Quantcast

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന തമിഴ് വിദ്യാർത്ഥികളെ സര്‍ക്കാര്‍ ചെലവിൽ നാട്ടിലെത്തിക്കും; പ്രഖ്യാപനവുമായി സ്റ്റാലിൻ

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന നാട്ടുകാരെ സഹായിക്കാനായി തമിഴ്‌നാട് സർക്കാർ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് ആരംഭിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി നോഡൽ ഓഫീസറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-02-25 16:31:08.0

Published:

25 Feb 2022 2:16 PM GMT

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന തമിഴ് വിദ്യാർത്ഥികളെ സര്‍ക്കാര്‍ ചെലവിൽ നാട്ടിലെത്തിക്കും; പ്രഖ്യാപനവുമായി സ്റ്റാലിൻ
X

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന തമിഴ്‌നാട്ടിൽനിന്നുള്ള വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വിദ്യാർത്ഥികളടങ്ങുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഊർജിതമായി നടക്കുന്നതിനിടെയാണ് തമിഴ്‌നാട് ഭരണകൂടത്തിന്റെ പ്രഖ്യാപനം.

തമിഴ്‌നാട്ടിൽനിന്നുള്ള 5,000ത്തോളം വിദ്യാർത്ഥികളും മറ്റ് കുടിയേറ്റക്കാരുമാണ് നിലവിൽ യുക്രൈനിലുള്ളതെന്നാണ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് അയച്ച കത്തിൽ സ്റ്റാലിൻ പറഞ്ഞത്. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു. നാട്ടിലെത്തിക്കുന്ന നടപടികൾ കൈകാര്യം ചെയ്യാൻ ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതായും ട്വിറ്ററിലൂടെ അദ്ദേഹം സൂചിപ്പിച്ചു.

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന നാട്ടുകാരെ സഹായിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കും തമിഴ്‌നാട് സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്ന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി സംസ്ഥാനാടിസ്ഥാനത്തിൽ ഒരു നോഡൽ ഓഫീസറെ നിയമിച്ചിട്ടുമുണ്ട്.

അതേസമയം, ആശ്വാസമായി ഇന്ത്യൻ സംഘത്തെ യുക്രൈനിൽനിന്ന് പുറത്തെത്തിച്ചു തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികളടക്കമുള്ള സംഘത്തെ രക്ഷിക്കുന്ന ദൃശ്യങ്ങൾ മീഡിയവൺ പുറത്തുവിട്ടു. ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാറും പ്രഖ്യാപിച്ചിട്ടുണ്ട്.

ആയിരക്കണക്കിനു മലയാളികളടക്കം 20,000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനിൽ കഴിയുന്നത്. വിദ്യാർത്ഥികളടക്കം എല്ലാവരെയും നാട്ടിൽ തിരിച്ചെത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ അറിയിച്ചത്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള സാധ്യമായ എല്ലാ മാർഗങ്ങളും അവലംബിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈനിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ 4,000ത്തോളം പേർ രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇന്ന് യുക്രൈനിലെ സുമി നഗരം റഷ്യൻസേന നിയന്ത്രണത്തിലാക്കിയതിനു പിന്നാലെ 400നടുത്ത് ഇന്ത്യൻ വിദ്യാർത്ഥികൾ ബങ്കറുകളിൽ അഭയംതേടിയിരിക്കുകയാണെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. എത്രയും പെട്ടെന്ന് തങ്ങളെ രക്ഷിക്കണമെന്നാണ് ഇവിടെനിന്ന് സമൂഹമാധ്യമങ്ങൾ വഴി വിഡിയോകളിലൂടെ വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്.

റഷ്യൻ സൈനികനടപടിക്കു പിന്നാലെ യുക്രൈൻ തങ്ങളുടെ വ്യോമപാത അടച്ചിട്ടിരുന്നു. വിമാനത്താവളങ്ങളും പൂർണമായി പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്. ഇതോടെ മറ്റു മാർഗങ്ങളിലൂടെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കരമാർഗം ഇന്ത്യക്കാരെ എത്തിക്കാനുള്ള ശ്രമമാണ് ഊർജിതമായി നടക്കുന്നത്.

Summary: Tamil Nadu Chief Minister MK Stalin stated that the state government will take care of the expenses of Tamil students being brought back from Ukraine

TAGS :

Next Story