Quantcast

'കേസ് തള്ളിയതല്ല, ടീസ്റ്റയെ അറസ്റ്റ് ചെയ്തതാണ് ഉമ്മയെ ഏറെ അമ്പരപ്പിച്ചത്'; ഗുജറാത്ത് പൊലീസ് നടപടിയിൽ സാകിയ ജാഫരിയുടെ മകൻ

85 വയസ്സുള്ള ഉമ്മക്ക് കോടതിവിധിയുടെ കാര്യം അറിയാമെന്നും താൻ വിളിച്ചപ്പോൾ വീണ്ടും ഹരജിയുമായി ഡൽഹിയിലേക്ക് പോകുന്നതാണ് അവർ പറഞ്ഞതെന്നും മകൻ

MediaOne Logo

Web Desk

  • Published:

    3 July 2022 12:27 PM GMT

കേസ് തള്ളിയതല്ല, ടീസ്റ്റയെ അറസ്റ്റ് ചെയ്തതാണ് ഉമ്മയെ ഏറെ അമ്പരപ്പിച്ചത്; ഗുജറാത്ത് പൊലീസ് നടപടിയിൽ സാകിയ ജാഫരിയുടെ മകൻ
X

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യാകേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ് നൽകിയതിനെതിരെയുള്ള ഹരജി സുപ്രിംകോടതി തള്ളിയതല്ല, മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനെ അറസ്റ്റ് ചെയ്തതാണ് ഉമ്മയെ ഏറെ അമ്പരപ്പിച്ചതെന്ന് സാകിയ ജാഫരിയുടെ മകൻ തൻവീർ ജാഫരി. വേദനയുടെ നാളുകളിൽ ഒപ്പം നിന്ന ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും സഞ്ജീവ് ഭട്ടിന്റെയും ജയിൽവാസം അവരെ വേദനിപ്പിക്കുകയാണെന്നും 'മാധ്യമം' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 85 വയസ്സുള്ള ഉമ്മക്ക് കോടതിവിധിയുടെ കാര്യം അറിയാമെന്നും താൻ വിളിച്ചപ്പോൾ വീണ്ടും ഹരജിയുമായി ഡൽഹിയിലേക്ക് പോകുന്നതാണ് അവർ പറഞ്ഞതെന്നും മകൻ വ്യക്തമാക്കി. ടീസ്റ്റ, ഭട്ട്, ശ്രീകുമാർ, ലോക്കൽ അഭിഭാഷകനായ സുഹൈൽ തർമീസി തുടങ്ങി തങ്ങൾക്ക് നീതി ലഭ്യമാക്കാൻ പ്രയത്‌നിച്ചവർക്കു കരുത്തും പോരാട്ടത്തിൽ വിജയവും നൽകണേ എന്നായിരുന്നു ഇപ്പോൾ സൗദിയിലുള്ള താൻ മക്കാ ഹറമിലും മദീനയിലും ചെന്നപ്പോഴൊക്കെ പ്രാർഥിച്ചതെന്നും തൻവീർ വ്യക്തമാക്കി.

കേസ് സുപ്രിംകോടതി തള്ളിയതിലൂടെ ഈ രാജ്യം നേരിട്ട വേദനകൾക്കും മുറിവുകൾക്കും നീതിപീഠം സാന്ത്വന ലേപനം പുരട്ടുമെന്ന ശുഭപ്രതീക്ഷയോടെ നാം കാത്തുവെച്ച വിശ്വാസത്തിന്റെ പളുങ്കുപാത്രമാണ് ഉടച്ചുകളഞ്ഞതെന്നും വ്യക്തമായ രേഖകളും സത്യസന്ധരായ സാക്ഷികളും കൃത്യമായ വാദമുഖങ്ങളുമൊക്കെ ഉണ്ടായിരിക്കെ കുറ്റാരോപിതർക്കെതിരായ നടപടിക്ക് കോടതി ഗുജറാത്ത് പൊലീസിന് ഉത്തരവ് നൽകുമെന്നായിരുന്നു തന്റെ പ്രതീക്ഷയെന്നും തൻവീർ അഭിമുഖത്തിൽ പറഞ്ഞു.

കോടതി വിധിയോടെ സത്യം തിരസ്‌കരിക്കപ്പെട്ടുവെന്നും സത്യവാങ്മൂലം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്ഷേപം ഉയർത്തിയെന്നും വിധി വന്നതിന്റെ പിറ്റേന്നാൾ തന്നെ ടീസ്റ്റ സെറ്റൽവാദിനെയും ആർ.ബി. ശ്രീകുമാറിനെയും അറസ്റ്റിലാക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുജറാത്ത് സർക്കാറിനെതിരെ വിഷയം കത്തിച്ചു നിർത്താൻ തൽപര കക്ഷികൾ സകിയ ജാഫരിയെക്കൊണ്ട് കേസ് കൊടുപ്പിക്കുകയായിരുന്നുവെന്ന കോടതിയുടെ നിരീക്ഷണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. 450ലേറെ പേജ് വരുന്ന വിധിന്യായം താൻ വായിച്ചിട്ടില്ലെന്നും പക്ഷേ, ഞങ്ങളെന്തിന് മറ്റുള്ളവരുടെ പ്രേരണക്ക് വഴങ്ങി കേസ് നൽകണമെന്നും അദ്ദേഹം ചോദിച്ചു. ഒരാളെയും ദ്രോഹിക്കാത്ത, സ്‌നേഹത്തെക്കുറിച്ച് പറയുകയും എഴുതുകയും ചെയ്ത് ജീവിച്ച പിതാവിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നത് തങ്ങളുടെ മാത്രമല്ല, മനസ്സാക്ഷി മരവിക്കാത്ത ഓരോ മനുഷ്യരുടെയും താൽപര്യമാണെന്നും തൻവീർ പറഞ്ഞു.

