Quantcast

സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; ട്വിറ്ററിൽ വാക്‌പോര്, ഇന്നത്തെ ട്രെൻഡുകൾ...

69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

MediaOne Logo

Web Desk

  • Published:

    17 Oct 2023 1:54 PM GMT

Same-sex marriage; todays Twitter trends...
X

ന്യൂഡൽഹി: രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രിംകോടതി വിധിച്ചതോടെ ട്വിറ്ററിൽ (എക്‌സ്) വാക്‌പോര്. തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. സ്വവർഗ ലൈംഗികത നഗരകേന്ദ്രീകൃത, വരേണ്യവർഗത്തിൻറെ സങ്കൽപമാണെന്ന കേന്ദ്ര സർക്കാർ നിലപാട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തള്ളിയത് ചിലർ സ്വാഗതം ചെയ്തു.

സുപ്രിംകോടതി പാർലമെന്ററി സംവിധാനത്തിന്റെ മേധാവിത്തം ഉയർത്തിപ്പിടിച്ചിരിക്കുകയാണെന്നും ഏത് നിയമപ്രകാരമാണ് വിവാഹം കഴിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കോടതികളല്ലെന്നും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ളത് മാത്രമാണെന്നാണ് തന്റെ വിശ്വാസവും മനസ്സാക്ഷിയും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ട്രാൻസ്ജെൻഡേഴ്‌സിന് എസ്എംഎ, വ്യക്തിനിയമങ്ങൾ എന്നിവ പ്രകാരം വിവാഹം കഴിക്കാമെന്ന ബെഞ്ചിന്റെ നിരീക്ഷണത്തെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും ഇസ്ലാമിനെ സംബന്ധിച്ച് ഇത് ശരിയായ വ്യാഖ്യാനമല്ലെന്നും ഉവൈസി വ്യക്തമാക്കി. രണ്ട് പുരുഷന്മാരോ രണ്ട് സ്ത്രീകളോ തമ്മിലുള്ള വിവാഹത്തെ ഇസ്ലാം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക വിവാഹ നിയമത്തിന്റെ ലിംഗ-നിഷ്പക്ഷമായ വ്യാഖ്യാനം ചില സമയങ്ങളിൽ തുല്യമായിരിക്കണമെന്നില്ലെന്നും അത് ഉദ്ദേശിക്കാത്ത വിധത്തിൽ സ്ത്രീകൾക്ക് കേടുപാടുകൾക്ക് കാരണമായേക്കാമെന്നുമുള്ള ജസ്റ്റിസ് ഭട്ടിന്റെ അഭിപ്രായത്തോട് താൻ യോജിക്കുന്നുവെന്നും ഉവൈസി വ്യക്തമാക്കി.

ഹിന്ദു - മുസ്‌ലിം വേർതിരിവുള്ള രാജ്യത്ത് ഇരുമത വിഭാഗങ്ങളും സ്വവർഗ വിവാഹ വിഷയത്തിൽ ഒറ്റക്കെട്ടായി എതിർപക്ഷത്തായിരുന്നുവെന്ന് ചിലർ ചൂണ്ടിക്കാണിച്ചു.

സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നിയമസാധുത തേടിക്കൊണ്ടുള്ള ഒരുകൂട്ടം ഹരജികൾ തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉൾപ്പെടെ രണ്ട് അംഗങ്ങൾ ഹരജിക്കാരെ അനുകൂലിച്ചെങ്കിലും മൂന്നുപേർ എതിർക്കുകയായിരുന്നു.

ജസ്റ്റിസുമാരായ ഹിമ കോലി, രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവരാണു ഹരജിയെ എതിർത്തത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഹരജിക്കാരെ അനുകൂലിച്ച് സ്വവർഗ പങ്കാളികൾക്കും വിവാഹം കഴിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടെടുത്തു. നിയമം ഇല്ലാത്തതിനാൽ സ്വവർഗാനുരാഗികൾക്കു വിവാഹം കഴിക്കാൻ സർക്കാർ നിയമസാധുത നൽകണമെന്ന ഹരജിക്കാരുടെ ആവശ്യം നിലനിൽക്കില്ലെന്ന് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. എന്നാൽ, പങ്കാളിയെ കണ്ടെത്തുക എന്നത് മാനുഷിക ആവശ്യമാണെന്നും മൗലികാവകാശങ്ങൾ പൗരന്മാരെ സംരക്ഷിക്കാനുള്ളതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മേയ് 11നു വാദം പൂർത്തിയാക്കിയ ഹരജികളിലാണ് അഞ്ചു മാസത്തിനുശേഷം കോടതി വിധി പറഞ്ഞത്. ഹരജികളിൽ ഹിമ കോലി അല്ലാത്തവരെല്ലാം ഇന്നു പ്രത്യേക വിധിപ്രസ്താവം നടത്തി.

