Quantcast

ഭഗത് സിങ് തീവ്രവാദിയെന്ന് സംഗ്രൂർ എംപി; മാപ്പ് പറയണമെന്ന് എ.എ.പിയും അകാലിദളും

എംപിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടിയും അകാലിദളും

MediaOne Logo

Web Desk

  • Published:

    19 July 2022 12:42 PM GMT

ഭഗത് സിങ് തീവ്രവാദിയെന്ന് സംഗ്രൂർ എംപി; മാപ്പ് പറയണമെന്ന് എ.എ.പിയും അകാലിദളും
X

ചണ്ഡിഗഢ്: സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിനെ തീവ്രവാദിയെന്ന് വിളിച്ച അകാലിദൾ (അമൃത്സർ) എംപി സിമ്രൻജിത് സിങ് മൻ വിവാദത്തില്‍. എംപിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടിയും അകാലിദളും ആവശ്യപ്പെട്ടു.

അകാലിദള്‍ പിളര്‍ന്നുണ്ടായ പാര്‍ട്ടിയാണ് അകാലിദൾ (അമൃത്സർ). കർണാലിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് എംപി ഭഗത് സിങിനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്.

"സർദാർ ഭഗത് സിങ് ഇംഗ്ലീഷുകാരനായ യുവ ഉദ്യോഗസ്ഥനെ വധിച്ചു. അദ്ദേഹം സിഖ് കോൺസ്റ്റബിളായ ചന്നൻ സിങ്ങിനെയും വധിച്ചു. ആ സമയത്ത് അദ്ദേഹം ദേശീയ അസംബ്ലിയിലേക്ക് ബോംബെറിഞ്ഞു. ഇനി പറയൂ ഭഗത് സിങ് തീവ്രവാദിയാണോ അല്ലയോ എന്ന്"- എം.പി പറഞ്ഞു.

പഞ്ചാബ് മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഗുർമീത് സിങ് മീത്, എംപി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാബ് സർക്കാർ ഭഗത് സിങ്ങിന് രക്തസാക്ഷി പദവി നൽകുമെന്ന് പൂർണ ഉത്തരവാദിത്തത്തോടെ വ്യക്തമാക്കുകയാണെന്നും മന്ത്രി പറഞ്ഞു. എംപി മാപ്പ് പറഞ്ഞില്ലെങ്കിൽ പഞ്ചാബ് സർക്കാർ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരിഹാസ്യമായ പരാമർശം നടത്തിയതിന് എംപി മാപ്പ് പറയണമെന്ന് അകാലിദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ ട്വിറ്ററിൽ കുറിച്ചു- "ഭഗത് സിങ്ങിനെ തീവ്രവാദി എന്ന് വിളിച്ചതിലൂടെ നമ്മുടെ ദേശീയ നായകന്‍റെ പരമോന്നത ത്യാഗത്തെ അനാദരിച്ചു" ഹർസിമ്രത് കൗർ ബാദൽ ട്വീറ്റ് ചെയ്തു. മന്നിന്റെ പ്രസ്താവന ലോകമെമ്പാടുമുള്ള സിഖുകാരുടെ പ്രതിച്ഛായയെ ബാധിച്ചെന്ന് അകാലിദൾ തലവനും എംപിയുമായ സുഖ്ബീർ സിങ് ബാദൽ പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സംഗ്രൂർ എംപിയായി സിമ്രൻജിത് സിങ് മൻ തെരഞ്ഞെടുക്കപ്പെട്ടത്. തന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം വിഘടനവാദി നേതാവ് ജർണയിൽ സിങ് ഭിന്ദ്രൻവാലയാണെന്ന് മന്‍ നേരത്തെ പറയുകയുണ്ടായി.



TAGS :

Next Story