വംശഹത്യയിൽ ഗുൽബർഗ് സൊസൈറ്റി, നരോദ, നരോദ പാട്യ, സർദാർപുര, ലൂനാവാഡ, പഞ്ച്മഹൽ എന്നിവിടങ്ങളിലായി നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടതെന്നും ജീവനും സ്വത്തും നഷ്ടപ്പെട്ട ഇരകളിലധികവും വലിയ ശേഷിയുള്ളവരൊന്നുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരുടെ നീതിക്കായി വാദിക്കുന്നതിൽ സന്നദ്ധ സംഘടനകൾ വഹിച്ച പങ്ക് നിസ്തുലമാണെന്നും പറഞ്ഞു.

'റിക്ഷക്കാർ, തയ്യൽക്കാർ തുടങ്ങി അസംഘടിത തൊഴിലുകളിലെങ്കിലും മാന്യമായി ജീവിച്ചുപോന്നിരുന്ന കുടുംബങ്ങളായിരുന്നു ഏറെയും. വംശഹത്യക്കാലത്തും അതിനുശേഷവും അക്രമികൾക്ക് കൈയയച്ച് പിന്തുണ നൽകുകയായിരുന്നു പൊലീസ്. ശരിയായ എഫ്.ഐ.ആർ തയാറാക്കാനോ കേസെടുക്കാനോ അവർ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എൻ.ജി.ഒകളും ടീസ്റ്റ സെറ്റൽവാദ്, ഫാ. സെഡ്രിക് പ്രകാശ് തുടങ്ങിയ വ്യക്തികളും വിഷയത്തിൽ ഇടപെടലുമായി രംഗത്തുവന്നത്. ഇവരുടെ സഹായത്തോടെ ഇരകൾക്ക് ശരിയായ രീതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കാൻ കഴിഞ്ഞു. വക്കീൽമാരും പൊലീസുകാരും തമ്മിലാണല്ലോ ദൈനംദിനം കേസുമായി ബന്ധപ്പെടുന്നത്. സർക്കാറിനു വേണ്ടി വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടർമാർ ബി.ജെ.പി/ആർ.എസ്.എസുകാരായിരിക്കും. ഇവർ കുറ്റവാളികൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പതിവ്. എന്നാൽ ഇതു തടയാനായി എൻ.ജി.ഒകൾ ഒന്നിച്ചുനിന്നു. വർഗീയകലാപങ്ങളും അതുമായി ബന്ധപ്പെട്ട കേസുകളും സംബന്ധിച്ചൊക്കെ കൃത്യവും കണിശവുമായ ധാരണയുള്ള മികച്ച അഭിഭാഷകരാണ് സന്നദ്ധ സംഘടനകൾ മുഖേന രംഗത്തുവന്നത്. അത് കൊല്ലപ്പെട്ടവരുടെ ഉറ്റവർക്കും ഉടയവർക്കും ആത്മവിശ്വാസമേകി, അവരെല്ലാം സാക്ഷിമൊഴി കൊടുക്കാൻ മുന്നോട്ടുവന്നു; കുറ്റവാളികളുടെ നേരെ വിരൽചൂണ്ടി. ബാബു ബജ്‌റംഗിയും മായ കോട്‌നാനിയുമൊക്കെ ജയിലിലാകുന്നത് അങ്ങനെയാണ്. മോദിയുടെ ഇടപെടലിൽ അവർ ജാമ്യത്തിൽ പുറത്തുവന്നു എന്നതു മറ്റൊരു കാര്യം. ആദ്യപടിയെന്നോണം 2005 വരെ ഈ പ്രഥമവിവര റിപ്പോർട്ട് ശരിയാക്കി കേസുകൾ നേരാംവണ്ണം കോടതിയിലെത്തിക്കുന്ന പരിപാടിയായിരുന്നു. 2006ൽ നാനാവതി ഷാ കമീഷൻ വന്നു. സർവിസിലിരിക്കുന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ തന്നെ കമീഷനെ കണ്ട് സത്യവാങ്മൂലം നൽകി. സംഭവദിവസം പൊലീസുദ്യോഗസ്ഥർ എവിടെ, എന്തെടുക്കുകയായിരുന്നുവെന്ന വിശദമായ സത്യവാങ്മൂലം സമർപ്പിച്ചത് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്...' അഭിമുഖത്തിൽ തൻവീർ വ്യക്തമാക്കി.

മതേതര പാർട്ടികളെ ഇപ്പോഴും വിശ്വാസമാണെന്നും ചിലപ്പോൾ വരുന്ന നേതൃത്വങ്ങൾ അവരുടെയും നാടിന്റെയും പരാജയത്തിന് നിമിത്തമായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ ആ പാർട്ടി മതേതരത്വം കൈയൊഴിഞ്ഞുവെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


Sakia Jafari's son Thanver Jafari reacts to Gujarat police action

TAGS :

Next Story