Quantcast

ആർ.എസ്.എസ് ഇന്ത്യൻ സംസ്‌കാരം ഉയർത്തിപ്പിടിക്കുന്ന സംഘടന-രവീന്ദ്ര ജഡേജ

ഇത്തവണ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗർ നോർത്തിൽ ബി.ജെ.പി അക്കൗണ്ടിൽ മത്സരിച്ച രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ വൻ വിജയം നേടിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-26 14:05:30.0

Published:

26 Dec 2022 2:04 PM GMT

ആർ.എസ്.എസ് ഇന്ത്യൻ സംസ്‌കാരം ഉയർത്തിപ്പിടിക്കുന്ന സംഘടന-രവീന്ദ്ര ജഡേജ
X

അഹ്‌മദാബാദ്: ഇന്ത്യൻ സംസ്‌കാരവും നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന സംഘടനയാണ് ആർ.എസ്.എസ്സെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. സോഷ്യല്‍ മീഡിയയില്‍ ഭാര്യയും ഗുജറാത്ത് എം.എൽ.എയുമായ റിവബയെ അഭിനന്ദിച്ചുകൊണ്ട് പങ്കുവച്ച കുറിപ്പിലാണ് ജഡേജയുടെ പരാമർശം.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റിവബ ആർ.എസ്.എസ്സിനെക്കുറിച്ച് നടത്തിയ അഭിപ്രായപ്രകടനം പങ്കുവയ്ക്കുകയായിരുന്നു ജഡേജ. 'ആർ.എസ്.എസ്സിനെക്കുറിച്ചുള്ള നിന്റെ അറിവ് കാണാൻ വളരെ സന്തോഷമുണ്ട്. ഇന്ത്യൻ സംസ്‌കാരവും നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ പ്രചരിപ്പിക്കുന്ന സംഘടനയാണത്. അറിവും കഠിനാധ്വാനവുമാണ് നിന്നെ വേറിട്ടുനിർത്തുന്ന കാര്യം. അതു തുടരുക.'-ജഡേജ കുറിച്ചു.

ഇത്തവണ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗർ നോർത്തിൽ ബി.ജെ.പി അക്കൗണ്ടിൽ മത്സരിച്ച റിവബ വൻ വിജയം നേടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം രവീന്ദ്ര ജഡേജ സജീവസാന്നിധ്യവുമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പണം വാരിയെറിഞ്ഞ് ആഘോഷ പ്രകടനം നടത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

53,570 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു റിവബയുടെ ജയം. എ.എ.പിയുടെ കർഷൻബായ് കർമുറായിരുന്നു പ്രധാന എതിരാളി. മണ്ഡലത്തിൽ 2012ൽ കോൺഗ്രസും 2017ൽ ബി.ജെ.പിയുമാണ് ജയിച്ചത്. സിറ്റിങ് എം.എൽ.എ മേരുഭ ധർമേന്ദ്രസിങ് ജഡേജയെ ഒഴിവാക്കിയായിരുന്നു 2019ൽ ബി.ജെ.പിയിൽ ചേർന്ന റിവബയെ സ്ഥാനാർഥിയാക്കിയത്.

32കാരിയായ റിവബ ജുനാഗഡ് സ്വദേശിയും രവീന്ദ്ര ജഡേജ ജാംനഗർ സ്വദേശിയുമാണ്. കോൺഗ്രസ് കുടുംബമാണ് ജഡേജയുടേത്. അദ്ദേഹത്തിന്റെ സഹോദരി നൈന ജഡേജ ജാംനഗർ ജില്ലാ കോൺഗ്രസ് വനിതാ വിഭാഗം മേധാവിയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് ബിപേന്ദ്രസിങ് ജഡേജയ്ക്കുവേണ്ടിയും നൈന പ്രചാരണം നടത്തിയിരുന്നു.

പ്രചാരണത്തിനിടെ രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ് സിങ് ജഡേജ കോൺഗ്രസിന് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്ന വിഡിയോ വൈറലായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഹരി സിങ് സോളങ്കിയുടെ ബന്ധു കൂടിയാണ് റിവബ.

മെക്കാനിക്കൽ എൻജിനീയറാണ് റിവബ. 2016ലാണ് രവീന്ദ്ര ജഡേജയുമായുള്ള വിവാഹം. വർഷങ്ങളായി ജാംനഗർ-സൗരാഷ്ട്ര മേഖലയിൽ സാമൂഹിക പ്രവർത്തനങ്ങളുമായി സജീവമാണ് റിവബ. ഏതാനും മാസങ്ങളായി മണ്ഡലത്തിൽ തന്നെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയുമായിരുന്നു.

Summary: ''RSS is an organisation which promotes the ideals of upholding Indian culture and the values of our society'', Indian cricketer Ravindra Jadeja says in praise of his wife Rivaba

TAGS :

Next Story