി എന്നിവരെയടക്കമാണ് അണ്‍ഫോളോ ചെയ്തത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ രോഹിണി ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ തേജസ്വി യാദവ് അത് നിരസിച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സരണില്‍ നിന്ന് രോഹിണി പരാജയപ്പെട്ടിരുന്നു.ഉപദേഷ്ടാവായ സഞ്ജയ് യാദവാണ് തനിക്ക് ടിക്കറ്റ് നിഷേധിച്ചതില്‍ പങ്കുവഹിച്ചെതെന്നുമാണ് രോഹിണിയുടെ വാദമെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവം ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി രോഹിണി വീണ്ടും എക്സില്‍ പോസ്റ്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് രോഹിണി വ്യക്തമാക്കി.
'ട്രോളർമാർ,മാധ്യമങ്ങൾ,പാർട്ടിയെ കൈയടക്കാനുള്ള ദുരുദ്ദേശ്യമുള്ളവർ പ്രചരിക്കുന്ന എല്ലാ കിംവദന്തികളും അടിസ്ഥാനരഹിതവും എന്റെ പ്രതിച്ഛായയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള അപവാദ പ്രചാരണത്തിന്റെ ഭാഗവുമാണ്. രാഷ്ട്രീയ അഭിലാഷങ്ങൾ നേരത്തെയുമുണ്ടായിട്ടില്ല, ഇപ്പോഴും ഇല്ല, ഭാവിയിലും ഉണ്ടാകില്ല.നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ എനിക്ക് ആഗ്രഹമില്ല, മറ്റാരെയും സ്ഥാനാർത്ഥിയാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല, രാജ്യസഭാംഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ കുടുംബത്തിലെ ആരുമായും എനിക്ക് ശത്രുതയില്ല, ഭാവിയിൽ രൂപീകരിക്കാൻ സാധ്യതയുള്ള പാർട്ടിയിലോ സർക്കാരിലോ ഒരു സ്ഥാനത്തിനും ഞാൻ ആഗ്രഹിക്കുന്നില്ല,".രോഹിണി വ്യക്തമാക്കി.
Adjust Story Font
16

