Quantcast

സുഡാനിൽ നിന്നെത്തിയ കുഞ്ഞിനെ മാറോടു ചേർത്ത് സൗദി വനിതാ സൈനിക- വൈറൽ വീഡിയോ

അല്‍ ഇഖ്ബാരിയ്യ ടിവിയാണ് ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്

MediaOne Logo

Web Desk

  • Published:

    27 April 2023 8:14 AM GMT

saudi military
X

ദുരന്തമുഖത്തു നിന്നുള്ള ചില കാഴ്ചകൾ കണ്ണിൽനിന്നു മായാറില്ല. സങ്കടമായോ സന്തോഷമായോ അവ ഏറെക്കാലം ഹൃദയങ്ങളിലുണ്ടാകും. അങ്ങനെയൊരു സന്തോഷക്കാഴ്ചയ്ക്ക് വേദിയായി സൗദിയിലെ ജിദ്ദ ഇസ്‌ലാമിക് പോർട്ട്. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്നെത്തിയ സംഘത്തിലെ പിഞ്ചു കുഞ്ഞിനെ മാറോടു ചേർത്തുപിടിച്ച സൗദി സൈനിക ഉദ്യോഗസ്ഥയുടെ വാത്സല്യമാണ് ലോകശ്രദ്ധ നേടിയത്.

അല്‍ ഇഖ്ബാരിയ്യ ടിവി പങ്കുവച്ച ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ട് അറബ് ലോകത്ത് വൈറലായി. ഉറങ്ങുന്ന കുഞ്ഞിനെ ഇരുകൈകൾ കൊണ്ടും നെഞ്ചോടു ചേർത്തുപിടിച്ചാണ് പരമ്പരാഗത സൈനിക യൂണിഫോം അണിഞ്ഞ ഉദ്യോഗസ്ഥ ബോട്ടിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നത്.

ബുധനാഴ്ച ജിദ്ദയിലെത്തിയ കപ്പലിൽ അമ്പതിലേറെ രാഷ്ട്രങ്ങളിൽനിന്നുള്ള 1687 സിവിലയന്മാരാണ് ഉണ്ടായിരുന്നത്. പോർട് സുഡാനിൽനിന്നാണ് കപ്പൽ ജിദ്ദയിലെ തുറമുഖത്തെത്തിയത്.



വ്യാഴാഴ്ച വരെ 62 രാഷ്ട്രങ്ങളിൽനിന്നുള്ള 2148 പേരെയാണ് ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സുഡാനിൽനിന്ന് സൗദി വിജയകരമായി ഒഴിപ്പിച്ചത്. ഇതിൽ 114 പേർ സൗദികളാണ്. സുഡാനിലെ സൗദിയുടെ രക്ഷാദൗത്യത്തെ പ്രകീർത്തിച്ച് യുകെ അടക്കമുള്ള രാഷ്ട്രങ്ങൾ രംഗത്തെത്തി.

സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതും തുടരുകയാണ്. ഇതുവരെ അറുനൂറോളം ഇന്ത്യക്കാരെ സുരക്ഷിത സ്ഥലത്തെത്തിച്ചു. ഓപറേഷൻ കാവേരി എന്നു പേരിട്ട ഒഴിപ്പിക്കൽ ജിദ്ദ വഴിയാണ് പുരോഗമിക്കുന്നത്. നടപടികൾ ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലുണ്ട്.






TAGS :

Next Story