സ്വവർഗ വിവാഹം സംബന്ധിച്ച വിധിയോടെ സുപ്രിംകോർട്ട് ഓഫ് ഇന്ത്യ, ദി എസ്‌സി, ജസ്റ്റിസ് ഭട്ട്, സുപ്രിംകോർട്ട്, എൽജിബിടിക്യൂഎ, ക്വിയർ, ജസ്റ്റിസ് കൗൾ, സിജെഐ ചന്ദ്രചൂഢ് തുടങ്ങിയ ഹാഷ്ടാഗുകളും എക്‌സിൽ ട്രെൻഡിംഗാണ്.

ദക്ഷിണാഫ്രിക്കക്കെതിരെ നെതർലൻഡിന് 204 റൺസ്

ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ നെതർലൻഡിന് ഏഴുവിക്കറ്റ് നഷ്ടത്തിൽ 204 റൺസ്. നായകനും വിക്കറ്റ് കീപ്പറുമായി സ്‌കോട്ട് എഡ്‌വാർഡാണ് (64) ടീമിനായി പോരാടുന്നത്. തേജ നിടമാനുരു 20 റൺസെടുത്ത് പുറത്തായി.

ദേശീയ ഫിലിം അവാർഡ് വിതരണം ചെയ്തു

69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് അവാർഡുകൾ വിതരണം ചെയ്തത് . മികച്ച നടനുള്ള പുരസ്‌കാരം അല്ലു അർജുനും മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ട്, കൃതി സനോൻ എന്നിവരും ഏറ്റുവാങ്ങി. എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ. ഹോം സിനിമയിലെ അഭിനയത്തിന് നടൻ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ഹോം സിനിമയുടെ നിർമാതാവ് വിജയ് ബാബു ഏറ്റുവാങ്ങി. നായാട്ടിന് തിരക്കഥയൊരുക്കിയ ഷാഹി കബീർ മികച്ച തിരക്കഥാകൃത്തിനും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം 'മേപ്പടിയാൻ' സംവിധായകൻ വിഷ്ണു മോഹനും സ്വീകരിച്ചു. ആവാസവ്യൂഹമാണ് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരത്തിന് അർഹമായിരുന്നത്. ചടങ്ങിൽ രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് പ്രശസ്ത ബോളിവുഡ് നടി വഹീദ റഹ്മാന് രാഷ്ട്രപതി സമ്മാനിച്ചു.

ടാറ്റാ ഹാരിയറും ടാറ്റാ സഫാരിയും സുരക്ഷിത എസ്‌യുവികൾ

ടാറ്റാ ഹാരിയറും ടാറ്റാ സഫാരിയും ഇന്ത്യയിലെ സുരക്ഷിത എസ്‌യുവികൾ. ഗ്ലോബൽ എൻകാപ് (ന്യൂ കാർ അസസ്‌മെൻറ് പ്രോഗ്രാം) സേഫ്റ്റി റേറ്റിംഗ് ഇരു മോഡലുകൾക്കും ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചു. മോഡലുകളുടെ ഫേസ്‌ലിഫ്റ്റ് വേർഷൻ വിപണിയിലെത്തുന്ന സാഹചര്യത്തിലാണ് ഈ വിവരം കൂടി പുറത്ത് വന്നത്.

അഡൾട്ട് ഒക്കുപ്പൻറ് പ്രൊട്ടക്ഷനിൽ 34 ൽ 33.05 പോയിൻറും ചൈൽഡ് ഒക്കുപ്പൻറ് പ്രൊട്ടക്ഷനിൽ 49 ൽ 45 പോയിൻറും മോഡുലുകൾക്ക് ലഭിച്ചു. ആറ് എയർബാഗുകൾ, ഐസ്ഒഫിക്‌സ് സീറ്റ് മൗണ്ടുകൾ, ഇഎസ്പി എന്നിവ പ്രത്യേകതകളാണ്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സംവിധാനം, ഹൈ ബീം അസിസ്റ്റ് എന്നിവയുമുണ്ട്.

Same-sex marriage; today's Twitter trends...

TAGS :

Next Story