Quantcast

സത്യേന്ദർ ജയിലിൽ ദർബാർ നടത്തുന്നു; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ബി.ജെ.പി

സന്ദര്‍ശന സമയം കഴിഞ്ഞാണ് ജയില്‍ സൂപ്രണ്ട് സത്യേന്ദറിന്‍റെ സെല്ലിനുള്ളില്‍ പ്രവേശിക്കുന്നത്

MediaOne Logo

Web Desk

  • Published:

    26 Nov 2022 4:39 AM GMT

സത്യേന്ദർ ജയിലിൽ ദർബാർ നടത്തുന്നു;  പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ബി.ജെ.പി
X

ഡൽഹി: ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ ജയിൽ സൂപ്രണ്ട് തിഹാർ ജയിലിലെ സെല്ലിൽ എത്തി കാണുന്ന വീഡിയോ പുറത്ത്. ബി.ജെ.പിയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടത് . സത്യേന്ദർ ജെയിൻ ജയിലിൽ ദർബാർ നടത്തുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

സന്ദര്‍ശന സമയം കഴിഞ്ഞാണ് ജയില്‍ സൂപ്രണ്ട് സത്യേന്ദറിന്‍റെ സെല്ലിനുള്ളില്‍ പ്രവേശിക്കുന്നത്. ഈ സമയത്ത് നിരവധിയാളുകളെയും സെല്ലില്‍ കാണാം. സെപ്തംബര്‍ മുതലുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ജെയിന് വി.ഐ.പി പരിഗണന നല്‍കിയെന്നാരോപിച്ച് തിഹാര്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

സത്യേന്ദറിന് ജയിലില്‍ വി.ഐ.പി പരിഗണന ലഭിക്കുന്ന നിരവധി വീഡിയോകളാണ് ബി.ജെ.പി പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ജയിലില്‍ മന്ത്രിയെ മസാജ് ചെയ്യുന്ന വീഡിയോയും റിലീസ് ചെയ്തിരുന്നു. മസാജ് ചെയ്തത് ഫിസിയോതെറാപ്പിസ്റ്റ് അല്ലെന്നും ബലാത്സംഗക്കേസിലെ പ്രതിയാണെന്നും ജയിലുമായി ബന്ധപ്പെട്ടവര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. ജയിലില്‍ കഴിയുന്ന മന്ത്രി തിഹാര്‍ ജയിലില്‍ ഇഷ്ടഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോ ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല പങ്കുവച്ചിരുന്നു. എന്നാല്‍ ജെയിന് തിഹാര്‍ ജയിലില്‍ പ്രത്യേക ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

കഴിഞ്ഞ മേയ് 30നാണ് സത്യേന്ദറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. 2015-16 കാലത്ത് സത്യേന്ദര്‍ ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സത്യേന്ദ്ര ജെയ്നെ അന്നു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജെയ്ന്‍റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്യുകയും ഇത് പിന്നീട് കൊല്‍ക്കത്തെ ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറുകയും അതുപയോഗിച്ച് ഭൂമി വാങ്ങുകയും അതുപോലെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്‍റെ വായ്പാ തുക തിരിച്ചടയ്ക്കാനും വിനിയോഗിച്ചതായാണ് കണ്ടെത്തല്‍. നേരത്തെ ജെയ്ന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.

TAGS :

Next Story