സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു; ആരാധകരെ അഭിവാദ്യം ചെയ്ത് താരം
ചൊവ്വാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജായ താരം വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്

മുംബൈ: കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അദ്ദേഹം ഡിസ്ചാർജ് ആയതായി ലീലാവതി ആശുപത്രി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജായ താരം വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്. ബാന്ദ്രയിലെ തന്നെ പഴയ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലായിരിക്കും താരം ഇനി താമസിക്കുകയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളെങ്കിലും, ആശുപത്രി വിട്ട സെയ്ഫ് അലിഖാന്‍ നേരെ പോയത് സത്ഗുരു ശരണിലേക്കാണ്. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.
ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവാണു നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടനു നടത്തിയത്. രണ്ടു മുറിവുകൾ ആഴത്തിലുള്ളതായിരുന്നു.ആശുപത്രി വിട്ട് വീട്ടിലെത്തിയ താരം, വീടിന് പുറത്ത് കൂടി നിന്നവരെ അഭിവാദ്യം ചെയ്തു. താരത്തിന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം കേസുമായി ബന്ധപ്പെട്ട് സെയ്ഫ് അലി ഖാന്റെ മൊഴി പൊലീസ് പിന്നീട് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഷണ ശ്രമത്തിനിടെ നടനെ കുത്തിയ പ്രതി ബംഗ്ലദേശ് സ്വദേശിയാണ്. മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്സാദ് എന്നയാളാണ് പൊലീസ് പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാൾ മുംബൈയിൽ കഴിഞ്ഞിരുന്നത്.
Adjust Story Font
16

