Quantcast

യാസീൻ മാലികിന് ജീവപര്യന്തം, പിന്നാലെ മൻമോഹൻ സിങ്ങിനെതിരെ സംഘ്പരിവാർ സൈബറാക്രമണം

പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് യാസീൻ മാലികുമായി ചർച്ച നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സംഘ്പരിവാർ വിമർശനം. ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യ, ബിജെപി നേതാവ് കപിൽ മിശ്ര തുടങ്ങിയവരെല്ലാം മൻമോഹൻ സിങ്ങിനെതിരെ രംഗത്തെത്തി.

MediaOne Logo

Web Desk

  • Published:

    26 May 2022 2:37 PM GMT

യാസീൻ മാലികിന് ജീവപര്യന്തം, പിന്നാലെ മൻമോഹൻ സിങ്ങിനെതിരെ സംഘ്പരിവാർ സൈബറാക്രമണം
X

ന്യൂഡൽഹി: കശ്മീരി വിഘടനവാദി നേതാവ് യാസീൻ മാലികിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് പിന്നാലെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ സംഘ്പരിവാർ സൈബറാക്രമണം. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് യാസീൻ മാലികുമായി ചർച്ച നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സംഘ്പരിവാർ വിമർശനം. ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യ, ബിജെപി നേതാവ് കപിൽ മിശ്ര തുടങ്ങിയവരെല്ലാം മൻമോഹൻ സിങ്ങിനെതിരെ രംഗത്തെത്തി.

യാസീൻ മാലിക് പ്രധാനമന്ത്രിയുടെ ഓഫീസിൽ മൻമോഹൻ സിങ്ങിനെ സന്ദർശിച്ചു. ഇന്ത്യ ടുഡെ ഗ്രൂപ്പ്‌ അദ്ദേഹത്തെ യൂത്ത് ഐക്കണായി തെരഞ്ഞെടുത്തു, നിരവധി വേദികളിൽ കശ്മീരിന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചു. ഇപ്പോൾ അദ്ദേഹം വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടു. ഒന്നിലധികം കേസുകളിൽ വിചാരണ നേരിടുന്നു. ഇതാണ് നിങ്ങളുടെ വോട്ടിന്റെ ശക്തി! അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

തീവ്രവാദിയായ യാസീൻ മാലികിന് പാകിസ്താനിൽനിന്ന് ലഭിച്ച പിന്തുണക്ക് സമാനമായ വിധത്തിൽ, അദ്ദേഹത്തെ പിന്തുണക്കുകയോ ബഹുമാനിക്കുകയോ ചെയ്ത ഓരോ ഇന്ത്യക്കാരും ഇന്ന് തുറന്നുകാട്ടപ്പെടുന്നു. മൻമോഹൻ സിങ് മുതൽ ബർഖ ദത്ത് വരെയുള്ളവർ ലജ്ജിക്കണം-കപിൽ മിശ്ര ട്വീറ്റ് ചെയ്തു.

മൻമോഹൻ സിങ് യാസീൻ മാലികിനൊപ്പം നിൽക്കുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ സൈബർ ടീം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മൻമോഹൻ സിങ്ങിന്റെ കൈകളിൽ ചോരപുരണ്ടിരിക്കുന്നുവെന്നാണ് ഒരു വ്യക്തിയുടെ വിമർശനം. യുപിഎ ഭരണകാലത്ത് മൻമോഹൻ സിങ്ങും സോണിയാ ഗാന്ധിയും വിഘടനവാദി നേതാക്കളെ സഹായിച്ചെന്നും ഇവർ ആരോപിക്കുന്നു.

അതേസമയം അടൽ ബിഹാരി വാജ്‌പെയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കശ്മീരിലെ മറ്റു വിഘടനവാദി നേതാക്കളുമായി ചർച്ച നടത്തുന്നതിന്റെ വീഡിയോ ബിജെപിക്ക്‌ മറുപടിയായി പ്രചരിക്കുന്നുണ്ട്. വിഘടനവാദി നേതാക്കളായ അബ്ബാസ് അൻസാരി, അബ്ദുൽ ഗനി ഭട്ട്, മിർവായിസ് ഉമർ ഫാറൂഖ് എന്നിവരുമായാണ് വാജ്‌പെയ് അന്ന് ചർച്ച നടത്തിയത്.

തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി എൻഐഎ കോടതി കഴിഞ്ഞ ദിവസമാണ്‌ യാസീൻ മാലിക്കിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. യുഎപിഎയിലെ ഏഴ് വകുപ്പുകൾ പ്രകാരമാണ് യാസീൻ മാലിക് കുറ്റവാളിയാണെന്ന് കണ്ടെത്തിയത്. 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസിൽ വധശിക്ഷ നൽകണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്.


TAGS :

Next Story