Quantcast

സമ്പത്തും കൊട്ടാരവും നഷ്ടപ്പെടുമെന്ന് ഭയന്നാണ് ജ്യോതിരാദിത്യ സിന്ധ്യ ആര്‍എസ്എസിലേക്ക് പോയത്: രാഹുല്‍ ഗാന്ധി

കോൺഗ്രസ് ചിഹ്നമായ കൈപ്പത്തി ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി പറഞ്ഞത് ഭയപ്പെടരുത് എന്നാണ്

MediaOne Logo

Web Desk

  • Updated:

    2021-07-17 06:36:36.0

Published:

17 July 2021 6:31 AM GMT

സമ്പത്തും കൊട്ടാരവും നഷ്ടപ്പെടുമെന്ന് ഭയന്നാണ് ജ്യോതിരാദിത്യ സിന്ധ്യ ആര്‍എസ്എസിലേക്ക് പോയത്: രാഹുല്‍ ഗാന്ധി
X

സമ്പത്തും കൊട്ടാരവും നഷ്ടപ്പെടുമെന്ന് ഭയന്നാണ് ജ്യോതിരാദിത്യ സിന്ധ്യ ആര്‍എസ്എസിലേക്ക് പോയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭയപ്പെടുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗവുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്‍റെ പരാമര്‍ശം.

കോൺഗ്രസ് ചിഹ്നമായ കൈപ്പത്തി ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി പറഞ്ഞത് ഭയപ്പെടരുത് എന്നാണ്- "നിങ്ങളെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും ധാരാളം ശ്രമങ്ങൾ ഉണ്ടാകും. പക്ഷേ ഈ ചിഹ്നം ഓർമിക്കുക, നിങ്ങൾക്ക് ഭയപ്പെടാനാവില്ലെന്ന് ഓർക്കുക. കോൺഗ്രസ്‌ ഇന്ത്യയെന്ന ആശയത്തെ മുഴുവനായും ഉൾക്കൊള്ളുന്ന ഒരൊറ്റ കുടുംബമാണ്. ബിജെപിക്ക് അധികാരം മാത്രമാണ് ഉള്ളത്. ഭയമുള്ളവർ തത്കാലികമായി അവരുടെ സ്വന്തം എന്ന് കരുതുന്ന എന്തൊക്കെയോ സംരക്ഷിക്കാൻ വേണ്ടി ബിജെപിയിലേക്ക് പോകുന്നു. ജ്യോതിരാദിത്യ സിന്ധ്യ പോലും അങ്ങനെ ഭയന്ന് പോയതാണ്. ഭയമുള്ളവർക്ക് എങ്ങനെ മറ്റുള്ളവരെ സംരക്ഷിക്കാനാകും? ഞാൻ ഭയക്കുന്ന അന്ന് മുതൽ കോൺഗ്രസ്സുകാരൻ അല്ലാതാകും. ഭയക്കുന്നവരെയും ആര്‍എസ്എസിന്‍റെ ആശയധാരകൾ പിന്‍പറ്റുന്നവരെയും കോൺഗ്രസിൽ വേണ്ടാ. കാരണം അവരുടെ ആശയങ്ങൾ വിഭാഗീയതയുടേതാണ്. ഇന്ത്യ എന്ന ശരിയായ ആശയത്തിൽ അവർക്ക് ഇതുവരെ ചിന്തിക്കാൻ പോലും കഴിഞ്ഞിട്ടില്ല. മഹാത്മാഗാന്ധിയെ ലോകജനതക്കറിയാം, നെൽസൺ മണ്ടേല പോലും മഹാത്മാഗാന്ധിയുടെ പാത പിന്തുടർന്നാണ് ദക്ഷിണാഫ്രിക്കയെ സ്വതന്ത്രയാക്കാന്‍ ശ്രമിച്ചത്. ആര്‍എസ്എസിന് ആരാണ് ലോകജനതയ്ക്ക് മുന്നിൽ മാതൃകയായി വെയ്ക്കാനുള്ളത്. സവർക്കറോ? അതോ ഗോൾവാള്‍ക്കറോ?"

