Quantcast

'ദേശദ്രോഹ ശക്തികള്‍ക്ക് ഫണ്ട് നല്‍കുന്നു'; ഇന്‍ഫോസിസിനെതിരെ ഗുരുതര ആരോപണവുമായി ആര്‍.എസ്.എസ് മുഖപത്രം

ദ വയര്‍, സ്ക്രോള്‍, ആള്‍ട്ട് ന്യൂസ് തുടങ്ങിയ വെബ് പോര്‍ട്ടലുകള്‍ക്ക് ഫണ്ട് നല്‍കുന്നത് ഇന്‍ഫോസിസ് ആണെന്നാണ് പാഞ്ചജന്യ ആരോപിക്കുന്നത്

MediaOne Logo

ijas

  • Updated:

    2021-09-03 10:45:48.0

Published:

3 Sep 2021 10:35 AM GMT

ദേശദ്രോഹ ശക്തികള്‍ക്ക് ഫണ്ട് നല്‍കുന്നു; ഇന്‍ഫോസിസിനെതിരെ ഗുരുതര ആരോപണവുമായി ആര്‍.എസ്.എസ് മുഖപത്രം
X

ഇന്‍ഫോസിസിനെതിരെ ഗുരുതര ആരോപണവുമായി ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യ. ഇന്‍ഫോസിസ് ദേശദ്രോഹ ശക്തികള്‍ക്ക് ഫണ്ട് നല്‍കുന്നു, പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അട്ടിമറിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പാഞ്ചജന്യയുടെ പുതിയ കവര്‍സ്റ്റോറിയില്‍ ഉന്നയിക്കുന്നത്.

ആദായ നികുതി വകുപ്പിന്‍റെയും ജി.എസ്.ടിയുടെയും പോര്‍ട്ടലുകള്‍ വികസിപ്പിക്കാനുള്ള കരാര്‍ ഇന്‍ഫോസിസിനായിരുന്നു. കഴിഞ്ഞ മാസം ഇത് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കുന്നതില്‍ പ്രയാസം നേരിട്ടതോടെ ഇന്‍ഫോസിസ് സി.ഇ.ഓയെ ധനമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ചു വരുത്തിയിരുന്നു. ഒരു വിദേശ സര്‍ക്കാരുമായുള്ള കരാറില്‍ ഇന്‍ഫോസിസ് ഇങ്ങനെ ഉത്തരവാദിത്തരഹിതമായി പ്രവര്‍ത്തിക്കുമോയെന്നാണ് പാഞ്ചജന്യയുടെ ചോദ്യം. നികുതി പോര്‍ട്ടലുകളുമായി ബന്ധപ്പെട്ടാണ് കവര്‍സ്റ്റോറിയെങ്കിലും മറ്റ് ചില ആരോപണങ്ങള്‍ കൂടി പാഞ്ചജന്യ ഉന്നയിക്കുന്നുണ്ട്. ദ വയര്‍, സ്ക്രോള്‍, ആള്‍ട്ട് ന്യൂസ് തുടങ്ങിയ വെബ് പോര്‍ട്ടലുകള്‍ക്ക് ഫണ്ട് നല്‍കുന്നത് ഇന്‍ഫോസിസ് ആണെന്നാണ് പാഞ്ചജന്യ ആരോപിക്കുന്നത്. അര്‍ബന്‍ നക്സലുകള്‍ക്ക് പുരസ്കാരം നല്‍കുന്നു, അമേരിക്കയിലെ ഹിന്ദു വിരുദ്ധ പദ്ധതികള്‍ക്ക് ഫണ്ട് ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ക്ക് പുറമെ ഇന്‍ഫോസിസിലെ എച്ച്.ആര്‍ വിഭാഗത്തില്‍ മാര്‍ക്സിസ്റ്റുകാരുടെ ബാഹുല്യമാണെന്നും പാഞ്ചജന്യ ആരോപിക്കുന്നു.


ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി പല ഘട്ടങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പുകഴ്ത്തിയിട്ടുണ്ട്. എന്നാല്‍, 2019 തെരഞ്ഞെടുപ്പ് കാലത്ത് കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ നടന്ന ഒരു പരിപാടിയില്‍ രാജ്യം പുരോഗതി പ്രാപിക്കണമെങ്കില്‍ വിശ്വാസ സ്വാതന്ത്ര്യവും ഭയത്തില്‍ നിന്നുള്ള മോചനവും അനിവാര്യമാണെന്ന് മൂര്‍ത്തി പ്രസംഗിച്ചിരുന്നു. 2019 മെയില്‍ ഇന്‍റഫോസിസിന്‍റെ കീഴിലുള്ള എന്‍.ജി.ഒ ആയ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍റെ രജിസ്ട്രേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. 2016ല്‍ തന്നെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ തങ്ങള്‍ അപേക്ഷ നല്‍കിയിരുന്നതായിരുന്നു എന്നായിരുന്നു ഇതെ കുറിച്ചുള്ള ഇന്‍ഫോസിസിന്‍റെ പ്രതികരണം.

TAGS :

Next Story