Quantcast

'സന്തോഷത്തോടെ ജീവിക്കാന്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യൂ': മുസ്‍ലിം പെണ്‍കുട്ടികളോട് സാധ്വി പ്രാചി

'ഹിന്ദു ആണ്‍കുട്ടികളെ വിവാഹം കഴിച്ചാല്‍ കറുത്ത വസ്ത്രം ധരിക്കേണ്ട. തലാഖ് ചൊല്ലാതെ ജീവിക്കാം'

MediaOne Logo

Web Desk

  • Published:

    7 April 2023 10:31 AM GMT

Sadhvi Prachi asked muslim girls to marry hindu boys to lead happy life
X

Sadhvi Prachi

ഡല്‍ഹി: മുസ്‍ലിം പെണ്‍കുട്ടികള്‍ സന്തോഷത്തോടെ ജീവിക്കാൻ ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിക്കണമെന്ന് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. ഹിന്ദു ആണ്‍കുട്ടികളെ വിവാഹം കഴിച്ചാല്‍ കറുത്ത വസ്ത്രം ധരിക്കേണ്ട. തലാഖ് ചൊല്ലാതെ (വിവാഹമോചനം) സന്തോഷകരമായ ജീവിതം നയിക്കാമെന്നും സാധ്വി പ്രാചി പറഞ്ഞു. ഉത്തര്‍പ്രദേശിലെ റായ് ബലേറിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാധ്വി പ്രാചി.

ഇന്ത്യയിലെ ജനങ്ങളുടെ ഡി.എന്‍.എ പരിശോധിച്ചാല്‍ എല്ലാവരും ഭഗവാന്‍ രാമന്‍റെയും ഭഗവാന്‍ കൃഷ്ണന്‍റെയും ബാബാ ബോലേനാഥിന്‍റെയും പരമ്പരയില്‍പ്പെട്ടവരാണെന്ന് കണ്ടെത്താനാവുമെന്നും സാധ്വി പ്രാചി പറഞ്ഞു. ബിഹാറിലും പശ്ചിമ ബംഗാളിലും രാമനവമിക്കിടെയുണ്ടായ ആക്രമണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഈ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സാധ്വി പ്രാചി ആവശ്യപ്പെട്ടു- "മമത ബാനര്‍ജി മുസ്‍ലിം പ്രീണനം നടത്തുകയാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം".

സാധ്വി പ്രാചി മുന്‍പും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. വിവാഹമോചനം ഉണ്ടാവാതിരിക്കാന്‍ മുസ്‍ലിം സ്ത്രീകള്‍ ഹിന്ദു മതം സ്വീകരിക്കണമെന്നാണ് ഒരിക്കല്‍ പറഞ്ഞത്- "ഇസ്‍ലാമില്‍ സ്ത്രീകൾ വിവാഹം കഴിച്ചാൽ അവർ തീർച്ചയായും വിവാഹ മോചനത്തിന് വിധേയരാകും. ജീവിതത്തെ നശിപ്പിക്കുന്ന ആ സംസ്കാരം വെടിഞ്ഞ് ഹിന്ദുമതം സ്വീകരിക്കുക".

'ഹിന്ദു യുവാക്കളെ വിവാഹം ചെയ്താൽ 45 ഡിഗ്രി ചൂടില്‍ ബുര്‍ഖ ധരിക്കേണ്ട'

വലതുപക്ഷ രാഷ്ട്രീയ പ്രവർത്തക കാജൽ ഹിന്ദുസ്ഥാനിയും സമാനമായ പരാമര്‍ശം ഈ ആഴ്ച നടത്തുകയുണ്ടായി. ഗുജറാത്തിലെ ഉന നഗരത്തിൽ രാമനവമി ആഘോഷത്തോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പരാമര്‍ശം.

"മുസ്‌ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കുമ്പോൾ ഏതെല്ലാം തരത്തിലുള്ള ഉപകാരമാണ് ഉണ്ടാകുന്നത്. പിന്നിലുള്ളവർ ഇത് കേൾക്കുന്നുണ്ടല്ലോ, അല്ലേ. ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് സഹഭാര്യമാരുണ്ടാകില്ല. വീട്ടിൽ അവർക്ക് സുരക്ഷയുണ്ടാകും. കുടുംബത്തിലെ മറ്റാരും അവരുടെ മേൽ കൈവയ്ക്കില്ല. 45 ഡിഗ്രി ചൂടിൽ അവർക്ക് ബുർഖ ധരിക്കേണ്ടി വരില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും. ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും സ്വത്തിൽ അവകാശമുണ്ടാകും. തലാഖ് ചൊല്ലി നിങ്ങളെ മൊഴി ചൊല്ലില്ല. ഏതെങ്കിലും മൗലാനയോ സഹോദരങ്ങളോ നിങ്ങളെ ഹലാലാക്കില്ല. നിങ്ങൾക്ക് കുട്ടികളുണ്ടാകുമ്പോൾ അവരുടെ മേൽവിലാസമായി തീവ്രവാദി, ഭീകരവാദി എന്നൊന്നുമുണ്ടാകില്ല. സഹോദരങ്ങളേ നിങ്ങൾ തയ്യാറാണോ?" - ആൾക്കൂട്ടത്തോട് കാജല്‍ ചോദിച്ചു.

Summary- Vishwa Hindu Parishad (VHP) leader Sadhvi Prachi on Thursday asked Muslim girls to marry Hindu boys, claiming that they would be able to lead a happy life, free from wearing black clothes or from talaq and halala.




TAGS :

Next Story