ഏകദേശം 3500 കോണ്‍ഗ്രസ് പ്രവര്‍ത്തകരോടാണ് രാഹുല്‍ സംവദിച്ചത്. ആർഎസ്എസിന്‍റെ ആശയം കൊണ്ടുനടക്കുന്നവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഇടമല്ല കോണ്‍ഗ്രസ് പാര്‍ട്ടി. ആര്‍എസ്എസിനെ ഭയപ്പെടുന്നവരെയും കോണ്‍ഗ്രസിന് ആവശ്യമില്ല. ബിജെപിയെ എതിര്‍ക്കുന്ന, എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഭാഗമല്ലാത്ത നിരവധി പേര്‍ പുറത്തുണ്ട്. അവര്‍ ആരെയും ഭയക്കുന്നില്ല. പക്ഷേ അവര്‍ കോണ്‍ഗ്രസിനു പുറത്താണ്. അവര്‍ നമ്മുടെ ആളുകളാണ്. അവരെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരണമെന്നും രാഹുല്‍‌ ആവശ്യപ്പെട്ടു.

"എന്നോട് സംസാരിക്കാന്‍ നിങ്ങള്‍ ഭയക്കേണ്ട കാര്യമില്ല. നിങ്ങള്‍ എന്‍റെ കുടുംബത്തിന്‍റെ ഭാഗമാണ്. നിങ്ങള്‍ നിങ്ങളുടെ സഹോദരോനാടാണ് സംസാരിക്കുന്നത്"- രാഹുല്‍ പറഞ്ഞു.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന സിന്ധ്യയെ ഇതിനു മുന്‍പും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനൊപ്പം തുടര്‍ന്നിരുന്നെങ്കില്‍ സിന്ധ്യ മുഖ്യമന്ത്രി ആവുമായിരുന്നു. ബിജെപിയിലെത്തിയ അദ്ദേഹത്തിന്‍റെ സ്ഥാനം അവസാന ബെഞ്ചിലാണെന്നാണ് രാഹുല്‍ നേരത്തെ പറഞ്ഞത്. ഇതിന് ജ്യോതിരാദിത്യ സിന്ധ്യ മറുപടി നല്‍കി- "ഞാൻ കോൺഗ്രസിൽ ആയിരുന്നപ്പോൾ രാഹുൽ ഗാന്ധി ഇതുപോലെ ശ്രദ്ധാലുവായിരുന്നുവെങ്കിൽ കാര്യങ്ങൾ മറ്റൊന്നാകുമായിരുന്നു". 19 വർഷത്തിലേറെ കോൺഗ്രസ് നേതാവായിരുന്ന സിന്ധ്യ, 2020 മാര്‍ച്ചിലാണ് പാര്‍ട്ടി വിട്ടത്. തന്നെ പിന്തുണയ്ക്കുന്ന 20 എംഎല്‍എമാര്‍ക്കൊപ്പമാണ് ബിജെപിയിലെത്തിയത്. ഇതോടെ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ വീണു. ബിജെപി ഭരണത്തില്‍ തിരിച്ചെത്തുകയും ചെയ്തു.

കോണ്‍ഗ്രസില്‍ സമൂലമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച, ജി 23 എന്ന് അറിയപ്പെടുന്ന തിരുത്തല്‍വാദി നേതാക്കള്‍ക്കുള്ള മറുപടിയാണ് രാഹുല്‍ ഗാന്ധി നല്‍കിയതെന്ന് വിലയിരുത്തപ്പെടുന്നു. അതോടൊപ്പം രാഹുല്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ പോലുള്ളവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രശാന്ത് കിഷോര്‍ ഇതിനകം സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്.

TAGS :

Next Story