Quantcast

യു.എസിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കും ആശങ്കയുണ്ട്-ബ്ലിങ്കന്റെ വിമർശങ്ങളോട് പ്രതികരിച്ച് എസ്. ജയശങ്കർ

ഇന്ത്യയിൽ ആശങ്കപ്പെടുത്തുന്ന തരത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    14 April 2022 2:25 PM GMT

യു.എസിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കും ആശങ്കയുണ്ട്-ബ്ലിങ്കന്റെ വിമർശങ്ങളോട് പ്രതികരിച്ച് എസ്. ജയശങ്കർ
X

ന്യൂഡൽഹി: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള യു.എസ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണത്തിന് തിരിച്ചടിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ നയങ്ങളെക്കുറിച്ച് അഭിപ്രായം പറയാമെന്ന പോലെ തന്നെ തങ്ങൾക്കും അവരെക്കുറിച്ചും പറയാനുള്ള അർഹതയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അമേരിക്കയിൽ അടക്കമുള്ള മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് തങ്ങളും അഭിപ്രായം പറയുമെന്ന് ജയശങ്കർ വ്യക്തമാക്കി.

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ബുധനാഴ്ച യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തിയ പരാമർശങ്ങളോട് ഇതാദ്യമായാണ് കേന്ദ്രം പ്രതികരിക്കുന്നത്. ഇന്ത്യയിൽ ആശങ്കപ്പെടുത്തുന്ന തരത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു ബ്ലിങ്കൻ പറഞ്ഞത്. വാഷിങ്ടണിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു ഇത്. അന്ന് ഇരുവരും പ്രസ്താവനയോട് പ്രതികരിച്ചിരുന്നില്ല.

ആളുകൾക്ക് നമ്മളെക്കുറിച്ച് അഭിപ്രായമുണ്ടാകാം. എന്നാൽ, ഇതോടൊപ്പം അവരുടെ കാഴ്ചപ്പാടുകളെക്കുറിച്ചും താൽപര്യങ്ങളെക്കുറിച്ചും ലോബികളെയും അവയുണ്ടാക്കുന്ന വോട്ടുബാങ്കുകളെയും കുറിച്ചെല്ലാം നമ്മൾക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അതിനാൽ, ഒരു ചർച്ചയുണ്ടാകുമ്പോൾ നമ്മളും തുറന്നുപറയാൻ മടിക്കില്ലെന്ന് പറയട്ടെ-ഇന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എസ്. ജയശങ്കർ വ്യക്തമാക്കി.

അമേരിക്കയിൽ ഉള്ളതടക്കമുള്ള മറ്റു മനുഷ്യരുടെ മനുഷ്യാവകാശ സ്ഥിതിയെക്കുറിച്ച് ഞങ്ങളും അഭിപ്രായം പങ്കുവയ്ക്കും. അതുകൊണ്ട് ഈ രാജ്യത്ത് ഇന്ത്യക്കാരടക്കമുള്ളവർക്ക് എന്തെങ്കിലും മനുഷ്യാവകാശ പ്രശ്‌നമുണ്ടെങ്കിൽ നമ്മൾ ഉയർത്തുമെന്നും ജയശങ്കർ പറഞ്ഞു. അതേസമയം, ബ്ലിങ്കനുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയിൽ രാജ്യത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ചയൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യാവകാശ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പങ്കാളികളുമായി ഞങ്ങൾ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നാണ് ബ്ലിങ്കൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അടുത്തിടെയായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പുതിയ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണ്. ചില ഭരണകൂടങ്ങളും പൊലീസും ജയിൽ അധികൃതരുമെല്ലാം ചേർന്ന് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Summary: India raises concerns about human rights in US in reply to US Secretary of State Antony Blinken

TAGS :

Next Story