Quantcast

'സമീർ വാങ്കഡെ ഹിന്ദു': രേഖകൾ ഉയർത്തിക്കാണിച്ച് ഭാര്യ ക്രാന്തി രേദ്കർ

മതം തിരുത്തിയാണ് സമീർ ജോലി നേടിയതെന്നായിരുന്നു നവാബ് മാലികിന്റെ ആരോപണം. ആദ്യ ഭാര്യ ഡോ. ശബാന ഖുറേഷിയുമായുള്ള നികാഹ് നാമയുടെ പകർപ്പും നവാബ് മാലിക് പുറത്തുവിട്ടിരുന്നു.

MediaOne Logo

Web Desk

  • Published:

    27 Oct 2021 1:45 PM GMT

സമീർ വാങ്കഡെ ഹിന്ദു: രേഖകൾ ഉയർത്തിക്കാണിച്ച് ഭാര്യ ക്രാന്തി രേദ്കർ
X

എൻ.സി.ബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്‌ക്കെതിരെ മഹാരാഷ്ട്ര മന്ത്രി ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളി വാങ്കഡെയുടെ ഭാര്യ ക്രാന്തി രേധ്കർ. സമീർ വാങ്കഡെ ഹിന്ദുവാണെന്ന് രേഖകൾ ഉയർത്തിക്കാണിച്ച് കന്നഡ നടി കൂടിയായ ക്രാന്തി രേദ്കര്‍ പറഞ്ഞു. സമീര്‍ വാങ്കഡെക്കെതിരായ കൈക്കൂലി ആരോപണത്തില്‍ യാതൊരു തെളിവുമില്ലെന്നും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും ക്രാന്തി രേദ്കര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'ഞങ്ങൾ ഇതുവരെ ഒന്നും നിഷേധിച്ചിരുന്നില്ല. ഇനി നുണകള്‍ സഹിക്കാനാകില്ല. അവര്‍ രണ്ടുപേരും(സമീറും ആദ്യ ഭാര്യയും) വ്യത്യസ്ത മതങ്ങളിൽപെട്ടവരാണ്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. അതിന് ഞങ്ങൾക്ക് നിയമപരമായ രേഖകളുണ്ട്, ഇത് എങ്ങനെ വ്യാജമാകും. സമീര്‍ ഹിന്ദുവാണെന്ന് ഇവിടെ വ്യക്തമായി എഴുതിയിട്ടുണ്ട്'-ക്രാന്തി രേദ്കര്‍ പറഞ്ഞു.

മതം തിരുത്തിയാണ് സമീർ ജോലി നേടിയതെന്നായിരുന്നു നവാബ് മാലികിന്റെ ആരോപണം. ആദ്യ ഭാര്യ ഡോ. ശബാന ഖുറേഷിയുമായുള്ള നികാഹ് നാമയുടെ പകർപ്പും നവാബ് മാലിക് പുറത്തുവിട്ടിരുന്നു. 2006 ഡിസംബർ ഏഴിന് രാത്രി എട്ടു മണിക്ക് അന്ധേരി വെസ്റ്റിലെ ലോകന്ദ്‌വാല കോംപ്ലക്‌സിൽ വച്ചായിരുന്നു വിവാഹം. ഇരുവരുടെ ചിത്രങ്ങളും മന്ത്രി പങ്കുവച്ചിട്ടുണ്ട്. സമീർ വാങ്കഡെയുടെ മതം പറയുകയല്ല തന്റെ ലക്ഷ്യമെന്നും അദ്ദേഹം ജോലി നേടിയത് തട്ടിപ്പിലൂടെയാണ് എന്ന് തെളിയിക്കുകയാണ് എന്നുമായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

നവാബ് മാലികിന്റെ ആരോപണങ്ങളോട് സമീർ വാങ്കഡെ തന്നെ പ്രതികരിച്ചിരുന്നു. തന്റെ മാതാവ് മുസ്‌ലിമായതിലാണ് ആദ്യ ഭാര്യ ശബാന ഖുറേഷിയെ ഇസ്‌ലാമിക ആചാരപ്രകാരം വിവാഹം കഴിച്ചതെന്നും അത് മാതാവിന്റെ ആഗ്രഹപ്രകാരമാണെന്നുമായിരുന്നു സമീർ വാങ്കഡെയുടെ പ്രതികരണം. 'എന്റെ അച്ഛൻ ഹിന്ദുവാണ്, അമ്മ മുസ്‌ലിമും. ഇസ്‌ലാമിക ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന് അമ്മ എന്നോട് ആവശ്യപ്പെട്ടു. എന്റെ അമ്മയുടെ ആഗ്രഹം ഞാൻ നിറവേറ്റി, അതൊരു കുറ്റമല്ല'- സമീർ വാങ്കഡെ പറഞ്ഞു.



TAGS :

Next Story