Quantcast

പാർട്ടി വിടാനോ പാര്‍ട്ടിയെ തകർക്കാനോ സച്ചിൻ പൈലറ്റിന് ഉദ്ദേശ്യമില്ല: കോണ്‍ഗ്രസ് നേതാവ്

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള സുഖ്‌ജിന്ദർ സിങ് രൺധാവയുടെതാണ് പ്രതികരണം.

MediaOne Logo

Web Desk

  • Updated:

    2023-06-07 07:33:38.0

Published:

7 Jun 2023 7:27 AM GMT

Sachin Pilot not leaving party Congress leader
X

Sachin Pilot

ജയ്പൂര്‍: കോൺഗ്രസിനെ തകർക്കാൻ സച്ചിൻ പൈലറ്റിന് പദ്ധതിയില്ലെന്ന് രാജസ്ഥാനിലെ പാര്‍ട്ടി നേതൃത്വം. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള സുഖ്‌ജിന്ദർ സിങ് രൺധാവയുടെ പ്രതികരണം.

"പാർട്ടി വിടാനോ പാര്‍ട്ടിയെ തകർക്കാനോ സച്ചിൻ പൈലറ്റിന് ഉദ്ദേശ്യമില്ല. ഇത്തരം കാര്യങ്ങളെല്ലാം മാധ്യമങ്ങളിലാണ് നടക്കുന്നത്. വേറെ പാര്‍ട്ടി രൂപീകരിക്കാന്‍ പൈലറ്റിന് താത്പര്യമില്ല. ഇപ്പോള്‍ അദ്ദേഹത്തിനത് ആവശ്യമില്ല"- രൺധാവ പറഞ്ഞു.

രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നതിനിടെ സച്ചിന്‍ പൈലറ്റും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസിന് തലവേദനയാവുകയാണ്. എന്നാല്‍ തര്‍ക്കം പരിഹരിക്കാന്‍ ഫോര്‍മുല തയ്യാറാക്കിയെന്നാണ് രൺധാവ പറയുന്നത്.

"അശോക് ഗെഹ്‍ലോട്ടിന്‍റെയും സച്ചിൻ പൈലറ്റിന്റെയും പ്രശ്നം നാല് മണിക്കൂർ ചർച്ച ചെയ്തു. ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഫോർമുല ഉണ്ടാക്കിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള തർക്കങ്ങളിൽ 90 ശതമാനവും പരിഹരിച്ചു. ഐക്യം ഇല്ലായിരുന്നുവെങ്കിൽ, അവർ അന്ന് ഡൽഹിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ ഒരുമിച്ച് വരില്ലായിരുന്നു"- രണ്‍ധാവ വിശദീകരിച്ചു.

2018ൽ രാജസ്ഥാനിൽ കോണ്‍ഗ്രസ് അധികാരത്തിൽ വന്നതു മുതൽ സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിൽ തർക്കമുണ്ട്. 2020ൽ ഇരുവരും തമ്മിലുള്ള തർക്കം മൂർച്ഛിച്ചു. സച്ചിൻ പൈലറ്റ് ഗുരുഗ്രാമിനടുത്തുള്ള റിസോർട്ടിലേക്ക് വിശ്വസ്തരായ എം.എൽ.എമാര്‍ക്കൊപ്പം എത്തി. ഇതോടെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ തകർച്ചയുടെ വക്കിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇടപെട്ട് അന്ന് സച്ചിന്‍ പൈലറ്റിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു.

എന്നിട്ടും ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. വസുന്ധര രാജെ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് വീണ്ടും ഗെഹ്‍ലോട്ടിനെതിരെ പരസ്യ പോരിലേക്ക് നീങ്ങി. പിന്നാലെയാണ് പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പോവുകയാണെന്ന അഭ്യൂഹമുണ്ടായത്. എന്നാല്‍ ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിന് മുമ്പ് സച്ചിന്‍ പൈലറ്റ് ഹൈക്കമാൻഡിന്റെ നിലപാടിനായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Summary- Sachin Pilot has no intentions of leaving or breaking the party- Congress in-charge of Rajasthan, Sukhjinder Singh Randhawa, said in a statement as the party prepares for elections in Rajasthan and looks to repeat their Karnataka performance in the state.

TAGS :

Next Story