Quantcast

ലോട്ടറി രാജാവ് ഇലക്ടറല്‍ ബോണ്ടിലും 'കിങ്‌'; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് സാന്റിയാഗോ മാര്‍ട്ടിന്‍

2019 ഏപ്രില്‍ 12 മുതല്‍ 2024 ജനുവരി 24 വരെ 1368 കോടി രൂപയാണ് ഈ സ്ഥാപനം ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവനയായി നല്‍കിയത്

MediaOne Logo

Web Desk

  • Updated:

    2024-03-15 08:32:00.0

Published:

15 March 2024 7:33 AM GMT

Santiago Martin
X

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ശ്രദ്ധിക്കപ്പെട്ട പേരാണ് ഫ്യൂച്ചര്‍ ഗേമിങ് ആന്റ് ഹോട്ടല്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്റേത്. കോയമ്പത്തൂര്‍ ആസ്ഥാനമായ ഫ്യൂച്ചര്‍ ഗേമിങ് ആന്റ് ഹോട്ടല്‍ സര്‍വീസസാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ഏറ്റവും കൂടുതല്‍ തുക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയ സ്ഥാപനം.

2019 ഏപ്രില്‍ 12 മുതല്‍ 2024 ജനുവരി 24 വരെ 1368 കോടി രൂപയാണ് ഈ സ്ഥാപനം ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവനയായി നല്‍കിയത്. 1991ല്‍ സ്ഥാപിച്ച ഫ്യൂച്ചര്‍ ഗേമിങ് ആന്റ് ഹോട്ടല്‍ സര്‍വീസസ് ആദ്യം അറിയപ്പെട്ടിരുന്നത് മാര്‍ട്ടിന്‍ ലോട്ടറി എജന്‍സീസ് ലിമിറ്റഡ് എന്നാണ്. 'ഇന്ത്യന്‍ ലോട്ടറിയുടെ രാജാവ്' എന്നറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിനാണ് ഉടമ.

13ാം വയസില്‍ ലോട്ടറി വില്‍പനയിലേക്ക് ഇറങ്ങി പിന്നീട് ഇന്ത്യന്‍ ലോട്ടറി രംഗത്ത് വലിയ സാന്നിധ്യമായി. ഇന്ത്യയിലുടനീളമുള്ള ലോട്ടറികള്‍ വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും വിപുലമായ വിപണന ശൃംഖല വികസിപ്പിക്കാനും സുരക്ഷിതമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നുമാണ് സ്ഥാപനം മാര്‍ട്ടിനെ കുറിച്ച് വെബ്‌സൈറ്റില്‍ പറയുന്നത്.

മ്യാന്മറില്‍നിന്നും മടങ്ങി വന്നശേഷം 1988 ലാണ് മാര്‍ട്ടിന്‍ കോയമ്പത്തൂരില്‍ മാര്‍ട്ടി ലോട്ടറി ഏജന്‍സീസ് എന്ന പേരില്‍ ലോട്ടറി ബിസിനസ് തുടങ്ങിയത്. അതില്‍ നിന്നാണ് മാര്‍ട്ടിന്‍ ലോട്ടറി മാര്‍ട്ടിനാവുന്നതും എല്ലാത്തിനും തുടക്കം കുറിക്കുന്നതും. കോയമ്പത്തൂര്‍ മാത്രമായിരുന്നില്ല മാര്‍ട്ടിന്റെ തട്ടകം. കര്‍ണാടക, കേരളം, പഞ്ചാബ്, മേഘാലയ, സിക്കിം, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും പടര്‍ന്ന് പന്തലിച്ചു. ലോട്ടറികളില്‍ പ്രതീക്ഷയും സ്വപ്‌നവും അര്‍പ്പിച്ച അനേകം സാധാരണക്കാരുടെ പണത്തില്‍ മാര്‍ട്ടിന്‍ സ്വന്തം സ്വപ്‌നം കെട്ടിപ്പടുത്തു. തമിഴ് രാഷ്ട്രീയത്തില്‍ ബന്ധങ്ങളുണ്ടായിരുന്ന മാര്‍ട്ടിന്‍ സിനിമയും നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതിയിലെ ആദ്യ സ്വകാര്യ സര്‍വീസിന് കരാര്‍ ലഭിച്ചതും മാര്‍ട്ടിന്റെ കമ്പനിക്കായിരുന്നു.

തങ്ങള്‍ വഴി വിതരണം ചെയ്യുന്ന ലോട്ടറികള്‍ക്കായി വിവിധ സര്‍ക്കാരുകള്‍ നടത്തുന്ന നറുക്കെടുപ്പുകള്‍ ടിവിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ സൗകര്യമൊരുക്കിയ ഇന്ത്യയിലെ ആദ്യത്തെ ലോട്ടറി കമ്പനിയാണ് ഫ്യൂച്ചര്‍ ഗെയിമിംഗ്. ഏഷ്യ പസഫിക് ലോട്ടറി അസോസിയേഷനില്‍ അംഗമാണ് ഫ്യൂച്ചര്‍ ഗെയിമിങ്. കൂടാതെ 2001 മുതല്‍ ലോക ലോട്ടറി അസോസിയേഷനിലും അംഗമാണ് ഈ സ്ഥാപനം. മാര്‍ട്ടിന്‍ ലൈബീരിയയുടെ കോണ്‍സല്‍ ജനറല്‍ കൂടിയായിരുന്നുവെന്നും അവിടെ അദ്ദേഹം ഒരു ലോട്ടറി വ്യവസായം സ്ഥാപിച്ചതായും സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ലോട്ടറി ട്രേഡ് ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

എന്നാല്‍ പലപ്പോഴായി പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവന്ന പശ്ചാത്തലമുണ്ട് മാര്‍ട്ടിന്. കേരളത്തില്‍ സിക്കിം സര്‍ക്കാരിന്റെ ലോട്ടറി വിറ്റതും കള്ളപ്പണം വെളുപ്പിക്കല്‍, നികുതി തട്ടിപ്പ്, സാമ്പത്തിക ക്രമക്കേട് എന്നിങ്ങനെ പലകേസുകളുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിട്ടു. സിക്കിം സര്‍ക്കാരിന് സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ 2023 മേയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം സാന്റിയാഗോ മാര്‍ട്ടിന്റെ 457 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.

TAGS :

Next Story