Quantcast

'ഓരോ ഉൽപ്പന്നത്തിനും ഒരു കോടി പിഴയിടും'; പതഞ്ജലിക്ക് മുന്നറിയിപ്പുമായി സുപ്രിം കോടതി

"തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ എല്ലാ പരസ്യങ്ങളും പതഞ്ജലി ആയുർവേദ് അടിയന്തരമായി നിർത്തണം"

MediaOne Logo

Web Desk

  • Published:

    22 Nov 2023 7:40 AM GMT

ഓരോ ഉൽപ്പന്നത്തിനും ഒരു കോടി പിഴയിടും; പതഞ്ജലിക്ക് മുന്നറിയിപ്പുമായി സുപ്രിം കോടതി
X

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമായ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ പതഞ്ജലി ആയുർവേദിന് മുന്നറിയിപ്പു നൽകി സുപ്രിം കോടതി. ഇത്തരം പരസ്യങ്ങൾ എത്രയും വേഗം പിൻവലിക്കണമെന്നും അല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞു. യോഗ ആചാര്യൻ ബാബാ രാംദേവിന് ഉടമസ്ഥതയുള്ള കമ്പനിയാണ് പതഞ്ജലി ആയുർവേദ്.

ജസ്റ്റിസ് അഹ്‌സാനുദ്ദീൻ അമാനുല്ല, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അംഗങ്ങളായ ബഞ്ചാണ് പതഞ്ജലിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. 'തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ എല്ലാ പരസ്യങ്ങളും പതഞ്ജലി ആയുർവേദ് അടിയന്തരമായി നിർത്തണം. ഏതെങ്കിലും തരത്തിലുള്ള ലംഘനമുണ്ടായാൽ കോടതി ഗൗരവമായി കണക്കാക്കും'- പതഞ്ജലിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ പരാതി പരിഗണിക്കവെ ബഞ്ച് പറഞ്ഞു.

പരസ്യം തുടർന്നാൽ ഓരോ ഉൽപ്പന്നത്തിനും ഓരോ കോടി രൂപ വീതം പിഴയിടുമെന്നും കോടതി മുന്നറിയിപ്പു നൽകി. കേസ് അടുത്ത വർഷം ഫെബ്രുവരി അഞ്ചിന് വീണ്ടും പരിഗണിക്കും. ഹർജിയിൽ നേരത്തെ കേന്ദ്ര ആരോഗ്യ-ആയുഷ് മന്ത്രാലയങ്ങൾക്കും പതഞ്ജലിക്കും കോടതി നോട്ടീസയച്ചിരുന്നു.

നേരത്തെ കേസ് പരിഗണിച്ച വേളയിലും കോടതി ബാബ രാംദേവിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. 'ഈ ഗുരു സ്വാമി രാംദേവ് ബാബയ്ക്ക് എന്തു പറ്റി? ആത്യന്തികമായി ഞങ്ങൾക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്. അദ്ദേഹം യോഗയെ ജനപ്രിയമാക്കി. നമ്മൾ എല്ലാവരും അതു ചെയ്യുന്നുണ്ട്. എന്നാൽ മറ്റു സംവിധാനങ്ങളെ വിമർശിക്കേണ്ടതില്ല. ആയുർവേദത്തിന്റെയോ അദ്ദേഹം പിന്തുടരുന്ന സംവിധാനത്തിന്റെയോ ഗ്യാരന്റി എന്താണ്. എല്ലാ ഡോക്ടർമാരെയും കൊല്ലുന്നവരും മറ്റുമാക്കി അദ്ദേഹത്തിന്റെ പരസ്യം കാണുന്നു. വലിയ പരസ്യങ്ങൾ.' - എന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബഞ്ച് വിമർശിച്ചിരുന്നത്.

പ്രമേഹം അടക്കമുള്ള അസുഖങ്ങൾക്ക് പരിഹാരമായി പതഞ്ജലി ഉൽപ്പന്നങ്ങൾ നിർദേശിച്ച് ഇന്ത്യൻ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു അടക്കമുള്ള പ്രമുഖ പത്രങ്ങളിൽ കമ്പനി പരസ്യം നൽകിയിരുന്നു. അലോപ്പതി മരുന്നുകൾക്ക് വലിയ പാർശ്വഫലങ്ങളുണ്ടെന്നും പരസ്യങ്ങളിൽ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഐഎംഎ കോടതിയെ സമീപിച്ചത്.

TAGS :

Next Story