ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണം, രണ്ടു പേരെ രാജ്യത്തിന് നല്‍കണം: സാധ്വി ഋതംബര
'കുട്ടികളെ ആർ.എസ്.എസിനു നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്'

കാണ്‍പൂര്‍: ഓരോ ഹിന്ദുവും നാല് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കണമെന്നും അതില്‍ രണ്ട് കുട്ടികളെ രാജ്യത്തിന് നല്‍കണമെന്നും വി.എച്ച്.പി നേതാവ് സാധ്വി ഋതംബര. എങ്കില്‍ ഇന്ത്യ എത്രയും വേഗം ഹിന്ദുരാഷ്ട്രമാകുമെന്നും സാധ്വി ഋതംബര പറഞ്ഞു. നിരാല നഗറിലെ രാം മഹോത്സവ് പരിപാടിയിലാണ് ഋതംബര കൂടുതല്‍ കുട്ടികളെ പ്രസവിക്കാന്‍ ഹിന്ദു സ്ത്രീകളോട് ആഹ്വാനം ചെയ്തത്.
"നാം രണ്ട് നമുക്ക് രണ്ട് എന്നതാണ് ഹിന്ദു സ്ത്രീകള്‍ പിന്തുടരുന്ന തത്വം. എന്നാല്‍ എല്ലാ ഹിന്ദുക്കളും നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. അതില്‍ രണ്ട് കുട്ടികളെ രാജ്യത്തിന് നല്‍കണം. മറ്റു രണ്ട് കുട്ടികളെ നിങ്ങള്‍ക്ക് വളര്‍ത്താം. എങ്കില്‍ ഇന്ത്യ എത്രയും പെട്ടെന്ന് ഹിന്ദു രാഷ്ട്രമാവും"- എന്നാണ് ഋതംബര പറഞ്ഞതെന്ന് വാര്‍ത്താഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികളെ ആർ.എസ്.എസിനു നല്‍കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, "അതെ. കുട്ടികളെ ആർ.എസ്.എസിനു സമർപ്പിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യുക"- എന്നായിരുന്നു ഋതംബരയുടെ മറുപടി.
ഏക സിവില്‍ കോഡ് നയം ഇന്ത്യയില്‍ നടപ്പാക്കണമെന്നും അങ്ങനെയാണെങ്കില്‍ ജനസംഖ്യയില്‍ അസന്തുലിതാവസ്ഥ ഉണ്ടാവില്ലെന്നും ഋതംബര അഭിപ്രായപ്പെട്ടു. ജനസംഖ്യയില്‍ അസന്തുലിതത്വമുണ്ടായാല്‍ രാജ്യത്തിന്‍റെ ഭാവി നല്ലതായിരിക്കില്ലെന്നും ഋതംബര പറഞ്ഞു. ഋതംബര രാമക്ഷേത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുർഗ വാഹിനിയുടെ സ്ഥാപക കൂടിയാണ് ഋതംബര.
ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് അഖില ഭരത് സന്ത് പരിഷത്തിന്റെ നേതാവ് യതി നരസിംഹാനന്ദും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു- "നേരത്തെ അമർനാഥ് യാത്രയിലും വൈഷ്ണോദേവി യാത്രയിലും മാത്രമാണ് കല്ലേറുണ്ടായിരുന്നത്. ഇപ്പോൾ രാമനവമി, ഹനുമാൻ ജയന്തി എന്നിങ്ങനെ എല്ലാ ഹിന്ദു ആഘോഷങ്ങളിലേക്കും കല്ലെറിയുന്നു. ഹിന്ദുക്കൾക്ക് ഇതിലും മോശമായി മറ്റെന്താണുള്ളത്? രാജ്യത്തിന്‍റെ രാഷ്ട്രീയ സംവിധാനം മുസ്‍ലിംകളോട് ചായ്‍വുള്ളതാണ്. അതിനാലാണ് ഹിന്ദുക്കളോട് മോശമായി പെരുമാറുന്നത്. ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ ജനിപ്പിച്ച് അവരെ ശക്തരാക്കണം. അങ്ങനെ അവർക്ക് അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ കഴിയും"- നരസിംഹാനന്ദ് പറഞ്ഞു.
ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യത്തിലിറങ്ങിയ യതി നരസിംഹാനന്ദ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയായിരുന്നു. ഹിമാചൽ പ്രദേശിലെ ഉനയിൽ നടന്ന സമ്മേളനത്തിലാണ് ജാമ്യവ്യവസ്ഥ ലംഘിച്ച് നരംസിംഹാനന്ദ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹരിദ്വാറിൽ മുസ്‌ലിംകളെ വംശഹത്യ ചെയ്യാന്‍ ആഹ്വാനം ചെയ്ത പരിപാടി സംഘടിപ്പിച്ചതിന് അറസ്റ്റിലായ നരസിംഹാനന്ദ് ഫെബ്രുവരി 18നാണ് ജാമ്യത്തിൽ ഇറങ്ങിയത്.
Summary- Hindutva leader Sadhvi Rithambara has urged every Hindu couple to produce four children and dedicate two of them to the nation, and said India will soon become a 'Hindu Rashtra'
Adjust Story Font
16

