Quantcast

ന്യൂനപക്ഷങ്ങളുടെ ഭയം ഇല്ലാതാക്കാനുള്ള ശ്രമം തുടരും: മോഹൻ ഭാഗവത്

എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും തുല്യമായി ബാധകമായ ഒരു സമഗ്ര ജനസംഖ്യാ നയം ആവശ്യമാണെന്ന് മോഹന്‍ ഭാഗവത്

MediaOne Logo

Web Desk

  • Published:

    6 Oct 2022 10:38 AM GMT

ന്യൂനപക്ഷങ്ങളുടെ ഭയം ഇല്ലാതാക്കാനുള്ള ശ്രമം തുടരും: മോഹൻ ഭാഗവത്
X

ന്യൂനപക്ഷങ്ങൾ ഒരുതരത്തിലുള്ള അപകടവും അഭിമുഖീകരിക്കുന്നില്ലെന്നും അവരുടെ ഭയം ശമിപ്പിക്കാൻ ഹിന്ദുത്വ സംഘടനകൾ അവരെ സമീപിക്കുന്നത് തുടരുമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. മുസ്‍ലിം പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും മുസ്‍ലിം പള്ളിയും മദ്രസയും സന്ദര്‍ശിക്കുകയും ചെയ്തതിനു പിന്നാലെയാണ് മോഹൻ ഭാഗവതിന്‍റെ പരാമര്‍ശം.

ഹിന്ദുക്കൾ സംഘടിതരായതിനാൽ നിങ്ങൾ അപകടത്തിലാണെന്ന് പറഞ്ഞ് ചിലർ ന്യൂനപക്ഷങ്ങളിൽ ഭയം നിറയ്ക്കുകയാണ്. അങ്ങനെയൊന്ന് കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചിട്ടില്ല. ഇനിയും ഉണ്ടാവുകയില്ല. സംഘ്പരിവാറിന്‍റെയോ ഹിന്ദുക്കളുടെയോ സ്വഭാവം അങ്ങനെയല്ലെന്നും മോഹന്‍ ഭാഗവത് അവകാശപ്പെട്ടു. ആര്‍.എസ്.എസ് സ്ഥാപകദിനത്തോട് അനുബന്ധിച്ചായിരുന്നു പരാമര്‍ശം.

"ആശങ്കകള്‍ കാരണമാണ് ന്യൂനപക്ഷങ്ങളിൽ നിന്നുള്ള ചില പ്രമുഖർ ഞങ്ങളെ കാണാന്‍ വരുന്നത്. അവർ സംഘ്പരിവാർ നേതാക്കളുമായി സംസാരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യും"- മോഹന്‍ ഭാഗവത് പറഞ്ഞു.

എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും തുല്യമായി ബാധകമായ ഒരു സമഗ്ര ജനസംഖ്യാ നയം ആവശ്യമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ എന്ന പ്രശ്നം പരിഹരിച്ചാല്‍ അത് പുതിയ രാഷ്ട്രങ്ങളുടെ സൃഷ്ടിയിലേക്ക് നയിക്കും. മാതൃഭാഷയ്ക്ക് ഊന്നല്‍ നല്‍കണം. കരിയർ കെട്ടിപ്പടുക്കുന്നതിന് ഇംഗ്ലീഷ് ഭാഷ പ്രധാനമല്ലെന്നും ഭാഗവത് പറഞ്ഞു.

രണ്ടാഴ്ച മുന്‍പാണ് മോഹൻ ഭാഗവത് ഡൽഹിയിലെ മുസ്‍ലിം പള്ളിയിലെത്തി ആൾ ഇന്ത്യ ഇമാം ഓർഗനൈസേഷനിലെ ഉമർ അഹമ്മദ് ഇല്യാസിയെ കണ്ടത്. അതിനു മുമ്പ് ഡൽഹിയിലെ കേശവ് കുഞ്ചിൽ ആർ.എസ്.എസ് ആസ്ഥാനത്ത് മുസ്‍ലിം പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ ഖുറൈശി, അലീഗഢ് സർവകലാശാല മുൻ വൈസ് ചാൻസലർ റിട്ട. ലഫ്. ജനറൽ സമീറുദ്ദീൻ ഷാ, രാഷ്ട്രീയ ലോക്ദൾ ദേശീയ വൈസ് പ്രസിഡന്റ് ശാഹിദ് സിദ്ദീഖി തുടങ്ങിയവരാണ് പ​ങ്കെടുത്തത്. മുസ്‍ലിം സമുദായത്തിനും ആർ.എസ്.എസിനുമിടയിലെ അകൽച്ച ലഘൂകരിക്കാൻ മുസ്‍ലിം നേതാക്കൾ രംഗത്തുവരണമെന്ന് ഭാഗവത് ആവശ്യപ്പെട്ടു.

TAGS :

Next Story