'പ്രശ്‌നം ചിക്കന്‍ റോളാണ്'; പ്രതിഷേധത്തിനിടെ രാഹുല്‍ കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ സംഘ്പരിവാറിന്റെ വിദ്വേഷ പ്രചാരണം
ഒരു ഹിന്ദുവായ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച ദിവസം ചിക്കന്‍ കഴിക്കുന്നുവെന്നാണ് പ്രചാരണം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ സംഘ്പരിവാര്‍ പ്രൊഫൈലുകളുടെ വിദ്വേഷ പ്രചാരണം.
ആകാശവാണി ഭവനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെ, രാഹുല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് സംഘ്പരിവാര്‍ ഈ പ്രചാരണം നടത്തുന്നത്. ഒരു ഹിന്ദുവായ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച ദിവസം ചിക്കന്‍ കഴിക്കുന്നുവെന്നാണ് പ്രചാരണം. പിതൃപക്ഷ ദിവസമായ ചൊവ്വാഴ്ച ചിക്കന്‍ റോള്‍ കഴിച്ച് രാഹുല്‍ സന്തോഷിക്കുകയാണെന്നും പ്രചാരണമുണ്ട്.
'ഖാന്‍ ചാച്ചയില്‍ നിന്ന് പ്രതിഷേധക്കാര്‍ക്കായി എത്തിച്ച ഭക്ഷണപ്പൊതികളില്‍ ചുവന്ന ലേബലാണ് നൽകിയിരിക്കുന്നത്. ഇത് മാംസാഹാരമാണെന്നതിന്റെ സൂചനയാണ്. രാഹുല്‍ ഗാന്ധിയുടെ കൈയിലിരിക്കുന്ന ഭക്ഷണപ്പൊതിയിലും സമാനമായ ലേബൽ കാണാം. അതിശയം തന്നെ.. ശ്രാദ്ധ സമയത്ത് രാഹുല്‍ ഗാന്ധി ചിക്കന്‍ കഴിച്ചിരിക്കുകയാണോ?,' സാഫ്രോണ്‍ ചാര്‍ജേഴ്‌സ് എന്ന പ്രൊഫൈലില്‍ നിന്നുണ്ടായ പ്രതികരണം.
എന്നാല്‍ സംഘ്പരിവാര്‍ പ്രൊഫൈലുകളില്‍ നിന്നുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ സോഷ്യല്‍ മീഡിയയിലെ മറ്റൊരു വിഭാഗം രംഗത്തെത്തി. 'ചില കോഴികള്‍ അസ്വസ്ഥരാണ്' എന്നായിരുന്നു ഒരു എക്സ് യൂസറിന്റെ കമന്റ്. പ്രതിപക്ഷത്തിന് എതിരായ ഒരു ആയുധം കണ്ടെത്താൻ ബിജെപിയും കേന്ദ്ര സര്‍ക്കാരും കാത്തിരിക്കുകയായിരുന്നു എന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
എന്ത് ഭക്ഷണം കഴിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ താത്പര്യങ്ങളാണെന്നും ചിലര്‍ ഓര്‍മിപ്പിച്ചു. രാഷ്ട്രീയ സമരങ്ങളെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാര്‍ നടത്തുന്നതെന്ന് സമരാനുകൂലികളും ചൂണ്ടിക്കാട്ടി.
അതേസമയം മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഏകദേശം 250ഓളം പേരെയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിന് മുന്നോടിയായി പാര്‍ലമെന്റ് ഹൗസ് മുതല്‍ നിര്‍വാചന്‍ സദാന്‍ വരെ പ്രതിപക്ഷ എംപിമാർ നടത്തിയ മാര്‍ച്ച് സന്‍സദ് മാര്‍ഗില്‍ വെച്ച് പൊലീസ് തടഞ്ഞിരുന്നു. പിന്നാലെ തന്ത്രപൂര്‍വം രാഹുല്‍ ആകാശവാണി ഭവനിലേക്ക് നീങ്ങുകയായിരുന്നു.
പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, പവന്‍ ഖേര തുടങ്ങിയ നേതാക്കളും ആകാശവാണിയില്‍ നിലയുറച്ചിരുന്നു. തുടര്‍ന്നാണ് രാഹുലിന്റെ നേതൃത്വത്തില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ലക്ഷ്യമിട്ടുള്ള പ്രതിഷേധം ശക്തമായത്.
Adjust Story Font
16

